ശ്രീജിത്തിന്റെ കസ്റ്റഡി മരണം: ആര്‍ടിഎഫുകാരുടെ ജാമ്യാപേക്ഷ തള്ളി

Posted on: April 21, 2018 1:29 pm | Last updated: April 21, 2018 at 6:50 pm
SHARE

കൊച്ചി: വാരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്ന് പോലീസുകാരുടെ ജാമ്യാപേക്ഷ തള്ളി. ആലുവ റൂറല്‍ എസ് പി. എ വി ജോര്‍ജിന്റെ നേതൃത്വത്തില്‍ രൂപവത്കരിച്ച ആര്‍ ടി എഫ് സ്‌ക്വാഡിലെ അംഗങ്ങളായ ജിതിന്‍ രാജ്, സുമേഷ്, സന്തോഷ് കുമാര്‍ എന്നിവരുടെ ജാമ്യാപേക്ഷ പറവൂര്‍ മജിസ്‌ട്രേറ്റ് കോടതിയാണ് തള്ളിയത്.

ഈ മാസം ആറിന് രാത്രി ശ്രീജിത്തിനെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്തത് ആര്‍ ടി എഫ് ഉദ്യോഗസ്ഥരായിരുന്നു. രാത്രി വീട്ടിലെത്തിയ ആര്‍ ടി എഫ് സംഘം മര്‍ദിച്ച ശേഷമാണ് ശ്രീജിത്തിനെ വണ്ടിയില്‍ കയറ്റിക്കൊണ്ടുപോയതെന്നാണ് ഭാര്യ അഖില മൊഴി നല്‍കിയിരുന്നത്.

ശ്രീജിത്തിന് പോലീസ് കസ്റ്റഡിയില്‍ ക്രൂര മര്‍ദനമേറ്റിരുന്നതായും മര്‍ദനത്തില്‍ ചെറുകുടല്‍ തകര്‍ന്നതാണ് മരണകാരണമെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടിലും വ്യക്തമായിരുന്നു. കസ്റ്റഡിയിലെടുത്തവരാണ് മര്‍ദിച്ചതെന്ന് മരിക്കുന്നതിന് മുമ്പ് ശ്രീജിത്ത് പറഞ്ഞതായി ചികിത്സിച്ച ഡോക്ടര്‍മാരും അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു.