ആണ്‍കുട്ടികളെ ഉത്തരവാദിത്വ ബോധത്തോടെ വളര്‍ത്തണം: പ്രധാനമന്ത്രി

Posted on: April 24, 2018 9:11 pm | Last updated: April 25, 2018 at 9:20 am

മാണ്ഡ്‌ല: കുട്ടികള്‍ക്കെതിരെ ലൈഗീംകആക്രമണം നടത്തുന്നവര്‍ക്ക് വധശിക്ഷ നല്‍കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത് ഇത്തരം കാര്യങ്ങളില്‍ കേന്ദ്രത്തിന്റെ ഉറച്ച തീരുമാനമാണ് വ്യക്തമാക്കുന്നതെന്ന് പ്രധാനമന്ത്രി. എന്നാല്‍ ജനങ്ങള്‍ പെണ്‍കുട്ടികളെ ബഹുമാനിക്കുകയും ആണ്‍കുട്ടികളെ ഉത്തരവാദിത്വ ബോധത്തോടെ വളര്‍ത്തുകയും ചെയ്യണമെന്നും മോദി ആവശ്യപ്പെട്ടു.

പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷ ഉറപ്പാക്കാന്‍ എല്ലാവരും ഒന്നിച്ചുള്ള സാമൂഹ്യ മുന്നേറ്റം ഉണ്ടാവേണ്ടതുണ്ട്. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ തടയാന്‍ കുറ്റവാളികള്‍ക്ക് വധശിക്ഷ തന്നെ നല്‍കണമെന്ന അഭിപ്രായം മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനാണ് മുന്നോട്ടുവച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശത്തെ എല്ലാവരും സ്വാഗതം ചെയ്തു.
മധ്യപ്രദേശിലെ മാണ്ട്‌ലയിലെ റാംനഗറില്‍ ദേശീയ പഞ്ചായത്തിരാജ് സമ്മേളനം ഉദ്ഘാടനം സംസാരിക്കുകയായിരുന്നു അദ്ദേഹം.

കത്വയിലും ഉന്നാവയിലും സൂറത്തിലും നടന്ന സംഭവങ്ങള്‍ രാജ്യവ്യാപക പ്രതിഷേധത്തിന് ഇടയാക്കിയ സാഹചര്യത്തില്‍ 12 വയസില്‍ താഴെ പ്രായമുള്ള കുട്ടികളെ ലൈംഗീക പീഡനത്തിന് ഇരയാക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന ഓര്‍ഡിനന്‍സിന് കഴിഞ്ഞ ഏപ്രില്‍ 12ന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു.