Connect with us

Kerala

വരാപ്പുഴ: അന്വേഷണം കൂടുതല്‍ പേരിലേക്ക്

Published

|

Last Updated

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണ കേസില്‍ അന്വേഷണം കൂടുതല്‍ പേരിലേക്ക് നീങ്ങുന്നു. വരാപ്പുഴ സ്റ്റേഷന്‍ എ എസ് ഐ ജയാനന്ദനെയും വടക്കേക്കര എസ് ഐ. എം കെ മുരളിയെയും ഇന്നലെ അന്വേഷണ സംഘം ചോദ്യം ചെയ്തു. ആലുവ പോലീസ് ക്ലബ്ബിലേക്ക് വിളിച്ചു വരുത്തിയാണ് ഇരുവരെയും ചോദ്യം ചെയ്തത്.

ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത ദിവസം പ്രതി ചേര്‍ക്കപ്പെട്ട എസ് ഐ ദീപക്ക് അവധിയായതിനാല്‍ എ എസ് ഐ ജയാനന്ദനായിരുന്നു സ്റ്റേഷന്റെ ചുമതല. ശ്രീജിത്തിനെ രാത്രി 10.30ന് കസ്റ്റഡിയിലെടുത്ത് 11 ഓടെ സ്റ്റേഷനിലെത്തിച്ചിട്ടും പിറ്റേ ദിവസം രാവിലെ ഒമ്പതോടെയാണ് പിടിയിലായ പത്ത് പ്രതികളുടെയും പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാനാണ് ജയാനന്ദനെ ചോദ്യം ചെയ്തതെന്നാണ് സൂചന. ശ്രീജിത്തിനെ മര്‍ദിച്ച വിവരങ്ങള്‍, എസ് ഐ ദീപക് സ്റ്റേഷനില്‍ എത്തിയതിന് ശേഷമുള്ള കാര്യങ്ങള്‍, ആര്‍ ടി എഫ് അംഗങ്ങള്‍ കൊണ്ടുവന്നപ്പോള്‍ ശ്രീജിത്തിന്റെ അവസ്ഥ തുടങ്ങിയവയെല്ലാം അന്വേഷണ സംഘം ചോദിച്ചതായാണ് വിവരം. വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയാല്‍ എ എസ് ഐ ജയാനന്ദനെതിരെയും നടപടിയുണ്ടാകും. ദേവസ്വംപാടം വീട് അക്രമ സംഭവത്തിന് ശേഷം സമീപമുള്ള എല്ലാ സ്റ്റേഷനുകളിലേക്കും വിവരം കൈമാറിയതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച കാര്യങ്ങളാണ് വടക്കേക്കര എസ് ഐ. എം കെ മുരളിയില്‍ നിന്ന് തേടുന്നതെന്നാണ് സൂചന.

സംഭവത്തില്‍ അര്‍ ടി എഫ് അംഗങ്ങള്‍ക്ക് പുറമെ, പറവൂര്‍ സി ഐ ക്രിസ്പിന്‍ സാം, വരാപ്പുഴ എസ് ഐ. ജി എസ് ദീപക്, ഗ്രേഡ് എ എസ് ഐ സുധീര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സന്തോഷ് ബേബി എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇതില്‍ ആര്‍ ടി എഫ് അംഗങ്ങളെയും വരാപ്പുഴ എസ് ഐയെയും മാത്രമാണ് പ്രതി ചേര്‍ത്തിരിക്കുന്നത്. മറ്റുള്ളവരും സംഭവത്തില്‍ അകപ്പെട്ടിട്ടുണ്ടോ എന്നാണ് അന്വേഷണ സംഘം കണ്ടെത്തുന്നത്.

ഇതിനുപുറമെ, ശാസ്ത്രീയ തെളിവുകള്‍ക്കൊപ്പം സാക്ഷി മൊഴിയും അറസ്റ്റ് ചെയ്തവര്‍ക്കെതിരെ ലഭ്യമാക്കുകയെന്ന ലക്ഷ്യം കൂടിയുണ്ട്.

തിരിച്ചറിയല്‍ പരേഡിന് കോടതി
ഇന്ന് അനുമതി നല്‍കിയേക്കും

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണ കേസില്‍ പിടിയിലായ ആര്‍ ടി എഫ് അംഗങ്ങളുടെ തിരിച്ചറിയല്‍ പരേഡിനുള്ള അനുമതി ഇന്ന് കോടതിയില്‍ നിന്ന് ലഭിച്ചേക്കും. ആര്‍ ടി എഫ് അംഗങ്ങളുടെ തിരിച്ചറിയല്‍ പരേഡ് കാക്കനാട് ജില്ലാ ജയിലില്‍ തന്നെയായിരിക്കും നടക്കുക. ശ്രീജിത്തിന്റെ ഭാര്യ, മാതാപിതാക്കള്‍, മറ്റു ബന്ധുക്കള്‍ എന്നിവരെ കൂടാതെ സമീപവാസികളും പരേഡില്‍ പങ്കെടുക്കും. എന്നാല്‍ എസ് ഐ. ജി എസ് ദീപക്കിന് തിരിച്ചറിയല്‍ പരേഡ് ഉണ്ടാകാന്‍ സാധ്യതയില്ലെന്നാണ് വിവരം. ഇതിന് ശേഷം പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാനാണ് തീരുമാനം. ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ രൂപവത്കരിച്ച മെഡിക്കല്‍ ബോര്‍ഡിന്റെ അന്തിമ റിപ്പോര്‍ട്ടും ഇന്ന് ലഭിക്കും. പോലീസ് മര്‍ദനം ശരിവെച്ചുള്ള പ്രാഥമിക റിപ്പോര്‍ട്ട് നേരത്തെ അഞ്ച് വിദഗ്ധര്‍ അടങ്ങിയ ബോര്‍ഡ് നല്‍കിയിരുന്നു. അന്വേഷണ സംഘം തയ്യാറാക്കി നല്‍കിയ ചോദ്യാവലി പ്രകാരമുള്ള എല്ലാ വിശദാംശങ്ങളും ഇന്ന് സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിലുണ്ടാകും.

പരിശോധിച്ച ഡോക്ടര്‍ക്കെതിരെ
ശ്രീജിത്തിന്റെ ഭാര്യ

കൊച്ചി: ശ്രീജിത്തിനെ മെഡിക്കല്‍ പരിശോധന നടത്തിയ ഡോക്ടര്‍ക്കെതിരെ ആരോപണവുമായി ഭാര്യ അഖില. മജിസ്‌ട്രേറ്റിന് മുമ്പില്‍ പോലീസിന് അനുകൂലമായ മൊഴിയാണ് ഡോക്ടര്‍ നല്‍കിയതെന്നും അഖില വ്യക്തമാക്കി.

ശരിയായ രീതിയില്‍ ശ്രീജിത്തിനെ ഡോക്ടര്‍ പരിശോധിച്ചില്ല. നേരത്തെ ഉണ്ടായ പരുക്കാണെന്ന തരത്തിലാണ് ഡോക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയത്. പരിശോധിച്ചിരുന്നെങ്കില്‍ ശ്രീജിത്തിന്റ ജീവന്‍ രക്ഷിക്കാമായിരുന്നു. മെഡിക്കല്‍ പരിശോധനക്ക് പോയപ്പോള്‍ ഡോക്ടര്‍ ബ്ലാങ്ക് പേപ്പറില്‍ ഒപ്പിട്ടു നല്‍കുകയായിരുന്നുവെന്നും അഖില മാധ്യമങ്ങളോട് പറഞ്ഞു.

 

---- facebook comment plugin here -----

Latest