ഡോ. കഫീല്‍ ഖാന് ജാമ്യം കഫീല്‍ ഖാന്‍

Posted on: April 26, 2018 6:05 am | Last updated: April 25, 2018 at 11:20 pm

അലഹബാദ്: ഗൊരഖ്പൂരിലെ മെഡിക്കല്‍ കോളജില്‍ 63 കുട്ടികള്‍ ഓക്‌സിജന്‍ ലഭിക്കാതെ മരിച്ച സംഭവത്തില്‍ അറസ്റ്റിലായ ഡോ. കഫീല്‍ ഖാന് ജാമ്യം. അലഹബാദ് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. പോലീസ് ഇതിനകം കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തിലാണ് എട്ട് മാസത്തിന് ശേഷം ഡോ. കഫീല്‍ ഖാന് ജാമ്യം അനുവദിച്ചത്.

ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരിലുള്ള ബി ആര്‍ ഡി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രതിസന്ധി ഘട്ടത്തില്‍ ഡോ. കഫീല്‍ ഖാന്‍ മുന്‍കൈയെടുത്ത് ഓക്‌സിജന്‍ വിതരണം നടത്തിയിരുന്നു. ഇതിനെ പ്രശംസിച്ച് നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ കഫീല്‍ ഖാനെ അറസ്റ്റ് ചെയ്തത്. നാഷനല്‍ ഹെല്‍ത്ത് മിഷന്‍ നോഡല്‍ ഓഫീസറും ബി ആര്‍ ഡി ആശുപത്രിയിലെ ശിശുരോഗ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായിരുന്നു ഡോ. കഫീല്‍ ഖാന്‍. ഓക്‌സിജന്‍ വിതരണം തടസ്സപ്പെട്ടത് ഭരണപരമായ പരാജയമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അറസ്റ്റ്.

കഴിഞ്ഞ ആഗസ്റ്റില്‍ യോഗി ആദിത്യനാഥിന്റെ മണ്ഡലത്തിലാണ് ഓക്‌സിജന്‍ വിതരണം നിലച്ച് നവജാത ശിശുക്കള്‍ ഉള്‍പ്പെടെ നിരവധി കുട്ടികള്‍ മരിച്ചത്. കുറ്റകരമായ നരഹത്യ, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.