Connect with us

Sports

കളി മറന്ന് മുംബൈ; പൊരുതിക്കയറി രാജസ്ഥാന്‍

Published

|

Last Updated

രാജസ്ഥാന്‍ റോയല്‍സ് താരം രഹാനെ വിജയാഹ്ലാദത്തില്‍ സെല്‍ഫിയെടുത്തപ്പോള്‍

മുംബൈ: ചാമ്പ്യന്‍ ക്ലബ്ബിന്റെ നിഴല്‍ മാത്രമാണിന്ന് മുംബൈ ഇന്ത്യന്‍സ്. ഐ പി എല്‍ സീസണില്‍ അഞ്ചു മത്‌സരങ്ങളില്‍ ഒരും ജയം മാത്രം. പ്ലേഓഫിലേക്ക് ടിക്കറ്റെടുക്കണമെങ്കില്‍ ഇനിയുള്ള മല്‍സരങ്ങളില്‍ മുംബൈക്കു മികച്ച പ്രകടനം കാഴ്ചവച്ചേ തീരൂ. കഴിഞ്ഞ ദിവസം രാജസ്ഥാനെതിരെ അവസാന ഓവറില്‍ മുംബൈ ജയം കൈവിട്ടു. രാജസ്ഥാന് മൂന്ന് വിക്കറ്റ് ജയം.

എവിടെയാണ് പിഴക്കുന്നതെന്നറിയാതെ കുഴങ്ങുകയാണ് മുംബൈ ടീം മാനേജ്‌മെന്റ്. മധ്യനിര ബാറ്റ്‌സ്മാന്‍മാരുടെ മോശം പ്രകടനം ഒരിക്കല്‍ക്കൂടി മുംബൈക്ക് വിനയായി. രണ്ടാം വിക്കറ്റില്‍ സൂര്യകുമാര്‍ യാദവും ഇഷാന്‍ കിഷനും ചേര്‍ന്നു സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയപ്പോള്‍ മുംബൈ വന്‍ സ്‌കോറിലെത്തുമെന്ന് തോന്നിച്ചു.

പതിനഞ്ചാം ഓവറില്‍ കിഷന്‍ മടങ്ങുമ്പോള്‍ മുംബൈയുടെ സ്‌കോര്‍ ബോര്‍ഡില്‍ 130 റണ്‍സുണ്ടായിരുന്നു. എന്നാല്‍ പിന്നീടുള്ള 34 പന്തുകളില്‍ വെറും 37 റണ്‍സ് മാത്രമാണ് മുംബൈക്കു നേടാന്‍ സാധിച്ചത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (0), ക്രുനാല്‍ പാണ്ഡ്യ (7), ഹര്‍ദിക് പാണ്ഡ്യ (4), മിച്ചെല്‍ മക്ലെനഗന്‍ (0) എന്നിവര്‍ തികഞ്ഞ പരാജയമായി.

ഇംഗ്ലണ്ടിന്റെ പുത്തന്‍ പേസ് സെന്‍സേഷനായ ജോഫ്ര ആര്‍ച്ചര്‍ ഗംഭീര അരങ്ങേറ്റമാണ് ഐപിഎല്ലില്‍ നടത്തിയത്. നേരത്തേ ബിഗ് ബാഷ് ലീഗില്‍ നടത്തിയ ഉജ്ജ്വല പ്രകടനമാണ് ആര്‍ച്ചര്‍ക്കു ഐപിഎല്ലിലേക്കു വഴി തുറന്നത്. അവസാന ഓവറുകളിലെ മുംബൈയുടെ കൂട്ടത്തകര്‍ച്ചയ്ക്കു കാരണക്കാരന്‍ ആര്‍ച്ചര്‍ തന്നെയായിരുന്നു. വെറും അഞ്ചു റണ്‍സിനിടെയാണ് താരം മൂന്നു വിക്കറ്റുകള്‍ പിഴുതത്. ക്രുനാല്‍ പാണ്ഡ്യയെ ക്ലാസന്റെ കൈകളിലെത്തിച്ച ആര്‍ച്ചര്‍ ഹര്‍ദിക് പാണ്ഡ്യയെയും മക്ലെനഗനെയും പുറത്താക്കി മുംബൈയെ വെട്ടിലാക്കി.

പാണ്ഡ്യയെയും മക്ലെനഗനെയും ആര്‍ച്ചര്‍ ബൗള്‍ഡാക്കുകയായിരുന്നു. നാലോവറില്‍ 22 റണ്‍സിന് മൂന്നു വിക്കറ്റുകള്‍ നേടിയ ആര്‍ച്ചര്‍ കന്നി ഐപിഎല്‍ മല്‍സരത്തില്‍ തന്നെ മാന്‍ ഓഫ് ദി മാച്ച് ആയി. ഗൗതം കൃഷ്ണപ്പയാണ് മത്‌സരത്തില്‍ രാജസ്ഥാന്റെ അപ്രതീക്ഷിത ഹീറോയായത്. ഗൗതം ക്രീസിലെത്തുമ്പോള്‍ വെറും 17 പന്തില്‍ രാജസ്ഥാന് ജയിക്കാന്‍ 43 റണ്‍സ് വേണ്ടിയിരുന്നു.

ഓരോ ബൗണ്ടറിയും സിക്‌സറും അടിച്ചുകൊണ്ട് തുടങ്ങിയ ഗൗതം തൊട്ടടുത്ത ഓവറില്‍ ജസ്പ്രീത് ബുംറയ്‌ക്കെതിരേയും രണ്ടു ബൗണ്ടറികള്‍ പായിച്ചു. അവസാന അഞ്ച് പന്തില്‍ രാജസ്ഥാന് ജയിക്കാന്‍ 10 റണ്‍സ്.

ഹര്‍ദിക് പാണ്ഡ്യക്കെതിരേ ബൗണ്ടറി നേടിക്കൊണ്ട് ഗൗതം മുംബൈയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കി.

തൊട്ടടുത്ത പന്തില്‍ റണ്‍സെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും നാലാമത്തെ പന്ത് സിക്‌സറിലേക്കു പറത്തി ഗൗതം രാജസ്ഥാന് അവിശ്വസനീയ വിജയം സമ്മാനിക്കുകയായിരുന്നു. വെറും 11 പന്തില്‍ നാലു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം പുറത്താവാതെ 33 റണ്‍സാണ് ഗൗതം വാരിക്കൂട്ടിയത്.

ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്‌റ്റെന്നറിയപ്പെടുന്ന ജസ്പ്രീത് ബുംറ രാജസ്ഥാനെതിരേയും പരാജയമായി. 17ാം ഓവറില്‍ ഗംഭീരമായി പന്തെറിഞ്ഞ താരത്തിന് പക്ഷെ തന്റെ 19ാം ഓവറില്‍ ഈ മികവ് ആവര്‍ത്തിക്കാന്‍ സാധിച്ചില്ല.

രാജസ്ഥാന് ജയിക്കാന്‍ 12 പന്തില്‍ 28 റണ്‍സ് വേണമെന്നിരിക്കവെയാണ് ബുംറ പന്തെറിയാന്‍ എത്തിയത്. ഈ ഓവറില്‍ 18 റണ്‍സാണ് ബുംറ വിട്ടുകൊടുത്തത്. ഇതോടെ അവസാന ഓവറില്‍ ജയിക്കാന്‍ വെറും 10 റണ്‍സ് മതിയെന്ന രീതിയിലേക്ക് രാജസ്ഥാന്‍ എത്തുകയും ചെയ്തു.

Latest