Connect with us

National

ജനറല്‍ സെക്രട്ടറി യെച്ചൂരി തന്നെ

Published

|

Last Updated

സി പി എം ജനറല്‍ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട സീതാറാം യെച്ചൂരിയെ പൊതുസമ്മേളന വേദിയിലേക്ക് ആനയിക്കുന്നു

ഹൈദരാബാദ്: സി പി എം ജനറല്‍ സെക്രട്ടറിയായി സീതാറാം യെച്ചൂരി തുടരും. പൊളിറ്റ്ബ്യൂറോയില്‍ രണ്ടും കേന്ദ്ര കമ്മിറ്റിയില്‍ പത്തൊമ്പതും പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി. 95 അംഗങ്ങളാണ് കേന്ദ്ര കമ്മിറ്റിയില്‍. പുറമേ ആറ് പ്രത്യേക ക്ഷണിതാക്കളും രണ്ട് സ്ഥിരം ക്ഷണിതാക്കളുമുണ്ട്. എസ് രാമചന്ദ്രന്‍ പിള്ള പോളിറ്റ് ബ്യൂറോയില്‍ തുടരും. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം വി ഗോവിന്ദനും തൃശൂര്‍ ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണനും കേരളത്തില്‍ നിന്ന് പുതുതായി കേന്ദ്ര കമ്മിറ്റിയിലെത്തി. പാര്‍ട്ടി സെന്ററിന്റെ ഭാഗമായി കേന്ദ്രകമ്മിറ്റിയില്‍ സ്ഥിരം ക്ഷണിതാക്കളായിരുന്ന മലയാളികളായ വിജുകൃഷ്ണന്‍, മുരളീധരന്‍ എന്നിവരും സി സിയില്‍ സ്ഥിരാംഗങ്ങളായി.

മുതിര്‍ന്ന നേതാക്കളായ വി എസ് അച്യുതാനന്ദനും പാലോളി മുഹമ്മദ് കുട്ടിയും കേന്ദ്ര കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാക്കളാണ്. കേന്ദ്ര കമ്മിറ്റിയിലേക്ക് വോട്ടെടുപ്പ് നടക്കുമെന്ന സന്ദേഹം ഉയര്‍ന്നെങ്കിലും ഇരു പക്ഷത്തിനും സ്വീകാര്യമായ നിലയില്‍ ഒത്തുതീര്‍പ്പുണ്ടാക്കുകയായിരുന്നു. പ്രതിനിധി സമ്മേളനത്തിന് ശേഷം പതിനായിരങ്ങള്‍ പങ്കെടുത്ത റാലിയോടെ 22ാം പാര്‍ട്ടി കോണ്‍ഗ്രസ് സമാപിച്ചു.

കഴിഞ്ഞ വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസില്‍ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട സീതാറാം യെച്ചൂരിക്ക് പദവിയില്‍ ഇത് രണ്ടാം ഊഴമാണ്. യെച്ചൂരിക്ക് പുറമെ പ്രകാശ് കാരാട്ട്, എസ് രാമചന്ദ്രന്‍ പിള്ള, ബിമന്‍ ബസു, മണിക് സര്‍ക്കാര്‍, ബൃന്ദ കാരാട്ട്, പിണറായി വിജയന്‍, ഹനന്‍ മുല്ല, കോടിയേരി ബാലകൃഷ്ണന്‍, എം എ ബേബി, സൂര്യകാന്ത് മിശ്ര, മുഹമ്മദ് സലിം, സുഭാഷിണി അലി, ബി വി രാഘവുലു, ജി രാമകൃഷ്ണന്‍, നിലോല്‍പ്പല്‍ ബസു, തപന്‍ സെന്‍ എന്നിവരാണ് പി ബി അംഗങ്ങള്‍. നിലവിലെ പി ബിയില്‍ നിന്ന് എ കെ പത്മനാഭനെ ഒഴിവാക്കി. കേന്ദ്ര കമ്മിറ്റിയിലും പോളിറ്റ്ബ്യൂറോയിലും കാര്യമായ പുനഃസംഘടന വേണമെന്ന് യെച്ചൂരി പക്ഷവും നിലവിലുള്ളവര്‍ തന്നെ തുടരട്ടെയെന്ന നിലപാട് കാരാട്ട് പക്ഷവും സ്വീകരിച്ചതോടെ വോട്ടെടുപ്പ് വേണ്ടിവരുമെന്ന് ബംഗാള്‍ ഘടകം സൂചന നല്‍കി. ഇതേത്തുടര്‍ന്നാണ് സമവായ ഫോര്‍മുല രൂപപ്പെടുന്നത്. പി ബിയിലും സി സിയിലും ചിലരെ മാറ്റിയും അംഗസംഖ്യ ഉയര്‍ത്തിയുമായിരുന്നു ഒത്തുതീര്‍പ്പ്.

