നിര്‍ദിഷ്ട ന്യൂ അമരമ്പലം വന്യജീവി സങ്കേതം പ്രഖ്യാപനം വൈകുന്നു

Posted on: April 23, 2018 6:23 am | Last updated: April 22, 2018 at 11:26 pm
ന്യൂ അമരമ്പലം വനം

മലപ്പുറം: ന്യൂ അമരമ്പലം റിസര്‍വ് വന മേഖല വന്യജീവി സങ്കേതമാക്കാനുള്ള പ്രഖ്യാപനം വൈകുന്നു. കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ അംഗീകാരം നല്‍കിയെങ്കിലും പ്രഖ്യാപനം നീളുകയാണ്. സാമ്പത്തിക പ്രതിസന്ധിയും രാഷ്ട്രീയ ഇടപെടലുമാണ് കാരണമെന്നാണ് സൂചന.

215.02 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള ന്യൂ അമരമ്പലം റിസര്‍വ് വനമേഖല വന്യജീവി സങ്കേതമാക്കണമെന്നത് വര്‍ഷങ്ങളായുള്ള മുറവിളിയാണ്. 2012ലാണ് മന്ത്രിസഭ തീരുമാനമെടുത്ത് നടപടി ക്രമങ്ങള്‍ തുടങ്ങിയത്. നിലമ്പൂര്‍ ഫോറസ്റ്റ് ഡിവിഷനില്‍ കരുളായി റേഞ്ച് പരിധിയിലാണ് ന്യൂ അമരമ്പലം വനം സ്ഥിതി ചെയ്യുന്നത്. സമുദ്ര നിരപ്പില്‍ നിന്ന് 40 മീറ്റര്‍ മുതല്‍ 2554 മീറ്റര്‍ വരെയാണ് ഈ പ്രദേശത്തിന്റെ ഉയരം. അപൂര്‍വ ജൈവ സസ്യങ്ങളുടെ കലവറ കൂടിയാണ് ഇവിടം. വൈവിധ്യമാര്‍ന്ന ഏഴ് തരം കാടുകള്‍ ഈ വന ഭാഗത്തിന്റെ പ്രത്യേകതയാണ്. 2293 വര്‍ഗത്തില്‍പ്പെട്ട പക്ഷികള്‍, 860 ഇനം പ്രാണികള്‍, 133 ചിത്ര ശലഭങ്ങള്‍, 16 വര്‍ഗത്തില്‍പ്പെട്ട 26 വലിയ ഇനം സസ്തനികള്‍ തുടങ്ങിയവയുണ്ട്. വംശനാശ ഭീഷണി നേരിടുന്ന സിംഹവാലന്‍ കുരങ്ങ്, വരയാട്, കടുവ, പുള്ളിപ്പുലി, ഏഷ്യന്‍ ആനയുടെ വലിയ സങ്കേതം തുടങ്ങിയവയും ഈ മേഖലയെ സമ്പന്നമാക്കുന്നു. ഏഷ്യയില്‍ ന്യൂ അമരമ്പലം സംരക്ഷണ വന മേഖലക്കുള്ളില്‍ മാത്രമാണ് ഗുഹാവാസികളായ ചോലനായ്ക്കര്‍ വിഭാഗത്തിലുള്ള മനുഷ്യ വര്‍ഗം അവശേഷിക്കുന്നത്. മുതുമല, വയനാട്, സൈലന്റ് വാലി ദേശീയോദ്യാനം എന്നിവയുടെ തുടര്‍ച്ചയാണീ വന മേഖല.

മലപ്പുറം ജില്ലയുടെ ഏക വന്യ ജീവി സങ്കേതം ഉടന്‍ യാഥര്‍ഥ്യമാക്കണമെന്നത് വര്‍ഷങ്ങളായുള്ള ആവശ്യമാണ്. ഇതിന് സര്‍ക്കാര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് എ പി അനില്‍കുമാര്‍ എം എല്‍ എ ആവശ്യപ്പെട്ടു. അമരമ്പലം വന്യ ജീവി സങ്കേതം ഉടന്‍ യാഥര്‍ഥ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ സ്വീകരിച്ച് വരികയാണെന്നും ഉടന്‍ പ്രഖ്യാപനമുണ്ടാകുമെന്നും വനം മന്ത്രി അഡ്വ. കെ രാജു സിറാജിനോട് പറഞ്ഞു.