ഗതാഗത സമ്മേളന, പ്രദര്‍ശനത്തില്‍ ചര്‍ച്ചയാകുന്നത് ഹൈപര്‍ലൂപും പറക്കും ടാക്സികളും

Posted on: April 24, 2018 10:43 pm | Last updated: April 24, 2018 at 10:43 pm

ദുബൈ: മധ്യ പൗരസ്ത്യ, വടക്കന്‍ ആഫ്രിക്കന്‍ ഗതാഗത സമ്മേളന പ്രദര്‍ശനത്തില്‍ (യൂ ഐ ടി പി) മിന ട്രാന്‍സ്പോര്‍ട് കോണ്‍ഗ്രസ് ആന്‍ഡ് എക്‌സിബിഷന്‍ ഏറെ ചര്‍ച്ചയാകുന്നത് ഹൈപര്‍ലൂപും പറക്കും ടാക്സികളും.

ഇത്തരത്തില്‍ ഭാവി ഗതാഗത സംവിധാനങ്ങള്‍ മുഴുവന്‍ വേഗം പ്രയോജനപ്പെടുത്തുമെന്നു ആര്‍ ടി എ ചെയര്‍മാന്‍ മതര്‍ അല്‍ തായര്‍ പറഞ്ഞു. സമ്മേളനവും പ്രദര്‍ശനവും നടക്കുന്ന വേള്‍ഡ് ട്രേഡ് സെന്ററില്‍ ഹൈപര്‍ലൂപ്പിന്റെ മാതൃക പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഹൈപര്‍ലൂപ് യാത്രാ പോഡ് ഇവിടെ അനാവരണം ചെയ്തു.

നിരവധി കമ്പനികളും വിദഗ്ധരും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തി. ദുബൈ ഉപഭരണാധികാരി ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമാണ് സമ്മേളന, പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്. പ്രദര്‍ശനം 25 വരെ തുടരും. 21 രാജ്യങ്ങളില്‍ നിന്ന് 70 പ്രഭാഷകര്‍ എത്തിയിട്ടുണ്ട്.

രണ്ടു ആഢംബര ടാക്‌സികള്‍ പുറത്തിറക്കിയതായി ദുബൈ ടാക്‌സി കോര്‍പറേഷന്‍ സി ഇ ഒ ഡോ. യൂസുഫ് മുഹമ്മദ് അല്‍ അലി അറിയിച്ചു. കണ്‍വെര്‍ട്ടബിള്‍ റേഞ്ച് റോവര്‍ ജുമൈറ ബീച്ച് റെസിഡന്‍സിലും ദുബൈ ഡൗണ്‍ ടൗണ്‍ ദി വാക്കിലുമാണ് സേവനം നടത്തുക. ആര്‍ ടി എ യുടെ ആപ്പഌക്കേഷന്‍ വഴി ഇവ ബുക്ക് ചെയ്യാം. ദുബൈ മെട്രോ, ട്രാം എന്നിവടങ്ങളില്‍ എത്തിച്ചേരാന്‍ മുച്ചക്ര കാന്‍ ആം സ്‌പൈഡര്‍ ഉപയോഗപ്പെടുതാം. ആദ്യ പത്തു മിനുട്ടിനു പത്തു ദിര്‍ഹം ആണ് ഈടാക്കുകയെന്നും അദ്ദേഹം പറഞ്ഞു.