Articles
പ്രകൃതിയുടെ കുഞ്ഞുങ്ങള്‍

പ്രകൃതിയുടെ കുഞ്ഞുങ്ങളാണ് തങ്ങള്‍ എന്നാണ് ബക്കര്‍വാല്‍ സമുദായക്കാരായ നാടോടികള്‍ കരുതുന്നത്. ഇസ്‌ലാം വിശ്വാസികളായിരിക്കെ തന്നെ, ഗുജ്ജര്‍ ബക്കര്‍ വാല്‍ ആദിമ നിവാസികളായിരിക്കുന്നതു കൊണ്ട് പട്ടികവര്‍ഗത്തില്‍ പെട്ടവര്‍ കൂടിയാണിവര്‍. ജമ്മുവിലെ രജൗരി ജില്ലയിലെ സുന്ദര്‍ബന്നില്‍ നിന്ന് പൂഞ്ചിലെ ബഫ്‌ലിയാസിലേക്കും പിന്നീടവിടെ നിന്ന് കശ്മീര്‍ താഴ്‌വരയിലെ ദ്രാംഗിലേക്കും അവരെത്തുമ്പോഴേക്കും സമുദ്ര നിരപ്പില്‍ നിന്ന് അയ്യായിരത്തിലധികം അടി ഉയരത്തിലവരെത്തിയിട്ടുണ്ടാകും. നൂറുകണക്കിന് കിലോമീറ്ററുകളാകട്ടെ കാല്‍ നടയായാണ് താണ്ടുന്നത്. അത്യാവശ്യത്തിനുള്ള പാത്രങ്ങളും വസ്ത്രങ്ങളും മാത്രമേ അവര്‍ക്കുള്ളൂ. എന്നാല്‍, പശുക്കളും ചെമ്മരിയാടുകളും പട്ടികളും മറ്റുമായി വളര്‍ത്തു മൃഗങ്ങള്‍ കുറച്ചധികമുണ്ടാവും. അവരിലധികം പേര്‍ക്കും, ജമ്മുവിലെ കത്വയില്‍ എട്ടു വയസ്സുകാരിയായ ഒരു ബക്കര്‍വാല്‍ സമുദായക്കാരി ക്രൂര നിഷ്ഠൂരമായ ബലാത്സംഗത്തിനും കൊലപാതകത്തിനും വിധേയയായ കാര്യം അറിയുക പോലുമില്ല.
ജമ്മു കശ്മീരിലാകെ പലയിടത്തായി ജീവിക്കുകയും ദേശാടനം ചെയ്യുകയും ചെയ്യുന്നവരായി ഏതാണ്ട് ഇരുപത്തിനാല് ലക്ഷം ബക്കര്‍വാല്‍ സമുദായക്കാരാണുള്ളത്. സംസ്ഥാനത്തിന്റെ ജനസംഖ്യയുടെ 12 ശതമാനം വരുമിത്. കശ്മീരിയും ദോഗ്രിയും സംസാരിക്കുന്നവര്‍ കഴിഞ്ഞാല്‍ സംസ്ഥാനത്തെ മൂന്നാമത്തെ ഭാഷാ വംശവുമാണിവര്‍. ഗുജ്ജര്‍ എന്നും ബക്കര്‍ വാല്‍ എന്നും രണ്ടു തരത്തിലുള്ളവരായ ഈ നാടോടികളെല്ലാം സുന്നി മുസ്‌ലിംകളാണ്. ഗോജ്രി, പഹാരി എന്നീ ഭാഷകളാണ് ഇവര്‍ സംസാരിക്കുന്നത്. തണുപ്പു കാലത്ത് കശ്മീരില്‍ നിന്ന് ജമ്മു മേഖലയിലെ കാടുകളിലേക്കും മലയോരങ്ങളിലേക്കും ദേശാടനം ചെയ്യുന്നവരാണ് ബക്കര്‍വാല്‍ സമുദായക്കാര്‍. വേനല്‍ക്കാലത്ത് അവര്‍ കശ്മീര്‍ താഴ്‌വരയിലേക്കു തന്നെ തിരിച്ചു പോകും. ഗുജ്ജറുകളാകട്ടെ താരതമ്യേന, അവരുടെ താമസസ്ഥലത്തു തന്നെ ഉറച്ചു ജീവിക്കുന്നവരാണ്. പീര്‍ പഞ്ചല്‍ താഴ്‌വര, ചെനാബ് താഴ്‌വര, കശ്മീര്‍ താഴ്‌വര, ജമ്മു എന്നിവിടങ്ങളിലെല്ലാം ഇവര്‍ പ്രധാനമായും പശുക്കളെ പരിപാലിച്ചു ജീവിച്ചു പോരുന്നു.
