Connect with us

Sports

മുഹമ്മദ് സലാഹ്: ഈജിപ്ഷ്യന്‍ കിംഗ് !

Published

|

Last Updated

ലിവര്‍പൂളിനായി പന്ത്രണ്ടാം മിനുട്ടില്‍ ലീഡ് ഗോള്‍ നേടിയ ഈജിപ്ത് സ്‌ട്രൈക്കര്‍ മുഹമ്മദ് സാലയുടെ ആഹ്ലാദം

ലോകഫുട്‌ബോളില്‍ മെസിയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും വര്‍ഷങ്ങളായി കുത്തകയാക്കി വെച്ചിരിക്കുന്ന ഒന്നുണ്ട് – മികച്ച ലോക ഫുട്‌ബോളര്‍ക്കുള്ള ബാലണ്‍ദ്യോര്‍ പുരസ്‌കാരം. മൂന്നാമതൊരാള്‍ക്ക് എത്തിനോക്കാന്‍ പോലും സാധിക്കാത്ത വിധം മികവിന്റെ പാരമ്യത്തിലായിരുന്നു ഇവര്‍. ഇത്തവണയും ഈ ലോകതാരങ്ങള്‍ ഫോമില്‍ തന്നെ. ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ മികവില്‍ റയല്‍ മാഡ്രിഡ് യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ സെമിഫൈനലില്‍ എത്തിയിട്ടുണ്ട്.

മെസിയുടെ ബാഴ്‌സ ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് സെമി കാണാതെ പുറത്തായെങ്കിലും സ്പാനിഷ് ലാ ലിഗ കിരീടം മെസിപ്പടക്കരികിലാണ്. സ്പാനിഷ് കിംഗ്‌സ് കപ്പ് ബാഴ്‌സ സ്വന്തമാക്കിക്കഴിഞ്ഞു. ലോകഫുട്‌ബോളര്‍ പട്ടത്തിന് ഇത്തവണയും ഇവര്‍ മത്സരരംഗത്തുണ്ടാകും.

പക്ഷേ, ഇത്തവണ ഈ സൂപ്പര്‍താരങ്ങള്‍ക്ക് കനത്ത വെല്ലുവിളിയുണ്ടാകും. ലിവര്‍പൂളിന്റെ ഈജിപ്ത് സ്‌ട്രൈക്കര്‍ മുഹമ്മദ് സാല. യുര്‍ഗന്‍ ക്ലോപ്പിന്റെ ചെമ്പടയെ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ സാല കുതിപ്പിക്കുകയാണ്. ഏറ്റവും ഒടുവില്‍, സെമിഫൈനലില്‍ എ എസ് റോമക്കെതിരെ 2-5ന് ലിവര്‍പൂള്‍ ജയിച്ചപ്പോള്‍ സാല മാന്‍ ഓഫ് ദ മാച്ചായിരിക്കുന്നു. രണ്ട് ഗോളുകള്‍ നേടുകയും രണ്ട് ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്താണ് സാല കളിയിലെ കേമന്‍ പട്ടം സ്വന്തമാക്കിയത്.

റോമക്കെതിരെ സാല സീസണിലെ നാല്‍പ്പത്തിമൂന്നാം ഗോള്‍ പൂര്‍ത്തിയാക്കി. റോമക്കെതിരെ ആദ്യ ഗോള്‍ നേടിയ സാലയെ പ്രകീര്‍ത്തിച്ച് ലിവര്‍പൂള്‍ ആരാധകര്‍ ഗാലറിയില്‍ വലിയ ബാനര്‍ ഉയര്‍ത്തി. ഈജിപ്ഷ്യന്‍ കിംഗ് എന്ന് വിശേഷിപ്പിച്ചു കൊണ്ട്.

എന്നാല്‍, സാല ഗോള്‍ ആഘോഷങ്ങള്‍ വേണ്ടെന്ന് വെച്ചു. തന്റെ മുന്‍ ക്ലബ്ബായ റോമക്കെതിരെ ഗോളടിക്കുമ്പോള്‍ ആഘോഷങ്ങള്‍ക്ക് സ്ഥാനമില്ലെന്ന നിലപാടാണ് സാലക്ക്. ഈജിപ്ത് താരത്തിന്റെ ആദ്യ ഗോളിനെ കോച്ച് യുര്‍ഗന്‍ ക്ലോപ് വാനോളം പ്രശംസിച്ചു. അസാമാന്യപ്രതിഭകള്‍ക്ക് മാത്രം സാധിക്കുന്ന ഗോളെന്നാണ് ക്ലോപ് അഭിപ്രായപ്പെട്ടത്.

ലിവര്‍പൂളിനായി സീസണില്‍ നാല്‍പ്പത്തേഴാം മത്സരത്തിനിറങ്ങിയ സാല തന്റെ നാല്‍പ്പത്തിമൂന്നാം ഗോള്‍ ഫിനിഷ് ചെയ്തത് സ്വതസിദ്ധ ശൈലിയില്‍.

പത്ത് മാസം മുമ്പാണ് മുഹമ്മദ് സാല ഇറ്റാലിയന്‍ ക്ലബ്ബ് എ എസ് റോമയില്‍ നിന്ന് ലിവര്‍പൂളില്‍ ചേരുന്നത്. 42 ദശലക്ഷം യൂറോയുടെ കരാര്‍. റോമ ക്ലബ്ബിന് കോളടിച്ചുവെന്ന രീതിയിലായിരുന്നു ആദ്യം റിപ്പോര്‍ട്ടുകള്‍ വന്നത്. ലിവര്‍പൂളിന് വലിയ ഗുണമൊന്നും ഈ ട്രാന്‍സ്ഫറിലൂടെ ലഭിക്കില്ലെന്ന വിലയിരുത്തലും. എന്നാല്‍, കോച്ച് യുര്‍ഗന്‍ ക്ലോപിന്റെ കണക്ക് കൂട്ടലുകള്‍ ശരിയായിരുന്നു.

ക്രിസ്റ്റ്യാനോയെയും മെസിയെയും കുറിച്ച് ധാരാളം എഴുതുന്ന പത്രക്കാര്‍ മുഹമ്മദ് സാലയെ കുറിച്ചും എഴുതണമെന്ന് യുര്‍ഗന്‍ ക്ലോപ് പറഞ്ഞു. ഇടത്തേ കാല്‍ കൊണ്ടുള്ള ഫിനിഷിംഗ് പാടവത്തിലും ഗ്രൗണ്ടില്‍ ദ്രുതഗതിയില്‍ പെരുമാറുകയും ചെയ്യുന്ന സാല ഇടക്ക് മെസിയെ ഓര്‍മിപ്പിക്കുന്നുവെന്ന് ക്ലോപ്. ലോകഫുട്‌ബോളര്‍മാരുടെ നിരയിലേക്ക് ഉയരാനുള്ള പ്രതിഭ ഈജിപ്ത് താരത്തില്‍ ഉണ്ട്. അത് ലോകം കണ്ടു കൊണ്ടിരിക്കുകയാണെന്നും ക്ലോപ്.

Latest