എല്ലാം നേടി ബംഗാള്‍; കേരളം കാഴ്ചക്കാരായി

എസ് ആര്‍ പിയെ  നിലനിര്‍ത്താനായത് ആശ്വാസം
Posted on: April 23, 2018 6:27 am | Last updated: April 22, 2018 at 11:30 pm

ഹൈദരാബാദ്: കണക്കുകൂട്ടലുകളെല്ലാം തെറ്റിയതിന്റെ നിരാശയിലാണ് പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞ് കേരള നേതാക്കള്‍ ഹൈദരാബാദില്‍ നിന്ന് മടങ്ങുന്നത്. രാഷ്ട്രീയ പ്രമേയവും അതിന്റെ ചുവടുപിടിച്ചുള്ള നേതൃമാറ്റവും പ്രതീക്ഷിച്ചെത്തിയ കേരള ഘടകം വെറും കാഴ്ചക്കാരായി മാറി. എന്തും നേരിടുമെന്ന മട്ടിലെത്തിയ ബംഗാള്‍ ഘടകമാകട്ടെ തങ്ങളുടെ നിലപാട് വിജയിപ്പിക്കുന്നതില്‍ ഒരുപരിധി വരെ വിജയിക്കുകയും ചെയ്തു. അതേസമയം, എസ് രാമചന്ദ്രന്‍പിള്ളയെ പി ബിയില്‍ നിലനിര്‍ത്താനായതും ഒരാള്‍ക്ക് പകരം രണ്ട് പേരെ കേന്ദ്ര കമ്മിറ്റിയില്‍ എത്തിക്കാന്‍ കഴിഞ്ഞതും കേരളത്തിന് നേട്ടമായി.

ബംഗാളിന്റെ നിലപാടിനോട് ചേര്‍ന്ന് നില്‍ക്കും വിധമായിരുന്നു പാര്‍ട്ടി കോണ്‍ഗ്രസിലെ നിര്‍ണായക തീരുമാനങ്ങളെല്ലാം. യെച്ചൂരിയുടെ രണ്ടാംവരവിന്റെ അനുരണനം കേരള ഘടകത്തിലും പ്രതിഫലിക്കുമെന്നുറപ്പ്. ഏകശിലപോലെ നീങ്ങുന്ന കേരളത്തിലെ പാര്‍ട്ടിയിലും ഭിന്നസ്വരങ്ങള്‍ ഉയരാമെന്നതാണ് സാഹചര്യം. അടുത്ത മാസം നടക്കാനിരിക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് തിരഞ്ഞെടുപ്പില്‍ പോലും ഇത് പ്രതിഫലിക്കും.
കോണ്‍ഗ്രസുമായി യാതൊരു ബന്ധവും പാടില്ലെന്ന ഉറച്ച നിലപാടായിരുന്നു അവസാനം വരെ കേരള ഘടകത്തിന്. സംസ്ഥാന സമ്മേളനത്തിലെ പൊതുവികാരം തന്നെ ഇതാക്കി മാറ്റി. പാര്‍ട്ടി കോണ്‍ഗ്രസിന്റെ പൊതുചര്‍ച്ചയില്‍ സംസാരിച്ച മൂന്ന് നേതാക്കളും ഈ നിലപാട് കലര്‍പ്പില്ലാതെ അവതരിപ്പിക്കുകയും ചെയ്തു. കേന്ദ്ര കമ്മിറ്റി നേരത്തെ വോട്ടിനിട്ട് തള്ളിയ യെച്ചൂരിയുടെ ബദല്‍ പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിക്കുമെന്ന് ഒരിക്കല്‍ പോലും നേതാക്കള്‍ പ്രതീക്ഷിച്ചതല്ല. യെച്ചൂരിയുടെ ബദല്‍ പാര്‍ട്ടി കോണ്‍ഗ്രസിലും പരാജയപ്പെടുമെന്നും അതുവഴി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് അദ്ദേഹം മാറുമെന്നുമായിരുന്നു പ്രചരിപ്പിക്കപ്പെട്ടിരുന്നത്. എന്നാല്‍, പൊതുചര്‍ച്ച കേരളത്തിന്റെ വികാരത്തിനൊപ്പമായിരുന്നില്ല. രഹസ്യ വോട്ടെടുപ്പ് ആവശ്യം ശക്തമായി ഉയരുകയും ഒടുവില്‍ ഒത്തുതീര്‍പ്പിലേക്ക് കാര്യങ്ങള്‍ നീങ്ങുകയും ചെയ്തതോടെ കേരളം പ്രതീക്ഷിച്ചതെല്ലാം അട്ടിമറിക്കപ്പെടുകയായിരുന്നു.

കെ എം മാണിയുടെ മുന്നണി പ്രവേശനത്തില്‍ വരെ ഇനി യെച്ചൂരി സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാകും. വി എസ് അച്യുതാനന്ദനുമായി അടുപ്പം പുലര്‍ത്തുന്ന നേതാവാണ് യെച്ചൂരി. മാണിയെ മുന്നണിയിലെടുക്കരുതെന്ന് ആവശ്യപ്പെട്ട് വി എസ് നേരത്തെ തന്നെ കേന്ദ്ര നേതൃത്വത്തിന് കത്ത് നല്‍കിയിട്ടുമുണ്ട്.

അതേസമയം, നിരന്തരം തിരിച്ചടി നേരിടുന്ന ബംഗാള്‍ ഘടകം രണ്ടിലൊന്ന് തീരുമാനിക്കുമെന്ന മട്ടിലാണ് പാര്‍ട്ടി കോണ്‍ഗ്രസിനെത്തിയത്. തങ്ങളുടെ നിലപാട് സ്ഥാപിച്ചെടുക്കാന്‍ യെച്ചൂരിക്കൊപ്പം അവര്‍ ഉറച്ചുനിന്നു.

രാഷ്ട്രീയ പ്രമേയത്തിലും പി ബി, സി സി തിരഞ്ഞെടുപ്പിലും അവര്‍ നേട്ടമുണ്ടാക്കി. പുതുതായി പി ബിയിലെത്തിയ രണ്ട് പേരും ബംഗാളില്‍ നിന്നുള്ളവരാണ്. എസ് രാമചന്ദ്രന്‍പിള്ളയെ സി സിയിലും പി ബിയിലും നിലനിര്‍ത്താനായത് കേരളത്തിന് ആശ്വാസമായി. കേരള ഘടകത്തിന്റെ തീരുമാനങ്ങള്‍ നേടിയെടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്നത് എസ് ആര്‍ പിയായിരുന്നു.

എസ് ആര്‍ പി തന്നെ കൊണ്ടുവന്ന പ്രായപരിധി മാനദണ്ഡത്തില്‍ അദ്ദേഹത്തിന് തന്നെ ഇളവ് നല്‍കുകയായിരുന്നു. കേരള നേതാക്കളുടെ ആവശ്യം ഇക്കാര്യത്തില്‍ അംഗീകരിച്ചു. കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് പി കെ ഗുരുദാസനെ ഒഴിവാക്കിയപ്പോള്‍ പകരം കെ രാധാകൃഷ്ണനെയും എം വി ഗോവിന്ദനെയും സി സിയില്‍ എത്തിക്കാന്‍ കഴിഞ്ഞു. ഇവര്‍ക്ക് പുറമെ സെന്ററിന്റെ ഭാഗമായി വന്നതാണെങ്കിലും വിജുകൃഷ്ണനും മുരളീധരനും മലയാളികളാണ്.