ശൈഖ് യൂസുഫ് രിഫാഇ: ശൈഖ് യൂസുഫ് രിഫാഇ: ചില അനുഭവങ്ങള്‍

Posted on: April 26, 2018 6:00 am | Last updated: April 25, 2018 at 10:54 pm

1979കളുടെ അവസാനത്തിലാണ് ശൈഖ് യൂസുഫ് രിഫാഇ ആദ്യമായി കേരളം സന്ദര്‍ശിക്കുന്നത്. തളിപ്പറമ്പ് ഖുവ്വത്തുല്‍ ഇസ്‌ലാം അറബിക്കോളജില്‍ മര്‍ഹും എം എ ഉസ്താദിന്റെ കീഴില്‍ ഞാന്‍ പഠിക്കുന്ന കാലമായിരുന്നു അത്. കാസര്‍കോട് മാലികുദ്ദീനാര്‍ ഉറൂസിനോടനുബന്ധിച്ച് നടക്കുന്ന മതപ്രഭാഷണം കേള്‍ക്കാന്‍ ഞാനും സഹപാഠികളും പോയിരുന്നു. സയ്യിദ് യൂസുഫ് ഹാശിം രിഫാഇയായിരുന്നു അന്നത്തെ മുഖ്യ പ്രഭാഷകന്‍. രിഫാഇ നടത്തിയ ഗഹനമായ പ്രഭാഷണം പരിഭാഷപ്പെടുത്തിയത് കാന്തപുരം ഉസ്താദായിരുന്നു. വന്‍ ജനാവലി പങ്കെടുത്ത സദസ്സിനെ കോരിത്തരിപ്പിച്ചുകൊണ്ട് രിഫാഇ ചെയ്ത പ്രഭാഷണവും സമാനമായ കാന്തപുരത്തിന്റെ പരിഭാഷയും ജനങ്ങളെയാകെ ഇളക്കിമറിച്ചു.
അടുത്തറിഞ്ഞതോടെ കാന്തപുരം ഉസ്താദിന്റെ അഗാധമായ പാണ്ഡിത്യം മനസ്സിലാക്കിയ ശൈഖ് രിഫാഇ ഉസ്താദുമായി സുഹൃദ്ബന്ധം അരക്കിട്ടുറപ്പിക്കുകയായിരുന്നു. അതിന് ശേഷമുള്ള രിഫാഇയുടെ ഏതാണ്ടെല്ലാ കേരള സന്ദര്‍ശനങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചത് ഉസ്താദായിരുന്നു. ഈ സുഹൃദ്ബന്ധം മുഖേന കേരളത്തിലെ ഒട്ടേറെ മത സംസ്‌കാരിക സ്ഥാപനങ്ങള്‍ക്ക് രിഫാഇയുടെയും കുടുംബത്തിന്റെയും പിന്തുണ ലഭിക്കുകയുണ്ടായി. കുവൈത്തില്‍ മര്‍കസ്, ജാമിഅ സഅദിയ്യ, അല്‍ മഖര്‍റ് തുടങ്ങിയ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് രിഫാഇയും കുടുംബവും വലിയ പ്രോത്സാഹനമാണ് നല്‍കിയിരുന്നത്.
ആദ്യ സന്ദര്‍ശനത്തില്‍ തളിപ്പറമ്പ് ഖുവ്വത്തുല്‍ ഇസ്‌ലാം അറബിക് കോളജും രിഫാഇ സന്ദര്‍ശിച്ചിരുന്നു. അന്ന് ഞാന്‍ പത്രാധിപരായി പുറത്തിറക്കിയ ‘അല്‍ ബലാഗ്’ കൈയെഴുത്ത് മാസിക അദ്ദേഹത്തിന് സമര്‍പ്പിച്ചപ്പോള്‍ സമാനമായ പേരില്‍ കുവൈത്തില്‍ നിന്ന് രിഫാഇയുടെ നേതൃത്വത്തില്‍ പുറത്തിറക്കുന്ന പത്രത്തെ സംബന്ധിച്ചു അദ്ദേഹം പ്രതിപാദിക്കുകയുണ്ടായി.

