‘ജയ് കെ എസ് ആര്‍ ടി സി’ വിളികളുമായി തച്ചങ്കരി

Posted on: April 27, 2018 6:02 am | Last updated: April 26, 2018 at 11:49 pm
കണ്ണൂരില്‍ സംവാദ സദസ്സിനു ശേഷം കെ എസ് ആര്‍ ടി സി ജീവനക്കാരോട് വിശേഷങ്ങള്‍ ചോദിച്ചറിയുന്ന ടോമിന്‍ ജെ തച്ചങ്കരി

കണ്ണൂര്‍: കെ എസ് ആര്‍ ടി സിയെ നഷ്ടത്തില്‍ നിന്ന് കരകയറ്റാനൊരുങ്ങി പുതിയ എം ഡി. ടോമിന്‍ ജെ തച്ചങ്കരി. സംസ്ഥാനത്തെ പ്രധാനപ്പെട്ട കെ എസ് ആര്‍ ടി സി ആസ്ഥാനങ്ങളില്‍ സന്ദര്‍ശനം നടത്തി പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനാണ് തച്ചങ്കരിയുടെ പ്രഥമ പദ്ധതി. ഡിപ്പോകളില്‍ ജീവനക്കാരെ വിളിച്ചുവരുത്തി സംവാദ സദസ്സും സംഘടിപ്പിക്കുന്നുണ്ട്. സംസ്ഥാനത്തുടനീളമുള്ള ഡിപ്പോകളില്‍ അടിസ്ഥാന പ്രശ്‌നങ്ങള്‍ നിരവധിയുണ്ടെന്ന് മനസ്സിലായിട്ടുണ്ട്. എന്നാല്‍, പ്രഥമ പരിഗണന വരുമാനം വര്‍ധിപ്പിക്കുന്നതിനും കട്ടപ്പുറത്തുള്ള ബസുകളെ പുനരുജ്ജീവിപ്പിക്കുന്നതിനുമാണെന്ന് കണ്ണൂരില്‍ കെ എസ് ആര്‍ ടി സി ജീവനക്കാരുമായി സംവദിക്കുന്നതിനിടെ തച്ചങ്കരി പറഞ്ഞു. കാലങ്ങളായി കെ എസ് ആര്‍ ടി സിയില്‍ തുടരുന്ന സമ്പ്രദായങ്ങള്‍ തിരുത്തപ്പെട്ടാല്‍ മാത്രമേ ഈ പ്രസ്ഥാനം കരകയറുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.

ജീവനക്കാരും മാനേജ്‌മെന്റും കൈകോര്‍ത്തുള്ള നീക്കത്തിലൂടെ മാത്രമേ ഇത് വിജയിപ്പിച്ചെടുക്കാനാവുകയുള്ളൂ. ബസില്‍ കയറുന്ന യാത്രക്കാരന് എന്ത് കിട്ടുന്നുവെന്ന ചിന്തക്ക് പ്രഥമ പരിഗണന വേണം. ഇപ്പോള്‍ തൊഴിലാളിക്ക് എന്ത് കിട്ടുന്നുവെന്ന ചര്‍ച്ച മാത്രമാണ് നടക്കുന്നത്. പകരം കെ എസ് ആര്‍ ടി സി വിജയിച്ചാലേ തൊഴിലാളിക്കും എന്തെങ്കിലും കിട്ടൂവെന്ന ചിന്തയിലേക്ക് ഓരോ ജീവനക്കാരനും മാറണമെന്ന് തച്ചങ്കരി ഓര്‍മപ്പെടുത്തി. കെ എസ് ആര്‍ ടി സി കരകയറണമെങ്കില്‍ ജീവനക്കാരുടെ തൊഴില്‍ സംസ്‌കാരത്തില്‍ മാറ്റം വരുത്തണം. അല്ലെങ്കില്‍ ഈ സ്ഥാപനം അടച്ചുപൂട്ടുകയാണ് നല്ലത്. നഷ്ടം നികത്താന്‍ ജീവനക്കാരുടെ സേവന-വേതന വ്യവസ്ഥകളിലും മാറ്റം വരുത്തേണ്ടതുണ്ട്. കെ എസ് ആര്‍ ടി സിയില്‍ ജോലി കിട്ടിയവരില്‍ ധാരാളം പേര്‍ താത്കാലിക അവധിയെടുത്ത് വിദേശത്ത് ജോലി ചെയ്യുന്ന സാഹചര്യമുണ്ട്. പണിയെടുത്താലും ഇല്ലെങ്കിലും ശമ്പളം കിട്ടുമെന്ന ചിന്താഗതിയാണ് പലര്‍ക്കും. ജീവനക്കാരില്‍ മുപ്പത് ശതമാനത്തോളം പേര്‍ ഈ പണിക്ക് പറ്റാത്തവരാണെന്നാണ് എന്റെ അഭിപ്രായം. ഏതായാലും കെ എസ് ആര്‍ ടി സിയെ രക്ഷിക്കണമെന്ന ദൃഢനിശ്ചയത്തിലാണ് താന്‍. അതിന് നേതൃത്വത്തിനൊപ്പം നില്‍ക്കാന്‍ ജീവനക്കാര്‍ തയ്യാറാകണം- തച്ചങ്കരി പറഞ്ഞു.

ഓരോ ജില്ലയിലും ജീവനക്കാരോടൊത്ത് സംഘടിപ്പിക്കുന്ന സംവാദ സദസ്സിന്റെ അവസാനം ടോമിന്‍ തച്ചങ്കരി ഉയര്‍ത്തുന്ന മുദ്രാവാക്യം ജയ് കേരള, ജയ് കെ എസ് ആര്‍ ടി സി എന്നതാണ്. കണ്ണൂരില്‍ ജീവനക്കാരുമായുള്ള സംവാദ സദസ്സിന്റെ അവസാനം തച്ചങ്കരി വിളിച്ചുകൊടുത്ത ഈ മുദ്രാവാക്യം തൊഴിലാളികള്‍ ഏറ്റുചൊല്ലി.

ഇന്നലെ കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ കെ എസ് ആര്‍ ടി സി ആസ്ഥാനങ്ങളിലാണ് തച്ചങ്കരി പര്യടനം നടത്തിയത്. ഇന്ന് തൃശൂര്‍, പാലക്കാട് ജില്ലകളില്‍ സന്ദര്‍ശനം നടത്തും.