എസ് രാമചന്ദ്രന്‍ പിള്ളക്ക് പ്രായപരിധിയില്‍ ഇളവ് നല്‍കി പി ബിയില്‍ നിലനിര്‍ത്തണമെന്ന കാരാട്ട് പക്ഷത്തിന്റെ ആവശ്യം അംഗീകരിച്ചു. യെച്ചൂരിക്കൊപ്പം നില്‍ക്കുന്ന ബംഗാളില്‍ നിന്നുള്ള നിലോല്‍പ്പല്‍ ബസുവിനെയും സി ഐ ടി യു ജനറല്‍ സെക്രട്ടറി തപന്‍ സെന്നിനെയും പി ബിയില്‍ ഉള്‍പ്പെടുത്തി. കേരളത്തില്‍ നിന്ന് പി കെ ഗുരുദാസനാണ് കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടത്. കേന്ദ്ര കമ്മിറ്റിയില്‍ ഒരാളുടെ ഒഴിവ് നികത്താനുണ്ട്. വനിതയെ ഉള്‍പ്പെടുത്താനാണ് ഇത് ഒഴിച്ചിട്ടത്. പി ബിയിലെ സമവായ ഫോര്‍മുല അനുസരിച്ചുള്ള കേന്ദ്ര കമ്മിറ്റിയുടെ പാനല്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിച്ചു. പിന്നീട് കേന്ദ്ര കമ്മിറ്റി യോഗം ചേര്‍ന്നാണ് ജനറല്‍ സെക്രട്ടറിയായി സീതാറാം യെച്ചൂരിയെയും പുതിയ പോളിറ്റ്ബ്യൂറോയെയും തിരഞ്ഞെടുത്തത്.

ഉത്തരാഖണ്ഡ് സംസ്ഥാന സെക്രട്ടറി രജീന്ദ്രനേഖിയും ചത്തീസ്ഗഢ് സെക്രട്ടറി സഞ്‌ജൈ പരാട്ടെയുമാണ് സി സിയിലെ സ്ഥിരം ക്ഷണിതാക്കള്‍. വി എസിനും പാലോളിക്കും പുറമെ തെലങ്കാന സമരനായിക മല്ലു സ്വരാജം, മദന്‍ഘോഷ്, പി രാമയ്യ, കെ വരദരാജന്‍ എന്നിവരും പ്രത്യേക ക്ഷണിതാക്കളാണ്. പ്രത്യേക ക്ഷണിതാവായിരുന്ന ബംഗാള്‍ മുന്‍മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയെ ഒഴിവാക്കി. ബസുദേവ് ആചാര്യ അധ്യക്ഷനായ കണ്‍ട്രോള്‍ കമ്മീഷനില്‍ പി രാജേന്ദ്രന്‍, എസ് ശ്രീധര്‍, ജി രാമലു, ബൊനാനി ബിശ്വാസ് എന്നിവര്‍ അംഗങ്ങളാണ്.

പുതുതായി സി സിയിലെത്തിയ മലയാളികളില്‍ കെ രാധാകൃഷ്ണന്‍ സി പി എമ്മിന്റെ പട്ടികജാതി സംഘടനയുടെ ദേശീയ പ്രസിഡന്റ് കൂടിയാണ്. സംസ്ഥാന സെക്രട്ടേറിയറ്റിലെ മുതിര്‍ന്ന അംഗമായ എം വി ഗോവിന്ദന്‍ പാര്‍ട്ടി മുഖപത്രത്തിന്റെ പത്രാധിപരാണ്.

 

എതിര്‍പ്പുമായി നാല് പേര്‍

ഹൈദരാബാദ്: സീതാറാം യെച്ചൂരി ജനറല്‍ സെക്രട്ടറിയാകുന്നതിനെ കേന്ദ്ര കമ്മിറ്റിയില്‍ നാല് പേര്‍ എതിര്‍ത്തു. പുതുതായി രൂപവത്കരിച്ച കേന്ദ്ര കമ്മിറ്റിയില്‍ യെച്ചൂരിയുടെ പേര് വീണ്ടും ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് നിര്‍ദേശിച്ചപ്പോഴാണ് നേതാക്കളെ അമ്പരപ്പിച്ച് നാല് പേര്‍ എഴുന്നേറ്റത്. ഇതില്‍ മൂന്ന് പേര്‍ യെച്ചൂരി സെക്രട്ടറിയാകുന്നതിനെ എതിര്‍ത്ത് സംസാരിച്ചു. പാര്‍ട്ടിയുടെ ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടുപോകാന്‍ യെച്ചൂരിക്ക് കഴിയില്ലെന്നായിരുന്നു ഇവരുടെ നിലപാട്. പകരം മണിക് സര്‍ക്കാറിന്റെ പേരാണ് ഇവര്‍ നിര്‍ദേശിച്ചത്.

എന്നാല്‍, താന്‍ ജനറല്‍ സെക്രട്ടറിയാകാനില്ലെന്ന് മണിക് സര്‍ക്കാര്‍ അറിയിച്ചു. ഐകകണ്‌ഠ്യേന തിരഞ്ഞെടുക്കണമെന്ന ആവശ്യം നിരസിച്ച നാല് പേരും യെച്ചൂരിയുടെ വരവിനെ കേന്ദ്ര കമ്മിറ്റിയില്‍ കൈയുയര്‍ത്തി എതിര്‍ത്തു.