ജമ്മുവിലെ കാടുകളില്‍ നിന്ന് കശ്മീരിലെ പുല്‍മേടുകള്‍ നിറഞ്ഞ സമതലങ്ങളിലേക്കും മലയോരങ്ങളിലേക്കുമുളള ബക്കര്‍ വാല്‍ സമുദായക്കാരായ കുടുംബങ്ങളുടെ നടത്തം ഏതാണ്ട് രണ്ടു മാസം നീണ്ടു നില്‍ക്കും. അഞ്ഞൂറും അറുനൂറും കിലോമീറ്ററുകളാണ് ഈ നടത്തത്തില്‍ ഇവര്‍ താണ്ടുന്നത്. ഇവരില്‍ പോഷകാഹാരക്കുറവും മറ്റ് മാനസിക-ശാരീരിക രോഗങ്ങളും കാണാറുണ്ടെന്ന് ഗവേഷകരും മറ്റ് ആരോഗ്യ/വിദ്യാഭ്യാസ പ്രവര്‍ത്തകരും നിരീക്ഷിക്കുന്നു. സ്ത്രീ സാക്ഷരതാ നിരക്ക് കേവലം 25 ശതമാനം മാത്രമാണ്. പട്ടികവര്‍ഗക്കാര്‍ക്കിടയില്‍ സ്ത്രീ-സാക്ഷരതാ നിരക്കിന്റെ ദേശീയ ശരാശരി 35 ശതമാനമാണ്. അവരിലധികമാള്‍ക്കാര്‍ക്കും സ്വന്തം വയസ്സെത്രയായെന്നും ജീവിതത്തിലെ പ്രധാന സംഭവങ്ങളുടെ തീയതികളേതാണെന്നും ഒന്നും ഓര്‍മ കാണാറില്ല. ഋതുക്കളനുസരിച്ചുള്ള (സീസണല്‍) കാലഗതിയെയും അതിന്റെ പരിണാമങ്ങളെയുമാണവര്‍ അനുസരിക്കുന്നത്. ഓരോ കുടുംബത്തിന്റെയും കൂടെ നൂറ് മുതല്‍ ഇരുനൂറ് വരെ ചെമ്മരിയാടുകളുണ്ടാവും. നേരം അമാന്തിക്കുന്നതിനു മുമ്പ്, ഇവയെ എന്നും എണ്ണി തിട്ടപ്പെടുത്തേണ്ടതുണ്ട്.
പ്രകൃതിയുടെ വെല്ലുവിളികളെ നേരിടാന്‍ അവര്‍ക്ക് പരമ്പരാഗതമായ പരിശീലനം കിട്ടിയിട്ടുണ്ട്. എന്നാല്‍, ഭീകരതയും അതിനെതിരെയുള്ള ഭരണകൂടയുദ്ധവും ചേര്‍ന്നുണ്ടാക്കുന്ന സംഘര്‍ഷങ്ങളുടെ ഇടക്ക് കുടുങ്ങി ചിലപ്പോള്‍ ജീവന്‍ നഷ്ടപ്പെടുന്ന അവസ്ഥ വരെ അവരില്‍ ചിലര്‍ക്കുണ്ടാവാറുണ്ട്. ബക്കര്‍ വാല്‍ സമുദായക്കാര്‍ തികഞ്ഞ ദേശസ്‌നേഹികളാണ് എന്ന കാര്യം ഇതിനകം തന്നെ നിരവധി നിരീക്ഷകര്‍ രേഖപ്പെടുത്തിക്കഴിഞ്ഞു. അമിതദേശീയവാദപരവും യുദ്ധവെറിയുണ്ടാക്കുന്നതും മതവംശീയപരവുമെന്ന് ആക്ഷേപിക്കപ്പെട്ടിട്ടുള്ള നിരവധി സിനിമകള്‍ -കീര്‍ത്തിചക്ര, മിഷന്‍ 90 ഡെയ്‌സ്, കുരുക്ഷേത്ര, ഖാണ്ഡഹാര്‍, കര്‍മ്മയോദ്ധ, പിക്കറ്റ് 43, ബിയോണ്ട് ബോര്‍ഡേഴ്‌സ് – എടുത്തിട്ടുള്ള മേജര്‍ രവി പോലും അദ്ദേഹത്തിന്റെ ഒരു സിനിമയില്‍ ബക്കര്‍വാല്‍ സമുദായക്കാര്‍, ഇന്ത്യയിലേക്കുള്ള പാക്കിസ്ഥാന്റെ നുഴഞ്ഞു കയറ്റം സൈന്യത്തെ അറിയിക്കുന്നതായി ചിത്രീകരിച്ചിട്ടുണ്ട്. 2003 വേനല്‍ക്കാലത്താണിത് സംഭവിച്ചത്. പൂഞ്ചിലെ ഹില്‍ക്കാക്കയില്‍ നടന്ന നുഴഞ്ഞു കയറ്റം സൈന്യത്തെ അറിയിച്ചുവെന്നു മാത്രമല്ല, പോലീസിനൊപ്പം ചേര്‍ന്ന് അവരെ തുരത്തുന്നതില്‍ ബക്കര്‍ വാല്‍ സമുദായക്കാര്‍ മുന്നിട്ടിറങ്ങി. സമുദ്രനിരപ്പില്‍ നിന്ന് പതിനൊന്നായിരം അടി ഉയരത്തിലാണീ പ്രദേശം. മുന്നൂറോളം ഭീകരന്മാര്‍ അവിടെ ഒളിച്ചിരിപ്പുണ്ടായിരുന്നു. അറുപതിലധികം പേരെ പിടികൂടാനോ കൊലപ്പെടുത്താനോ ഇന്ത്യന്‍ സൈന്യത്തിന് സാധിച്ചത് ബക്കര്‍ വാല്‍ സമുദായക്കാര്‍ സഹായിച്ചതിനാലാണ്. 