യുവെന്റസിനെ വീഴ്ത്തി നാപോളി; ഇറ്റലിയില്‍ ആവേശം

Posted on: April 24, 2018 6:08 am | Last updated: April 23, 2018 at 11:05 pm
നാപോളി ക്ലബ്ബ് അനുകൂലി ടീം ജയിച്ചതിന്റെ ആനന്ദക്കണ്ണീരില്‍

റോം: ഇറ്റാലിയന്‍ ഫുട്‌ബോള്‍ ലീഗ് അത്യന്തം ആവേശകരമായ ക്ലൈമാക്‌സിലേക്ക്. കിരീടപ്പോരില്‍ ഒപ്പത്തിനൊപ്പം പോരാടുന്ന യുവെന്റസിനെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തി നാപോളി കരുത്തറിയിച്ചു. ഇതോടെ, ഒന്നാം സ്ഥാനത്തുള്ള യുവെന്റസുമായുള്ള പോയിന്റകലം ഒന്ന് ആയി കുറയ്ക്കുവാന്‍ നാപോളിക്ക് സാധിച്ചു. 34 മത്സരങ്ങളില്‍ യുവെന്റസിന് 85; നാപോളിക്ക് 84.

കളിയുടെ 90ാം മിനിറ്റില്‍ ഹെഡ്ഡറിലൂടെ കാലിഡോ കൗലിബാലിയാണ് നാപ്പോളിക്ക് ത്രില്ലടിപ്പിക്കുന്ന എവേ ജയം സമ്മാനിച്ചത്.
മത്സര ശേഷം യുവെന്റസ് ഗോളി ബുഫണ്‍ ഓരോ നാപോളി താത്തെയും ഹസ്തദാനം ചെയ്ത് അഭിനന്ദിച്ചു. യുവെന്റസിന്റെ തട്ടകത്തല്‍ ജയിച്ച നാപോളി ടീം അംഗങ്ങള്‍ക്ക് വീരോചിത വരവേല്‍പ്പാണ്ക്ലബ്ബ് അനുകൂലികള്‍ ഒരുക്കിയത്.

ഗോള്‍ പോസ്റ്റിലേക്ക് ലക്ഷ്യമാക്കി മല്‍സരത്തില്‍ ഒരു തവണ പോലും യുവന്റസിന് ഷൂട്ട് ചെയ്യാന്‍ കഴിഞ്ഞില്ല. സീസണില്‍ ഇനി നാല് ലീഗ് മല്‍സരങ്ങളാണ് രണ്ട് ടീമിനും ശേഷിക്കുന്നത്. അതിലെ മല്‍സരഫലങ്ങളാണ് ഇറ്റാലിയന്‍ ലീഗ് ചാംപ്യന്‍മാരെ തീരുമാനിക്കുക. ലീഗിലെ മറ്റു മല്‍സരങ്ങളില്‍ ഇന്റര്‍മിലാന്‍ 2-1ന് ചീവോയെയും ലാസിയോ 4-0ന് സംഡോറിയയെയും അറ്റ്‌ലാന്റെ 2-1ന് ടൊറീനോയെയും ക്രൊട്ടോണ 2-1ന് ഉഡിനെസിനെയും തോല്‍പ്പിച്ചു.