അഴീക്കോട് കടലില്‍ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി

Posted on: April 23, 2018 11:02 am | Last updated: April 23, 2018 at 12:11 pm

കൊടുങ്ങല്ലൂര്‍: അഴീക്കോട് മുനക്കലില്‍ കടലില്‍ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. അഷ്ടമിച്ചിറ ഗുരുതിപ്പാല തോപ്പില്‍ വിജയകുമാറിന്റെ മകള്‍ അശ്വിനി(20)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ ഉച്ചക്ക് ഒന്നരയോടെയാണ് അപകടം. അശ്വിനിയുടെ സഹോദരി ദൃശ്യയടക്കം മൂന്ന് പേരെ ഇന്നലെ രക്ഷപ്പെടുത്തിയിരുന്നു.

കൊടുങ്ങല്ലൂര്‍ ക്ഷേത്ര ദര്‍ശനത്തിന് ശേഷം കടപ്പുറത്ത് സന്ദര്‍ശനത്തിനെത്തിയതായിരുന്നു അശ്വിനിയും കുടുംബവും. അശ്വിനിക്കും ദൃശ്യക്കുമൊപ്പം ബന്ധുക്കളായ അതുല്യ(22), അനന്തു(15) എന്നിവരാണ് ശക്തമായ തിരയടിച്ച് വീണത്. ഇത് കണ്ടു നിന്നിരുന്ന അശ്വിനിയുടെ അമ്മയും സ്ത്രീകളടക്കമുള്ള നാട്ടുകാരും ചേര്‍ന്ന് നാല് പേരെയും കരയിലേക്ക് വലിച്ചു കയറ്റവേ ഉയര്‍ന്നു വന്ന ശക്തമായ തിരയില്‍ പെട്ട് അശ്വിനി ഒലിച്ച് പോകുകയായിരുന്നു.

സംഭവ സ്ഥലത്തുണ്ടായിരുന്ന ഗാര്‍ഡ് ഇവരോട് ഇറങ്ങരുതെന്ന് നിര്‍ദേശിച്ച് തൊട്ടപ്പുറത്ത് കടലില്‍ ഇറങ്ങിയവരെ തിരിച്ചു കയറ്റി കൊണ്ടിരിക്കെയാണ് അപകടം സംഭവിച്ചത്. സംഭവം കണ്ടു നിന്ന നാട്ടുകാര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് മത്സ്യ ബന്ധനത്തില്‍ ഏര്‍പ്പെട്ടിരുന്ന യാനങ്ങള്‍ സംഭവ സ്ഥലം മുഴുവന്‍ അരിച്ചു പെറുക്കിയിട്ടും അശ്വിനിയെ കണ്ടെത്താനായിരുന്നില്ല.