Connect with us

Sports

ടെവസ് വീണ്ടും ലോകകപ്പിന്

Published

|

Last Updated

ബ്യൂണസ് ഐറിസ്: അര്‍ജന്റീന ദേശീയ ടീമിലേക്ക് കാര്‍ലോസ് ടെവസിനെ തിരിച്ചുവിളിച്ചേക്കുമെന്ന് ഫോക്‌സ് സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. മാഞ്ചസ്റ്റര്‍ സിറ്റിയുടെ സൂപ്പര്‍ സ്‌ട്രൈക്കര്‍ സെര്‍ജിയോ അഗ്യുറോ പരുക്കിന്റെ പിടിയിലമര്‍ന്നതോടെ ലോകകപ്പിനുള്ള ടീമില്‍ ടെവസിനെ കോച്ച് യോര്‍ഗെ സാംപോളി ഉള്‍പ്പെടുത്താന്‍ ഗൗരവമായി ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്. എന്നാല്‍, ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടായിട്ടില്ല.

മാഞ്ചസ്റ്റര്‍ സിറ്റിക്കുവേണ്ടി സീസണില്‍ മിന്നുന്ന പ്രകടനം നടത്തിയ സെര്‍ജിയോ അഗ്യൂറോ ആണ് സാംപോളിയുടെ പ്രധാന സ്‌ട്രൈക്കര്‍. എന്നാല്‍, അഗ്യൂറോ ശസ്ത്രക്രിയ്ക്ക് വിധേയനായി ഒരു മാസത്തോളം കളിക്കളത്തില്‍നിന്നും വിട്ടുനില്‍ക്കുകയാണ്. ലോകകപ്പിനുള്ള ടീമില്‍ ഇടംപിടിക്കുക പ്രയാസം.

ടീമിലെ മറ്റു താരങ്ങളായ പൗലോ ഡിബാല, മൗറോ ഇക്കാര്‍ഡി തുടങ്ങിയവര്‍ ആദ്യ പതിനൊന്നില്‍ കളിക്കാന്‍ മിടുക്കുള്ളവരാണെങ്കിലും കോച്ചിന് താത്പര്യം പരിചയ സമ്പന്നനായ ടെവസിലാണ്. ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ ടെവസ് ടീമിന് മുതല്‍ക്കൂട്ടാകുമെന്നാണ് പ്രതീക്ഷ.
അടുത്ത മാസം 14നാണ് പ്രാഥമിക സ്‌ക്വാഡിനെ പ്രഖ്യാപിക്കുക. രാജ്യത്തിനുവേണ്ടി ഇതുവരെ 76 മത്സരങ്ങളില്‍ നിന്നായി 13 ഗോളുകള്‍ നേടിയിട്ടുണ്ട്. മെയില്‍ സാംപോളി റഷ്യന്‍ ലോകകപ്പിനുള്ള അവസാന ഇലവനെ പ്രഖ്യാപിക്കുമ്പോഴേക്കും ടെവസ് ടീമിലുണ്ടാകുമെന്നുതന്നെയാണ് ആരാധകരുടെ പ്രതീക്ഷ.

നേരത്തെ, പരാഗ്വെ ഇക്വഡോര്‍ എന്നീ ടീമുകള്‍ക്കെതിരെ ടെവസ് ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ കളിച്ചിരുന്നെങ്കിലും പിന്നീട് ടീമില്‍ സ്ഥാനം ലഭിച്ചില്ല. മുപ്പത്തിനാലുകാരനായ താരം നിലവില്‍ ബൊക്ക ജൂനിയേഴ്‌സിന്റെ കളിക്കാരനാണ്. ചൈനീസ് സൂപ്പര്‍ ലീഗില്‍ കളിക്കാനായി പോയെങ്കിലും പിന്നീട് തന്റെ ബാല്യകാല ടീമിലേക്കുതന്നെ ടെവസ് തിരിച്ചെത്തി.