പിന്നീട് പല തവണ അദ്ദേഹം കേരളത്തിലെത്തുകയും സുന്നത്ത് ജമാഅത്തിന്റെ പല സമ്മേളനങ്ങളിലും പങ്കെടുക്കുകയുമുണ്ടായി. ഒരിക്കല്‍ പട്ടിക്കാട് ജാമിഅ നൂരിയ്യ വാര്‍ഷിക സമ്മേളനത്തിലേക്ക് ശൈഖ് രിഫാഇയെ ക്ഷണിച്ചിരുന്നു. അഖിലേന്ത്യാ ലീഗും യൂനിയന്‍ ലീഗും ഐക്യപ്പെട്ട ഉടനെയായിരുന്നു ഈ സമ്മേളനം. മുസ്‌ലിം ലീഗ് ഭരണത്തിലിരിക്കെ സര്‍ക്കാറിന്റെ ആതിഥേയത്വത്തിലായിരുന്നു അന്ന് രിഫാഇ കേരളത്തിലെത്തിയത്. സമ്മേളനത്തലേന്ന് കേരളത്തിലെത്തിയ അദ്ദേഹം സര്‍ക്കാര്‍ അതിഥിയായി മലപ്പുറം സ്പിന്നിംഗ് മില്ലിന്റെ ഗസ്റ്റ് ഹൗസിലാണ് താമസിച്ചത്. പിറ്റേ ദിവസം രാവിലെ രിഫാഇയെ കാണാന്‍ കാന്തപുരം ഉസ്താദ് ഗസ്റ്റ് ഹൗസിലെത്തി. തലേ ദിവസം പാലക്കാട് ഭാഗത്തുള്ള ഒരു പ്രഭാഷണ പരിപാടി കഴിഞ്ഞ് മലപ്പുറത്തെത്തുമ്പോഴേക്കും പാതിരാത്രി കഴിഞ്ഞിരുന്നു. സമീപത്തുള്ള പള്ളിയില്‍ തങ്ങി സുബ്ഹിക്ക് ശേഷം രിഫാഇയെ സമീപിക്കാനായിരുന്നു ലക്ഷ്യമിട്ടത്. നേരം വൈകിയതിനാല്‍ പള്ളി പൂട്ടിപ്പോയിരുന്നു. പള്ളിയുടെ കോലായില്‍ ഉസ്താദ് സുബ്ഹി വരെ കഴിച്ചുകൂട്ടി. നിസ്‌കാര ശേഷം ഗസ്റ്റ് ഹൗസിലെത്തിയ കാന്തപുരം ഉസ്താദ് റിസപ്ഷനിസ്റ്റുമായി ബന്ധപ്പെട്ടു. അവര്‍ രിഫാഇയുടെ റൂമുമായി ബന്ധപ്പെട്ടപ്പോള്‍ ഇപ്പോള്‍ ആരെയും കാണാന്‍ അനുവാദമില്ലെന്ന് കൂടെയുള്ളവര്‍ അറിയിച്ചു.
കാണാന്‍ വന്നത് കാന്തപുരം ആണെന്ന് മനസ്സിലാക്കിയ ചിലര്‍ രിഫാഇ അറിയാതെ അനുമതി നിഷേധിക്കുകയായിരുന്നു. കാണാന്‍ കഴിയാതെ മര്‍കസിലെത്തിയ ഉസ്താദ് എന്നെ വിളിച്ചുവരുത്തി. സംഭവം വിശദീകരിച്ചു. അന്ന് മര്‍കസില്‍ കാന്തപുരം ഉസ്താദിന്റെ സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്നു ഈ ലേഖകന്‍. രാവിലെ കാണാനെത്തി അനുമതി നിഷേധിച്ചതിനാല്‍ തിരിച്ചുപോരേണ്ടിവന്ന കാര്യം ഉള്‍ക്കൊള്ളിച്ച കത്ത് തയ്യാറാക്കി ഞാനും മര്‍ഹും സി ഹൈദര്‍ ഹാജിയും മലപ്പുറത്തേക്ക് പുറപ്പെട്ടു. രാവിലെ ഒമ്പത് മണിക്ക് സമസ്താലയത്തില്‍ രിഫാഇക്ക് സ്വീകരണമുള്ളതായി ചന്ദ്രികയില്‍ വാര്‍ത്തയുണ്ടായിരുന്നു. അത് വായിച്ച് ആ ഭാഗത്തേക്ക് തിരിച്ചു. ഞങ്ങളുടെ ജീപ്പ് ഫറോക് പാലത്തിനടുത്തെത്തിയപ്പോള്‍ സ്റ്റേറ്റ് കാറില്‍ രിഫാഇയും മറ്റും കോഴിക്കോട് ഭാഗത്തേക്ക് വരുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍പെട്ടു. ഉടന്‍ തന്നെ ഞങ്ങളുടെ വാഹനം തിരിച്ച് കാറിന് പിന്നാലെ കുതിച്ചു. എങ്ങോട്ടെന്ന് പിടികിട്ടാതെ, ഗതാഗതക്കുരുക്കുകളിലും തിരക്കിലും പിന്‍മാറാതെ വിദഗ്ധനായ ഞങ്ങളുടെ ഡ്രൈവറുടെ സാമര്‍ഥ്യത്തില്‍ സ്റ്റേറ്റ് കാറിന് പിന്നാലെ ഞങ്ങളും വിട്ടു. കോഴിക്കോട് ടൗണും എലത്തൂരും പിന്നിട്ട് അവരുടെ വണ്ടി കൊയിലാണ്ടി ടൗണില്‍ പ്രവേശിച്ചു. പിടിവിടാതെ ഞങ്ങളും. കൊയിലാണ്ടി ബസ്റ്റാന്റ് കഴിഞ്ഞതോടെ സ്റ്റേറ്റ് കാറിന്റെ വേഗം കുറഞ്ഞു. കടപ്പുറം ഭാഗത്തേക്കുള്ള പോക്കറ്റ് റോഡിലേക്ക് തിരിച്ചു. ആ ഭാഗത്തുള്ള ഒരു സ്ഥാപനത്തിന്റെ കോമ്പൗണ്ടില്‍ രിഫാഇക്ക് സ്വീകരണമൊരുക്കിയിരുന്നു.