1995ല്‍ തന്നെ, ഗുജ്ജറുകളെയും ബക്കര്‍വാലുകാരെയും ആയുധങ്ങളടക്കം കൊടുത്ത് സൈന്യത്തിനെ സഹായിക്കാനായി നിയോഗിച്ച് സമിതികള്‍ വരെയുണ്ടാക്കി അതിലുള്‍പ്പെടുത്തിയിരുന്നു. സൈന്യത്തിന് സാധാരണ ഗതിയില്‍ എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളില്‍ ഇത്തരം സമിതികളുടെ പ്രവര്‍ത്തനം രാജ്യത്തിന്റെ പ്രതിരോധത്തിന് ഗുണകരമായിട്ടുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ തന്നെ വിലയിരുത്തിയിട്ടുള്ളത്. ഇന്ത്യന്‍ സൈന്യത്തിന്റെ അതിര്‍ത്തി രക്ഷാ പ്രവര്‍ത്തനത്തിന് പശ്ചാത്തലമൊരുക്കിക്കൊടുക്കുന്നവരാണ് തങ്ങള്‍ എന്നാണ് ഗുജ്ജര്‍-ബക്കര്‍വാലുകാര്‍ സ്വയം അഭിമാനിക്കുന്നത്.
യഥാര്‍ഥ ദേശസ്‌നേഹികളായ ഇവരെ അവരുടെ ജീവിതാവസ്ഥകളില്‍ നിന്ന് ആട്ടിയോടിക്കാനുള്ള രാഷ്ട്രീയ-സാമുദായിക-വംശീയ ഗൂഢാലോചനയാണ് കത്വയിലെ ബലാത്സംഗമെന്ന നിഗമനമാണ് പോലീസടക്കം മിക്കവര്‍ക്കുമുള്ളത്. 2014 മുതല്‍ക്ക് ഗോ സംരക്ഷകരായ ക്രിമിനലുകളുടെ നിരന്തരാക്രമണത്തിന് ഇവര്‍ വിധേയരായിക്കൊണ്ടേ ഇരുന്നു. നാട്ടുകാരെന്ന ഓമനപ്പേരിലറിയപ്പെടുന്ന ഗുണ്ടകള്‍ ബക്കര്‍വാലുകാരെ ആക്രമിക്കുന്നതിന്റെ വീഡിയോകള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നതിലൂടെ അവരുടെ സ്വതന്ത്ര സഞ്ചാരങ്ങള്‍ തന്നെ അപകടം വിളിച്ചുവരുത്തുന്നവയായി മാറിയിട്ടുണ്ട്. അവരുടെ കുടുംബാംഗങ്ങള്‍, നാല്‍ക്കാലികള്‍ എന്നിവയുടെ കൃത്യമായ കണക്കുകള്‍ അതാതിടത്തെ ഡെപ്യൂട്ടി കമ്മീഷണര്‍മാരുടെ പക്കല്‍ രേഖപ്പെടുത്തിയാല്‍ മാത്രമേ, അതാതിടത്ത് തങ്ങാനും പിന്നീട് അവിടെ നിന്ന് യാത്രയാകാനും അവര്‍ക്ക് സാധ്യമാകുകയുള്ളൂ. 2006ലെ ദേശീയ വനാവകാശ നിയമം, പട്ടികജാതി-പട്ടികവര്‍ഗ പീഡന നിരോധന നിയമം എന്നിവ പാര്‍ലിമെന്റ് പാസാക്കിയിട്ടുണ്ടെങ്കിലും ജമ്മു കശ്മീര്‍ ആര്‍ട്ടിക്കിള്‍ 370നു കീഴിലായതിനാല്‍ ഇവയൊന്നും തന്നെ അതേപടി ഇവിടെ പ്രാബല്യത്തില്‍ വന്നിട്ടില്ല. അതിനായി പ്രത്യേക നിയമങ്ങള്‍ വീണ്ടും നിയമസഭ പാസാക്കി, ഗവര്‍ണര്‍ അംഗീകരിച്ച് രാഷ്ട്രപതിയുടെ അനുമതി ലഭിക്കേണ്ടിയിരിക്കുന്നു. ഇതില്‍ സംസ്ഥാന സര്‍ക്കാര്‍ വേണ്ടത്ര ശുഷ്‌ക്കാന്തി കാണിക്കുന്നുമില്ല. പൊതുവെ ആര്‍ട്ടിക്കിള്‍ 370ന് എതിരു നില്‍ക്കുന്ന സംഘ്പരിവാര്‍, ഇക്കാര്യത്തില്‍ ഇരട്ടത്താപ്പാണ് കാണിക്കുന്നത് എന്നും ആക്ഷേപമുണ്ട്.
