സൊറാബയില്‍ നിന്ന് നിയമസഭയിലെത്തുക ‘ബംഗാരപ്പ’

Posted on: April 24, 2018 6:13 am | Last updated: April 23, 2018 at 11:43 pm

ബെംഗളൂരു: മുന്‍ മുഖ്യമന്ത്രി എസ് ബംഗാരപ്പയുടെ മക്കള്‍ തമ്മിലുള്ള പോരാട്ടത്തിന് വേദിയാവുകയാണ് ശിവമൊഗയിലെ സൊറാബ മണ്ഡലം. മൂത്തമകന്‍ കുമാര്‍ ബംഗാരപ്പ ബി ജെ പി ടിക്കറ്റില്‍ മത്സരിക്കുമ്പോള്‍ അനുജനും സിറ്റിംഗ് എം എല്‍ എയുമായ മധു ബംഗാരപ്പ ജനതാദള്‍- എസിന് വേണ്ടിയാണ് കളത്തിലിറങ്ങിയിരിക്കുന്നത്.

സഹോദരങ്ങള്‍ വന്ന് രണ്ട് വ്യത്യസ്ത പാര്‍ട്ടികള്‍ക്ക് വേണ്ടി വോട്ട് ചോദിക്കുന്ന കാഴ്ച വോട്ടര്‍മാരില്‍ കൗതുകവും ചെറിയ തോതില്‍ ആശയക്കുഴപ്പവും സൃഷ്ടിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന നയങ്ങളും സിദ്ധരാമയ്യ സര്‍ക്കാറിന്റെ ജനദ്രോഹ നടപടികളുമാണ് കുമാര്‍ ബംഗാരപ്പ പ്രചാരണ വിഷയമാക്കുന്നത്. എന്നാല്‍, മണ്ഡലത്തിലെ വികസന മുരടിപ്പും കാലങ്ങളായി ഭരിച്ച അധികാരി വര്‍ഗം മണ്ഡലത്തോട് കാണിച്ച നിഷേധാത്മക സമീപനവുമാണ് മധു ബംഗാരപ്പ ആയുധമാക്കുന്നത്. ഇതിനെതിരെ ജനങ്ങള്‍ വിധിയെഴുതണമെന്നും അദ്ദേഹം വോട്ടര്‍മാരോട് ആവശ്യപ്പെടുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മധു ബംഗാരപ്പ ജയിച്ചത് പിതാവ് എസ് ബംഗാരപ്പയോടുള്ള സഹതാപ വോട്ടുകള്‍ നേടിയായിരുന്നു. എന്നാല്‍, ഇത്തവണ ആ സഹതാപ രംഗം ഇല്ലെന്നും ജനങ്ങള്‍ ബി ജെ പിക്ക് വോട്ട് ചെയ്യുമെന്നും കുമാര ബംഗാരപ്പ പറഞ്ഞു. എന്നാല്‍, ഇത്തവണയും വിജയം ഉറപ്പാണെന്ന പ്രതീക്ഷയോടെയാണ് മധു ബംഗാരപ്പ പ്രചാരണം ശക്തമാക്കിയിരിക്കുന്നത്.

തന്നെ തോല്‍പ്പിക്കാന്‍ സഹോദരനെ ബി ജെ പി സ്ഥാനാര്‍ഥിയാക്കിയത് വിലപ്പോകില്ലെന്ന് അദ്ദേഹം പറയുന്നു. എം എല്‍ എ എന്ന നിലയില്‍ മണ്ഡലത്തില്‍ ചെയ്ത വികസന പ്രവര്‍ത്തനങ്ങള്‍ വോട്ടാക്കി മാറ്റാനുള്ള പ്രചാരണമാണ് മധു ബംഗാരപ്പ നടത്തിവരുന്നത്. സഹോദരനെതിരെയുള്ള പോരാട്ടം എന്ന വിശേഷത്തോട് താത്പര്യമില്ലെന്നും തിരഞ്ഞെടുപ്പില്‍ കുമാര്‍ ബംഗാരപ്പ തന്റെ എതിരാളി മാത്രമാണെന്നും മധു ബംഗാരപ്പ വ്യക്തമാക്കിയിട്ടുണ്ട്.

മണ്ഡലത്തിലെ 70 ശതമാനം വോട്ടര്‍മാരെയും പേരെടുത്ത് അറിയാമെന്ന ആത്മവിശ്വാസത്തിലാണ് മധു ബംഗാരപ്പ. അതിനാല്‍ ജയം തനിക്കൊപ്പമാണെന്നും അദ്ദേഹം പറയുന്നു.