ലിഗയുടെ മരണം ശ്വാസം മുട്ടിയാകാമെന്ന് പ്രാഥമിക നിഗമനം

Posted on: April 25, 2018 12:30 pm | Last updated: April 25, 2018 at 7:07 pm

തിരുവനന്തപുരം: ലിത്വാനിയന്‍ സ്വദേശിനി ലിഗയെ തിരവല്ലത്ത് കുറ്റിക്കാട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മരണ കാരണം ശ്വാസം മുട്ടിയാകാമെന്ന് പ്രാഥമിക നിഗമനം. അഴുകിയ മ്യതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരാണ് ഇത്തരമൊരു നിഗമനത്തിലെത്തിയിരിക്കുന്നത്.

ഇതോടെ സംഭവം കൊലപാതകമാണോയെന്ന സംശയവും ബലപ്പെട്ടിരിക്കുകയാണ്. എന്നാല്‍ മരണകാരണം ശ്വാസം മുട്ടിയാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെടുകയൊ ഡോകടര്‍മാര്‍ ഇക്കാര്യം അന്വേഷണ സംഘത്തെ അറിയിക്കുകയൊ ചെയ്തിട്ടില്ല. ഇന്ന് ആന്തരാവയവങ്ങളുടെ പരിശോധനാ ഫലം ലഭിക്കുന്നതോടെ മരണകാരണത്തില്‍ കൂടുതല്‍ വ്യക്തത കൈവരും. അതേ സമയം ലിഗ കുറ്റിക്കാട്ടില്‍ പോകുന്നത് കണ്ടുവെന്ന മൊഴികള്‍ സംബന്ധിച്ചും സ്ഥിരീകരണം ലഭിച്ചിട്ടില്ല. കുറ്റിക്കാട്ടില്‍ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ചിലരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. ലിഗ ഒറ്റക്കാണൊ കുറ്റിക്കാട്ടില്‍ പോയത് അല്ലെങ്കില്‍ കൂടെയാരെങ്കിലുമുണ്ടായിരുന്നോ എന്നുള്ള കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.