ജമ്മുവിലെ പൊതു സമൂഹത്തിനിടയില്‍ ഗുജ്ജര്‍ വിരുദ്ധ വംശീയ വികാരം വ്യാപകമാണെന്നാണ് സാമൂഹിക നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. നാലോ അഞ്ചോ ശതമാനം ഗുജ്ജറുകള്‍ മാത്രമാണിവിടെയുള്ളതെങ്കിലും അവരുടെ വളര്‍ച്ച, ജമ്മുവിലെ സാമുദായിക സന്തുലനത്തെ അട്ടിമറിക്കുമെന്ന നിലയിലുള്ള ദുഷ്പ്രചാരണം ശക്തമാണ്. ഇത്തരത്തിലുള്ള സംശയങ്ങളും ദുര്‍ഭീതികളും വംശീയവാശികളുമാണ് ഫാസിസത്തിലേക്ക് ഒരു രാഷ്ട്രത്തെ എത്തിക്കുന്നതെന്ന കാര്യം വിസ്മരിക്കാവുന്നതല്ല. ജമ്മുവിലെ കത്വ ജില്ലയെ ഹിന്ദു ഭൂരിപക്ഷത്തില്‍ നിന്ന് മുസ്‌ലിം ഭൂരിപക്ഷമാക്കി മാറ്റാനുള്ള പരിശ്രമത്തിലാണ് ഗുജ്ജറുകള്‍ ഏര്‍പ്പെട്ടിരിക്കുന്നത് എന്നു പോലും തെറ്റായി ആരോപിക്കപ്പെട്ടിരിക്കുന്നു. ഇത്തരത്തിലുള്ള ദുഷ്പ്രചാരണങ്ങളും അവയെ അടിസ്ഥാനമാക്കിക്കൊണ്ട് രൂപപ്പെടുന്ന സാമാന്യബോധവുമാണ്, കത്വയിലെ ബലാത്സംഗക്കൊല നടത്തിയ കുറ്റവാളികളെ രക്ഷിക്കണമെന്ന ആക്രോശത്തിലേക്കും പ്രകടനത്തിലേക്കും മറ്റും ജനങ്ങളെ നയിച്ചതെന്നു വേണം കരുതാന്‍.
കത്വയിലെ ദാരുണമായ സംഭവം രാജ്യത്തെമ്പാടും മാത്രമല്ല, രാജ്യത്തിനു പുറത്തു പോലും വ്യാപകമായ പ്രതിഷേധത്തിനു തന്നെ നിദാനമാകുകയുണ്ടായി. എന്നാല്‍, ഈ അവസരത്തില്‍ പോലും നിഷ്ഠൂരമായ വിഭാഗീയതകള്‍ സൃഷ്ടിച്ചുകൊണ്ട് ഫാസിസ്റ്റുകള്‍ക്കെതിരായ ഐക്യത്തെ തുരങ്കം വെക്കുന്ന നീക്കങ്ങള്‍ ചില ഛിദ്ര ശക്തികള്‍ നടത്തുകയുണ്ടായി. വാട്‌സ് ആപ്പിലൂടെ ഹര്‍ത്താലിന് ആഹ്വാനം ചെയ്യുകയും, സാമുദായികമായി കടകളും സ്ഥാപനങ്ങളും തിരഞ്ഞു പിടിച്ച് ആക്രമിക്കുകയും അവസാനം മുട്ടപപ്‌സ് കട്ടുതിന്ന് സ്വയം പരിഹാസ്യരായി തീര്‍ന്ന് പോലീസ് പിടിയിലാവുകയും ചെയ്ത “തുരപ്പന്മാരെ”യും ഒറ്റപ്പെടുത്തേണ്ടതുണ്ട്.
അവലംബം : The Bakherwals” long walk – Peerzada Ashiq (The Hindu April 21, 2018)