Connect with us

Kerala

'പ്രവാസി ചിട്ടി ആരംഭിച്ച് സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചു'

Published

|

Last Updated

കൊച്ചി: പ്രവാസി ചിട്ടി ആരംഭിച്ച് സംസ്ഥാന സര്‍ക്കാര്‍ പൊതുജനങ്ങളെ വഞ്ചിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കിഫ്ബിക്ക് പണം കണ്ടെത്താനായി ആരംഭിച്ച പ്രവാസി ചിട്ടിയില്‍ അധികം പേരും ചേരാത്തത് സര്‍ക്കാറിലുള്ള വിശ്വാസം നഷ്ടപ്പെട്ടതിനാലാണ്. എറണാകുളം ടൗണ്‍ഹാളില്‍ കെ എസ് എഫ് ഇ ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാന സമ്പദ്വ്യവസ്ഥയില്‍ കെ എസ് എഫ് ഇയുടെ പ്രാധാന്യം നഷ്ടപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. യു ഡി എഫ് ഭരണകാലത്ത് കൊച്ചി മെട്രോയുടെ പണം പുതുതലമുറ ബേങ്കില്‍ നിക്ഷേപിച്ചതിന് എല്‍ ഡി എഫ് വലിയ പ്രതിഷേധങ്ങളും അഴിമതി ആരോപണങ്ങള്‍ വരെയും ഉയര്‍ത്തിയിരുന്നു. എന്നാല്‍, കിഫ്ബി ഫണ്ട് ഒന്നിലധികം പുതുതലമുറ ബേങ്കുകളിലാണുള്ളത്. ഇത് ധനമന്ത്രി നിയമസഭയില്‍ സമ്മതിച്ചതാണ്. ജി എസ് ടി വരുമ്പോള്‍ അധിക നികുതി വരുമാനം ലഭിക്കുമെന്ന് കേന്ദ്ര ധനമന്ത്രിയേക്കാള്‍ ആവേശത്തോടെ പറഞ്ഞ ധനമന്ത്രി, സര്‍ക്കാര്‍ കടക്കെണിയില്‍ നിന്നും കടക്കെണിയിലേയ്ക്ക് വീഴുന്നതിന് മറുപടി പറയണം. കെ എസ് എഫ് ഇക്ക് ശമ്പള പരിഷ്‌കാരവും ഇന്‍സന്റീവ് വര്‍ധനവും ഉള്‍പ്പെടെ ഏറ്റവും കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കിയത് യു ഡി എഫ് സര്‍ക്കാറാണന്ന് ചെന്നിത്തല പറഞ്ഞു.