റോഹിംഗ്യന്‍ വിഷയത്തില്‍ യു എസ് ഇടപെടല്‍

    Posted on: April 26, 2018 6:28 am | Last updated: April 26, 2018 at 12:30 am
    അഭയാര്‍ഥി ക്യാമ്പില്‍ ഭക്ഷണത്തിനായി വരി നില്‍ക്കുന്ന റോഹിംഗ്യന്‍ മുസ്‌ലിംകള്‍

    വാഷിംഗ്ടണ്‍: മ്യാന്മറില്‍ ന്യൂനപക്ഷ വിഭാഗമായ റോഹിംഗ്യകള്‍ക്ക് നേരെ ഭരണകൂടം നടത്തുന്ന അതിക്രമങ്ങള്‍ സംബന്ധിച്ച് അമേരിക്ക അന്വേഷണം നടത്തുന്നു. ഇതിന്റെ ഭാഗമായി പ്രത്യേക സംഘം ബംഗ്ലാദേശില്‍ എത്തിയതായി യു എസ് ഔദ്യോഗിക വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ബംഗ്ലാദേശിലെ അഭയാര്‍ഥി ക്യാമ്പുകള്‍ സന്ദര്‍ശിക്കുന്ന ഈ സംഘം ഇതിനകം ആയിരക്കണക്കിന് റോഹിംഗ്യകളുമായി ആശയവിനിമയം നടത്തി. മ്യാന്മറിലെ രഖിനെയില്‍ പോലീസ് വേട്ട രൂക്ഷമായപ്പോള്‍ അവിടെ നിന്ന് ബംഗ്ലാദേശിലേക്ക് പലായനം ചെയ്ത റോഹിംഗ്യകളുടെ എണ്ണം ഏഴ് ലക്ഷത്തോളം വരുമെന്നാണ് കണക്ക്. 2004ല്‍ സുഡാനിലെ ഡര്‍ഫര്‍ മേഖലയില്‍ നടന്ന ഭരണകൂട ഭീകരതക്ക് സമാനമാണ് മ്യാന്മറിലേതുമെന്ന വിലയിരുത്തലാണ് യു എസിന്. അന്ന് സുഡാനെതിരെ സാമ്പത്തിക ഉപരോധത്തിന് പ്രേരിപ്പിച്ച അതേ നടപടിക്രമങ്ങളാണ് അമേരിക്ക മ്യാന്മറിന്റെ കാര്യത്തിലും കൊക്കൊള്ളുക.

    കഴിഞ്ഞ ഏപ്രില്‍, മെയ് മാസങ്ങളിലാണ് യു എസ് സംഘം പ്രധാനമായും റോഹിംഗ്യന്‍ അഭയാര്‍ഥികളെ നേരിട്ട് കണ്ടത്. അന്താരാഷ്ട്ര നിയമത്തിലും ക്രിമിനല്‍ ജസ്റ്റിസിലും പരിചയ സമ്പന്നരായ 20 പേരാണ് സംഘത്തിലുള്ളത്. ഇവര്‍ തയ്യാറാക്കുന്ന റിപ്പോര്‍ട്ട് മെയ് അവസാനമോ ജൂണ്‍ ആദ്യമോ യു എസ് ആഭ്യന്തര വകുപ്പിന് കൈമാറും. ട്രംപ് സര്‍ക്കാര്‍ ഈ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.