രിഫാഇയും മറ്റും സ്റ്റേജിലേക്ക് കയറി. പിന്നാലെ ഞാനും ഹൈദര്‍ ഹാജിയും കയറിച്ചെന്നു. ലീഗ് നേതാക്കളായ മര്‍ഹും സയ്യിദ് ഉമര്‍ ബാഫഖി തങ്ങള്‍, പി വി മുഹമ്മദ് തുടങ്ങിയവരൊക്കെ സ്റ്റേജിലുണ്ട്. സ്വാഗതവും മറ്റും കഴിഞ്ഞ രിഫാഇയെ പ്രസംഗിക്കാന്‍ ക്ഷണിച്ചു. രിഫാഇയുടെ പ്രസംഗം പരിഭാഷപ്പെടുത്താന്‍ യാദൃശ്ചികമായി എന്നെയാണ് നിയോഗിച്ചത്.

ഹൃസ്വമായ അദ്ദേഹത്തിന്റെ പ്രസംഗം കഴിഞ്ഞു ഇരിക്കുമ്പോള്‍ ഞങ്ങള്‍ കാന്തപുരത്തിന്റെ കത്ത് അദ്ദേഹത്തിന് കൈമാറി. കത്ത് വായിച്ച രിഫാഇ മനഃപ്രയാസത്തോടെ അല്‍പ്പനേരം എന്തോ ആലോചിച്ച ശേഷം ഞങ്ങളോട് ശൈഖ് അബൂബക്കര്‍ ഇപ്പോള്‍ എവിടെയാണുള്ളതെന്ന് തിരക്കി. മര്‍കസിലാണെന്ന് പറഞ്ഞപ്പോള്‍ ഇവിടെ നിന്ന് എത്ര ദൂരമുണ്ടെന്ന് അന്വേഷിച്ചു. കഴിവതും വേഗം ഇങ്ങോട്ട് വരാന്‍ പറയണമെന്ന് ഞങ്ങളോട് നിര്‍ദേശിച്ചു. മൊബൈല്‍ പ്രചാരത്തിലാവുന്നതിന് മുമ്പുള്ള കാലമായിരുന്നു. ടൗണില്‍ പോയി ഫോണ്‍ ചെയ്തു വിവരം ഉസ്താദിനെ അറിയിച്ചു. അപ്പോഴേക്കും സമയം ഉച്ചക്ക് പന്ത്രണ്ട് മണി കഴിഞ്ഞിരുന്നു.

