27വര്‍ഷം സ്വദേശി ഭവനത്തില്‍ ജോലിക്കാരി; ഇന്ത്യകാരിക്ക് ആദരം

Posted on: April 22, 2018 8:57 pm | Last updated: April 22, 2018 at 8:57 pm
SHARE

ഷാര്‍ജ: സ്വദേശി ഭവനത്തിലെ ഇഷ്ടക്കാരിയായ ഇന്ത്യന്‍ ജോലിക്കാരിക്ക് ഇമാറാത്തി കുടുംബത്തിന്റെ ഊഷ്മളമായആദരം. ഷാര്‍ജയിലെ സ്വദേശി ഭവനത്തില്‍ 27 വര്‍ഷമായി വീട്ടു ജോലിക്കാരിയായി സേവനം ചെയ്യുന്ന ലക്ഷ്മിക്കാണ് കുടുംബത്തിന്റെ ഒന്നടങ്കം വികാര നിര്‍ഭയമായ ആദരവ് നല്‍കിയത്. പ്രായമേറിയിട്ടും ഏറെകാലം കുടുംബത്തിലെ ഒരംഗത്തെ പോലെ കുട്ടികളെയും മുതിര്‍ന്നവരെയും പരിപാലിച്ചിരുന്ന ലക്ഷ്മിക്ക് വേണ്ടി സ്വദേശി കുടുംബം വിപുലമായ പരിപാടി സംഘടിപ്പിക്കുകയായിരുന്നു.

ലക്ഷ്മി തങ്ങളുടെ കുടുംബത്തിലെ ഒരു അംഗത്തെ പോലെയാണ്. വര്‍ഷങ്ങളോളം തങ്ങളെയും കുട്ടികളെയും പേരകുട്ടികളെയും അവര്‍ പരിപാലിക്കുകയായിരുന്നു. അവര്‍ക്കെല്ലാം സ്വന്തം മാതാവിനെ പോലെയാണ് ലക്ഷ്മിയുടെ സാമീപ്യം. അവരുടെ സ്വന്തം മക്കളെ പോലെയാണ് കുട്ടികളെ വളര്‍ത്തിയതെന്ന് വീട്ട് കാരണവരായ മുഹമ്മദ് റാഷിദ് അല്‍ അലി പറയുന്നു. ഞങ്ങളുടെ കുട്ടികളും പേരക്കുട്ടികളുമടങ്ങുന്ന 20 കുട്ടികള്‍ക്ക് ലക്ഷ്മിയുടെ സ്‌നേഹ സ്പര്‍ശം ഏറ്റിരിന്നുവെന്ന് അദ്ദേഹം ഓര്‍ത്തെടുത്തു. ആദരിക്കല്‍ ചടങ്ങില്‍ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമടക്കം വന്‍ സദസ് തന്നെയുണ്ടായിരുന്നു. നന്നെ ചെറുപ്രായത്തിലാണ് താന്‍ ഇവിടുത്തെ ഉമ്മ ഫാഥ്വിമ റാഷിദിനൊപ്പം എത്തിയത്. തന്റെ കുടുംബങ്ങളെ പോലെയാണ് ഇവരോട് ഇടപഴകിയിരുന്നത്. ഇവിടെ വന്നതിന് ശേഷം എന്റെ വിവാഹം കഴിഞ്ഞു. രണ്ട് കുട്ടികളായി. അവരെ നല്ല നിലയില്‍ വിദ്യാഭ്യാസം നല്‍കി. വിവാഹം ചെയ്തയച്ചു. നാട്ടില്‍ ഭര്‍ത്താവിനൊപ്പം മക്കള്‍ കഴിയുകയാണെന്നും ആന്ധ്രാപ്രദേശ് ബൈനവാരം സ്വദേശിനിയായ ഇവര്‍ പറയുന്നു. ഇനിയും അല്‍പകാലം സ്വദേശി കുടുംബത്തോടൊപ്പം കഴിഞ്ഞു അവരെ സേവിക്കുന്നതിന് തന്നെയാണ് തന്റെ ആഗ്രഹമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here