ആണവ കരാര്‍ തിരുത്തിയാല്‍ പിന്മാറുമെന്ന് ഇറാന്‍

Posted on: April 26, 2018 6:30 am | Last updated: April 26, 2018 at 12:33 am

തെഹ്‌റാന്‍: ഇറാനുമായി ഉണ്ടാക്കിയ ആണവ കരാര്‍ തിരുത്തുന്നതിന് അമേരിക്കയും യൂറോപ്യന്‍ സഖ്യകക്ഷികളും ശ്രമം നടത്തുകയാണെന്ന് പ്രസിഡന്റ് ഹസന്‍ റൂഹാനി ആരോപിച്ചു. 2015ലെ കരാര്‍ പരിഷ്‌കരിക്കുമെന്ന് കഴിഞ്ഞ ദിവസം യു എസ്- ഫ്രഞ്ച് മേധാവികള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഏഴ് രാഷ്ട്രങ്ങള്‍ തമ്മില്‍ ഉണ്ടാക്കിയ കരാറില്‍ മാറ്റം വരുത്തുന്നതിന് അമേരിക്കക്കോ സഖ്യകക്ഷികള്‍ക്കോ അവകാശമില്ലെന്ന് റൂഹാനി വ്യക്തമാക്കി.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെറും കച്ചവടക്കാരന്‍ മാത്രമാണ്. അന്താരാഷ്ട്ര കരാര്‍ സംബന്ധിച്ചോ രാഷ്ട്രീയം സംബന്ധിച്ചോ പ്രസ്താവന നടത്താന്‍ അദ്ദേഹത്തിന് ഒരു യോഗ്യതയുമില്ല. രാഷ്ട്രീയത്തില്‍ മാത്രമല്ല, അന്താരാഷ്ട്ര നിയമത്തിലും ട്രംപിന് അറിവില്ലെന്ന് റൂഹാനി തുറന്നടിച്ചു. തിരുത്തല്‍ വരുത്താന്‍ അമേരിക്ക ശ്രമിക്കുകയാണെങ്കില്‍ ആണവ നിര്‍വ്യാപന കരാറില്‍ (എന്‍ പി ടി) നിന്ന് ഇറാന്‍ പിന്മാറുമെന്ന് മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥനും വെളിപ്പെടുത്തി. കരാര്‍ കൊണ്ട് തങ്ങള്‍ക്ക് പ്രയോജനമൊന്നുമില്ലെങ്കില്‍ ഏത് രാജ്യത്തിനും എപ്പോള്‍ വേണമെങ്കിലും പിന്മാറാന്‍ കഴിയുന്ന വിധമാണ് എന്‍ പി ടി തയ്യാറാക്കിയിരിക്കുന്നതെന്ന് ഇറാന്‍ പരമോന്നത ദേശീയ സുരക്ഷാ സമിതി സെക്രട്ടറി അലി ശംഖാനി അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര സുരക്ഷാ ഉച്ചകോടിയില്‍ റഷ്യയിലേക്ക് പുറപ്പെടും മുമ്പ് നടത്തിയ പത്രസമ്മേളനത്തിലാണ് ശംഖാനി നിലപാട് വ്യക്തമാക്കിയത്.

ഔദ്യോഗികമായി ജോയിന്റ് കോംപ്രിഹെന്‍സീവ് പ്ലാന്‍ ഓഫ് ആക്ഷന്‍ (ജെ സി പി ഒ എ) എന്നറിയപ്പെടുന്ന 2016 ജനുവരിയില്‍ നിലവില്‍ വന്ന കരാര്‍ കൊണ്ട് ഇറാന് ഒരു പ്രയോജനവുമില്ല. മാത്രമല്ല, കരാര്‍ നിലവില്‍ വന്നത് മുതല്‍ അമേരിക്ക അതില്‍ തുടര്‍ച്ചയായി പ്രതിബന്ധങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. ഇറാന് ആണവ പദ്ധതികള്‍ പുനരാവിഷ്‌കരിക്കാന്‍ നിഷ്പ്രയാസം കഴിയും. അത്ഭുതപ്പെടുത്തുന്ന നീക്കങ്ങളാകും ഇറാന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുകയെന്നും അലി ശംഖാനി മുന്നറിയിപ്പ് നല്‍കി.