Connect with us

National

കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ: ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി ഒപ്പുവെച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: പന്ത്രണ്ട് വയസ്സില്‍ താഴെയുള്ള കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്നത് ഉള്‍പ്പെടെയുള്ള നിയമ ഭേദഗതി ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവെച്ചു.

രാജ്യത്ത് കുട്ടികള്‍ക്കെതിരായ പീഡനങ്ങള്‍ കൂടി വരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗം ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയിരുന്നു. കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് ശിക്ഷ നല്‍കുന്നതിനുള്ള പോക്സോ, സി ആര്‍ പി സി, ഐ പി സി, എവിഡന്‍സ് ആക്ട് എന്നിവ ഭേദഗതി തേടിയാണ് ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയത്.

12 വയസ്സില്‍ താഴെയുള്ള കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ ഉറപ്പുവരുത്തുന്നതാണ് ഭേദഗതി. പന്ത്രണ്ട് വയസ്സില്‍ താഴെയുള്ള കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് ഇരുപത് വര്‍ഷം കഠിന തടവോ ജീവപര്യന്തമോ വധശിക്ഷയോ നല്‍കും. പന്ത്രണ്ട് വയസ്സിന് താഴെയുള്ള കുട്ടികളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുന്നവര്‍ക്ക് ജീവപര്യന്തം തടവോ വധശിക്ഷയോ നല്‍കും. പതിനാറ് വയസ്സിന് താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്കുള്ള ഏറ്റവും കുറഞ്ഞ ശിക്ഷയായ പത്ത് വര്‍ഷത്തെ തടവ് 20 വര്‍ഷമാക്കി ഉയര്‍ത്തി. ഇത് ജീവിതാവസാനം വരെ നല്‍കാമെന്നും വ്യക്തമാക്കുന്നുണ്ട്.

സ്ത്രീകളെ പീഡിപ്പിക്കുന്നവര്‍ക്കുള്ള ഏറ്റവും കുറഞ്ഞ ശിക്ഷ ഏഴ് വര്‍ഷത്തെ കഠിന തടവില്‍ നിന്ന് പത്ത് വര്‍ഷമാക്കി ഉയര്‍ത്തി. ഇത്തരം കേസുകളില്‍ വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നും ഓര്‍ഡിനന്‍സില്‍ വ്യക്തമാക്കുന്നുണ്ട്. ഓര്‍ഡിനന്‍സ് അടുത്ത പാര്‍ലിമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കും.

കത്വ, ഉന്നാവോ മാനഭംഗ കേസുകളുടെ പശ്ചാത്തലത്തില്‍ രാജ്യവ്യാപക പ്രതിഷേധം അരങ്ങേറിയതോടെയാണ് സര്‍ക്കാര്‍ നിയമ ഭേദഗതിയുമായി രംഗത്തെത്തിയത്.

Latest