പരിപാടിയെല്ലാം കഴിഞ്ഞ് ഉച്ചഭക്ഷണത്തിന് സയ്യിദ് ഉമര്‍ ബാഫഖി തങ്ങളുടെ വീട്ടിലേക്ക് പുറപ്പെട്ടു. പിന്നാലെ ഞങ്ങളും നീങ്ങി. അവിടെ എത്തുമ്പോഴേക്കും കാന്തപുരം ഉസ്താദ് ഉമര്‍ ബാഫഖി തങ്ങളുടെ വസതിക്ക് മുമ്പില്‍ കാത്തിരിപ്പുണ്ടായിരുന്നു. ഉസ്താദിനെ കണ്ട അദ്ദേഹം സന്തോഷത്തോടെ കെട്ടിപ്പിടിച്ചു ആലിംഗനം ചെയ്തു.
പിന്നീട് ഇരുവരും തങ്ങളുടെ വീട്ടിലേക്ക് നീങ്ങി. തങ്ങളുടെ വീട്ടില്‍ ലീഗ് നേതാക്കളായ ബി വി    അബ്ദുല്ലക്കോയ, ഇ അഹ്മദ് തുടങ്ങി വലിയൊരു നിരയുണ്ടായിരുന്നു. അവരുടെ മധ്യത്തില്‍ ശൈഖ് രിഫാഇയും ഉസ്താദും ഇരുന്നു. അന്ന് ശൈഖ് രിഫാഇ ഉസ്താദിനെ സ്ഫുടമായ ഇംഗ്ലീഷില്‍ പരിചയപ്പെടുത്തിയത് ഞാന്‍ ഇന്നും ഓര്‍ക്കുന്നു.

ചിലര്‍ക്കെങ്കിലും നീരസമുണ്ടാക്കിയ രിഫാഇയുടെ വാക്കുകള്‍ എല്ലാവരും സശ്രദ്ധം കേള്‍ക്കുക തന്നെ ചെയ്തു. ഉച്ച ഭക്ഷണമെല്ലാം കഴിഞ്ഞ് ജാമിഅ നൂരിയ്യ വാര്‍ഷികത്തിലേക്ക് പോകേണ്ട രിഫാഇ മര്‍കസില്‍ കയറി പോകാമെന്ന് നിര്‍ബന്ധം പിടിച്ചു. മറുവാക്കുകളൊന്നും ചെവിക്കൊള്ളാതെ രിഫാഇ കാന്തപുരത്തെയും സ്റ്റേറ്റ് കാറില്‍ കയറ്റി നേരെ മര്‍കസിലേക്ക് തിരിച്ചു. അവിടെ കുട്ടികളുടെ കൂടെ ഇരുന്നു ദുആ ഇരന്ന ശേഷമാണ് ജാമിഅയിലേക്ക് പോയത്.

കേരളത്തിലെ സുന്നത്ത് ജമാഅത്തിന്റെ പ്രവര്‍ത്തനങ്ങളെല്ലാം അടിമുടി മനസ്സിലാക്കിയ രിഫാഇ സത്യത്തിന്റെ പാതയില്‍ സധൈര്യം മുന്നോട്ട് നീങ്ങാന്‍ ഉസ്താദിനോട് ഉപദേശിക്കുകയായിരുന്നു. രിഫാഇയുടെ മരണം വരെയും വേര്‍ പിരിയാതെ കൊണ്ടുനടന്ന ഇരുവരുടെയും സ്‌നേഹബന്ധം പ്രാസ്ഥാനിക രംഗത്ത് ഒരു വലിയ മുതല്‍ കൂട്ടായിരുന്നു.