ഇടയനില്ലാത്ത ആട്ടിന്‍പറ്റം

''നീ നേതൃസ്ഥാനം ചോദിച്ചുവാങ്ങരുത്. ചോദിക്കാതെ നിന്റെ മേല്‍ നേതൃപദവി ഏല്‍പ്പിക്കപ്പെട്ടാല്‍ നിനക്ക് അല്ലാഹുവിന്റെ സഹായമുണ്ടാകും. ചോദിച്ചു നേതൃസ്ഥാനം നേടിയെടുത്താല്‍ അല്ലാഹു കൈവിടും''
Posted on: April 27, 2018 6:00 am | Last updated: April 26, 2018 at 11:06 pm
SHARE

ഏതൊരു സമുദായവും പക്വതയുള്ള ഒരു നേതൃത്വത്തിന് കീഴിലായിരിക്കണം ജീവിക്കേണ്ടത്. അറിവും നേതൃപാഠവവുമുള്ള, സാഹചര്യങ്ങളെ സംബന്ധിച്ച കൃത്യമായ അവബോധമുള്ള നേതൃത്വത്തിന്റെ നിയന്ത്രണമില്ലെങ്കില്‍ ആ ജനത അനുബന്ധത്തിന്റെ നീര്‍ചുഴിയില്‍ ചെന്ന് ചാടുമെന്ന് തീര്‍ച്ച.

നേതൃത്വത്തിന്റെ ആവശ്യകതയും അവരെ അനുസരിക്കുന്നതിന്റെ അനിവാര്യതയും കൃത്യമായി പഠിപ്പിച്ച മതമാണ് ഇസ്‌ലാം. ഇസ്‌ലാമിലെ മുഖ്യ ആരാധനാ കര്‍മങ്ങള്‍ പോലും ഒരു നേതാവിന്റെ പിന്നില്‍ അണിനിരന്ന് നിര്‍വഹിക്കാനാണ് കല്‍പ്പിക്കപ്പെട്ടിട്ടുള്ളത്. സംഘടിത നിസ്‌കാരത്തിന് ഒരു നേതൃത്വമുണ്ട്. ആ ഇമാമിനെ മറികടന്ന് ആരും മുന്നോട്ട് പോകാന്‍ പാടില്ല. ഒരു ദിവസം അഞ്ച് നേരം സംഘടിതമായി നിസ്‌കരിക്കുന്നയാളോട് കൂടുതല്‍ വിശദീകരിക്കേണ്ടതില്ല. നേതൃത്വത്തെ അംഗീകരിക്കുന്നതിനുള്ള ഒന്നാം തരം പരിശീലനമാണിത്.

മൂന്ന് പേര്‍ യാത്ര പോകുമ്പോള്‍ അതില്‍ ഒരാളെ അമീറാക്കി (നേതാവ്) നിശ്ചയിക്കണമെന്നാണ് നബി(സ)യുടെ കല്‍പ്പന. ഒരു ചെറു സംഘം പോലും നേതാവില്ലാതെ നീങ്ങിയാല്‍ വരാന്‍ പോകുന്ന വിപത്തുകളെ കുറിച്ച് മനസ്സിലാക്കിക്കൊണ്ട് തന്നെയാണീ കല്‍പ്പന. ഹജ്ജ് കര്‍മത്തിന് നായകത്വം വഹിക്കാന്‍ ഓരോ വര്‍ഷവും നബി(സ) അമീറുമാരെ നിശ്ചയിക്കാറുണ്ടായിരുന്നു. വ്യവസ്ഥാപിത കുടുംബ സംവിധാനത്തിന് തുടക്കം കുറിക്കുന്ന നികാഹിന് പോലും ഒരു പണ്ഡിതന്റെ നേതൃത്വം സ്വീകരിക്കുന്ന സംസ്‌കാരമാണ് പാരമ്പര്യ ഇസ്‌ലാമിനുള്ളത്.

ഇസ്‌ലാമില്‍ അവാന്തര വിഭാഗങ്ങളുണ്ടാക്കിയ ഒരു വലിയ മുസീബത്താണ് നേതൃത്വത്തെ ധിക്കരിക്കുക എന്ന ചിന്ത. നബി(സ)യെ പോലും നിരുപാധികം അംഗീകരിക്കാന്‍ ഇവര്‍ ഒരുക്കമല്ല. സ്വഹാബത്തും മുസ്‌ലിം അഇമ്മത്തും മതമായി പഠിപ്പിച്ചതിനെ വീണ്ടും പുനരാലോചന നടത്തി പൊളിച്ചെഴുതുകയാണവര്‍. മുസ്‌ലിം പണ്ഡിത നേതൃത്വത്തെ പുരോഹിതന്മാര്‍ എന്ന് വിളിച്ച് ആക്ഷേപിക്കുകയും അവരുടെ നിയന്ത്രണത്തില്‍ നിന്നും വേലി പൊളിച്ച് പുറത്ത് ചാടൂ എന്ന് ആക്രോശിക്കുകയുമായിരുന്നു ഇക്കാലമത്രയും വഹാബികളും മൗദൂദികളുമടക്കമുള്ള മതനവീകരണ വാദികള്‍.

