Connect with us

Kerala

ഓടിക്കൊണ്ടിരുന്ന ടാങ്കറില്‍ നിന്ന് ആസിഡ് ചോര്‍ന്നു; വന്‍ ദുരന്തം ഒഴിവായി

Published

|

Last Updated

ചൂണ്ടല്‍- കുറ്റിപ്പുറം സംസ്ഥാന പാതയില്‍ ഓടിക്കൊണ്ടിരുന്ന ടാങ്കറില്‍ നിന്ന്
ആസിഡ് ചോര്‍ന്നപ്പോള്‍

കുന്നംകുളം: ചൂണ്ടല്‍- കുറ്റിപ്പുറം സംസ്ഥാന പാതയില്‍ ഓടിക്കൊണ്ടിരുന്ന ടാങ്കറില്‍ നിന്ന് ആസിഡ് ചോര്‍ന്നു. വന്‍ ദുരന്തം ഒഴിവായി. മണിക്കൂറുകള്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവില്‍ 20 ടണ്‍ ഹൈഡ്രോ ക്ലോറിക് ആസിഡ് വയലില്‍ ഒഴുക്കി. ജില്ലാ അതിര്‍ത്തിയായ കടവല്ലൂരില്‍ ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെയാണ് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്ന ഹൈഡ്രോ ക്ലോറിക് ആസിഡ് ടാങ്കറിന്റെ വാള്‍വ് പൊട്ടി ചോര്‍ന്നത്.

സംഭവം പ്രദേശത്തെയാകെ പരിഭ്രാന്തിയിലാഴ്ത്തി. ഗോവയില്‍ നിന്ന് കൊച്ചിയിലെ ഫാക്ടറിയിലേക്ക് പോകുകയായിരുന്ന ടാങ്കറില്‍ പെരുമ്പിലാവിനും കല്ലുംപുറത്തിനും ഇടയില്‍ വെച്ചാണ് ചോര്‍ച്ചയുണ്ടായത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കുന്നംകുളം, തൃശൂര്‍, ഗുരുവായൂര്‍, പൊന്നാനി എന്നിവിടങ്ങളില്‍ നിന്നായി ഏഴ് യൂനിറ്റ് ഫയര്‍ഫോഴ്സും കുന്നംകുളം, ചങ്ങരംകുളം പോലീസും സ്ഥലത്തെത്തി. ചോര്‍ച്ച വന്ന ടാങ്കര്‍ ജനവാസ മേഖലയില്‍ നിന്ന് മാറ്റി ആസിഡ് ഒഴുക്കിക്കളയാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. തുടര്‍ന്ന് കടവല്ലൂര്‍ പാടത്തേക്ക് ടാങ്കര്‍ ഇറക്കി പുലര്‍ച്ചെ അഞ്ച് മണിയോടെ ആസിഡ് പൂര്‍ണമായും ഒഴുക്കുകയായിരുന്നു.

ഫയര്‍ഫോഴ്സ് വെള്ളം അടിച്ച് ആസിഡിന്റെ വീര്യം കുറച്ചു. ഇരുമ്പ് ഉരുക്കുന്നതിനും മറ്റു ഫാക്ടറി ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്ന വീര്യം കൂടിയ ഹൈഡ്രോ ക്ലോറിക് ആസിഡ് ശ്വസിച്ചാല്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇതു കണക്കിലെടുത്താണ് 20 ടണ്‍ വരുന്ന ആസിഡ് ഒഴുക്കിക്കളയുകയും നിര്‍വീര്യമാക്കുകയും ചെയ്തത്. സംസ്ഥാന പാതയില്‍ മണിക്കൂറുകളോളം കിലോമീറ്ററോളം ദൂരത്തില്‍ ആസിഡ് പരന്നു കിടന്നു. വാഹനങ്ങള്‍ പലതും റോഡ് സൈഡില്‍ നിര്‍ത്തിയിടുകയായിരുന്നു. പ്രദേശവാസികള്‍ പലരും അസഹ്യമായ ദുര്‍ഗന്ധം മൂലം വീടിന് പുറത്തിറങ്ങിയിരുന്നു.

Latest