ഇങ്ങനെ രൂപപ്പെട്ട ഒരു ധിക്കാരത്തിന്റെ മനസ്സുമായാണ് ചിലരെങ്കിലും ഇപ്പോള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്. ”നേതൃത്വത്തിന് ഉശിര് പോരാ, അവര്‍ക്ക് ഭയമാണ്, അവര്‍ സംഘ്പരിവാറിന്റെ വലയിലാണ്” എന്നൊക്കെ പറയുന്നവര്‍ ഇന്ന് വര്‍ധിച്ചുവരികയാണ്. ഇത്തരക്കാര്‍ക്ക് ഒന്നാം തരം പാഠമാണ് അപ്രഖ്യാപിത ഹര്‍ത്താലും അനുബന്ധ അറസ്റ്റും നടപടികളുമെല്ലാം.

നേതൃത്വത്തെ ധിക്കരിക്കുന്ന ഒരു വിഭാഗത്തെ ബിദ്അത്തുകാര്‍ വളര്‍ത്തിക്കൊണ്ടുവന്നു. അവരെയാണ് വര്‍ഗീയത വളമാക്കി രാഷ്ട്രീയ ശക്തിയാകാന്‍ ശ്രമിക്കുന്നവര്‍ ഉപയോഗപ്പെടുത്തിയത്. എന്നാല്‍, തങ്ങള്‍ അച്ചടക്കമുള്ള അണികളല്ലെന്നും ഒരു തരം വികാര ജീവികളാണെന്നും വാട്‌സാപ്പിനെ ഇമാമാക്കുക വഴി ഇവര്‍ തെളിയിച്ചിരിക്കുകയാണ്. ”തീന്‍ മേശയില്‍ വെച്ച ഭക്ഷണത്തളികയിലേക്ക് ചുറ്റുമുള്ളവര്‍ കൈ നീട്ടുന്നതുപോലെ എന്റെ സമുദായത്തിന് നേരെ മറ്റുള്ളവര്‍ കൈ നീട്ടുന്ന കാലം വരുമെന്ന് നബി(സ) പറഞ്ഞപ്പോള്‍, അത് അവരുടെ എണ്ണത്തില്‍ കുറവ് കൊണ്ടായിരിക്കുമോ എന്ന് ചോദിച്ചവരോട് നബി പറഞ്ഞ മറുപടി ഇതായിരുന്നു: അല്ല, എണ്ണം കുറവായതുകൊണ്ടല്ല. മറിച്ച് അന്നവര്‍ ഒലിപ്പു വെള്ളത്തിലെ ചണ്ടികളെ പോലെയായിരിക്കും എന്നായിരുന്നു.

എത്ര ശരിയാണിത്. സമുദായത്തിന്റെ സമുന്നത നേതൃത്വത്തിലുള്ളവര്‍ കശ്മീര്‍ പെണ്‍കുട്ടി അക്രമിക്കപ്പെട്ട വിഷയത്തില്‍ പക്വതയോടെ പ്രതികരിക്കുകയും എല്ലാ വിഭാഗം ജനങ്ങളുടെയും സഹതാപവും പിന്തുണയും നേടിയെടുക്കുകയും ചെയ്തപ്പോള്‍, നേതൃത്വത്തെ ധിക്കരിക്കാന്‍ പരിശീലിക്കപ്പെട്ടവര്‍ ശത്രുക്കളുടെ കുതന്ത്രങ്ങളില്‍ അകപ്പെട്ടുപോയി. ഇത് തന്നെയാണ് ഒലിപ്പു വെള്ളത്തിലെ ചപ്പുചവറുകളുടെ സ്വഭാവവും. ഒഴുക്കിനൊപ്പം അലക്ഷ്യമായി നീങ്ങുക.

നേതൃത്വത്തിനും ചില യോഗ്യതകളൊക്കെ വേണം. അറിവും ദൈവ ഭയവുമാണ് ഒരു ഇസ്‌ലാമിക നേതൃത്വത്തിന്റെ അടിസ്ഥാന യോഗ്യത. ഒപ്പം തികഞ്ഞ ബുദ്ധി കൂര്‍മതയും ഗുണകാംക്ഷയും വേണം. നേതൃമോഹികളെ നേതാവാക്കാന്‍ പറ്റില്ല. നബി(സ) പറഞ്ഞു: ”നീ നേതൃസ്ഥാനം ചോദിച്ചുവാങ്ങരുത്. ചോദിക്കാതെ നിന്റെ മേല്‍ നേതൃപദവി ഏല്‍പ്പിക്കപ്പെട്ടാല്‍ നിനക്ക് അല്ലാഹുവിന്റെ സഹായമുണ്ടാകും. ചോദിച്ചു നേതൃസ്ഥാനം നേടിയെടുത്താല്‍ അല്ലാഹു കൈവിടും”

നമ്മുടെ രാഷ്ട്രീയ നേതൃത്വത്തെ നിരീക്ഷിച്ചാല്‍ കുതന്ത്രങ്ങളും കുതികാല്‍ വെട്ടും നടത്തി നേതൃസ്ഥാനം പിടിച്ചെടുത്തവരായിരിക്കും വലിയൊരു ശതമാനവും. ഇവര്‍ക്കൊന്നും സമുദായത്തെ നേര്‍വഴിക്ക് നടത്താന്‍ കഴിയില്ല. ഇത്തരം നേതാക്കളും ഒരു തരം അക്രമവാസനയുള്ള അണികളെയാണ് സൃഷ്ടിച്ചുവിടുന്നത്. ഒരു പാര്‍ട്ടി ഓഫീസ് തകര്‍ക്കപ്പെട്ടപ്പോള്‍ ഹര്‍ത്താല്‍ എന്ന പേരില്‍ ബന്ദ് നടത്തുകയും ജനങ്ങളുടെ സഞ്ചാര, തൊഴില്‍ സ്വാതന്ത്ര്യം തടഞ്ഞ് അണികളെ തെരുവിലിറക്കുകയും ചെയ്തത് ഈയടുത്താണ്. അതേ അണികള്‍ ചോദിക്കുന്നു, ഒരു ഓഫീസ് തകര്‍ത്തതിലും വലിയ പ്രശ്‌നമല്ലേ കത്വയില്‍ നടന്നത്? എന്തുകൊണ്ട് ഇതിന് വേണ്ടി ഹര്‍ത്താല്‍ നടത്തുന്നില്ല, ഇത് നേതൃത്വത്തിന്റെ ഭീരുത്വമല്ലേ? ഇതുകൊണ്ട് തന്നെയാണ് സമുദായ പാര്‍ട്ടിയുടെ പ്രവര്‍ത്തകരാണ് അപ്രഖ്യാപിത ഹര്‍ത്താലില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഭൂരിഭാഗവും.
അണികള്‍ക്ക് അച്ചടക്കം പകര്‍ന്നു നല്‍കണം. താത്കാലിക നേട്ടത്തിനായി കയറൂരിവിടരുത്. വളരെ നിസ്സാരമായ ഒരു തിരഞ്ഞെടുപ്പില്‍ വിജയിച്ചപ്പോള്‍ പണ്ഡിതന്മാരുടെ കോലമുണ്ടാക്കി ശവമഞ്ചത്തിലേറ്റി നാടു ചുറ്റുകയും കുഴിവെട്ടി ഖബറക്കടക്കുകയും ചെയ്തിട്ട് പോലും അരുത് ഇത് നമുക്ക് പാടില്ലാത്തതാണ് എന്ന് പറയാന്‍ ഒരൊറ്റ നേതാവുമുണ്ടായിരുന്നില്ല എന്നതൊക്കെ നാമിവിടെ ചേര്‍ത്തുവായിക്കണം.

ഏതായാലും എടുത്തുചാടിയുള്ള നിയമവിരുദ്ധ സമരരീതികളും അറസ്റ്റുമെല്ലാം കണ്ണുതുറപ്പിക്കേണ്ടതുണ്ട് സമുദായത്തെ. നേതാക്കള്‍ ഏത് സമയത്തും നീതിയുടെയും ന്യായത്തിന്റെയും വഴിയില്‍ മാത്രം അണികളെ നയിക്കണം. നേതൃത്വത്തിന്റെ നിര്‍ദേശമില്ലാതെ ചോരത്തിളപ്പ് കാട്ടി ഒന്നിലും ചാടി വീഴാന്‍ അനുയായികളും ശ്രമിക്കരുത്. ഇടയനില്ലാത്ത ആട്ടിന്‍ പറ്റത്തെ പോലെ നീങ്ങിയാല്‍ ചെന്നായ്ക്കളുടെ വായില്‍ അകപ്പെടുമെന്ന സത്യം വിസ്മരിക്കരുത്.~”ഒരു വിശ്വാസിയെ രണ്ട് തവണ ഒരു മാളത്തില്‍ നിന്ന് പാമ്പ് കടിക്കില്ല” (മുഹമ്മദ് നബി(സ)

LEAVE A REPLY

Please enter your comment!
Please enter your name here