ദിവാകരന്‍ വധക്കേസ്: സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറിക്ക് വധശിക്ഷ

Posted on: April 21, 2018 11:58 am | Last updated: April 21, 2018 at 2:57 pm

ചേര്‍ത്തല: കോണ്‍ഗ്രസ് നേതാവ് ദിവാകരനെ കൊലപ്പെടുത്തിയ കേസില്‍ സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി ആര്‍ ബൈജുവിന് വധശിക്ഷ. അഞ്ച് സിപിഎം പ്രവര്‍ത്തകരെ ജീവപര്യന്തം തടവിനും ശിക്ഷിച്ചു. വി.സുജിത്, എം.സതീഷ്‌കുമാര്‍, പി.പ്രവീണ്‍, എം.ബെന്നി, സേതുകുമാര്‍ എന്നിവര്‍ക്കാണ് ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചത്. ആലപ്പുഴ ഫാസ്റ്റ് ട്രാക്ക് കോടതിയാണ് ശിക്ഷ വിധിച്ചത്.

2009 നവംബര്‍ 29നാണ് കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റായിരുന്ന ദിവാകരനെ പ്രതികള്‍ കൊലപ്പെടുത്തിയത്. കയര്‍ തടുക്ക വില്‍പ്പന സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കേസില്‍ ബൈജു ഉള്‍പ്പെടെ ആറ് പ്രതികള്‍ കുറ്റക്കാരാണെന്ന് ആലപ്പുഴ ഫാസ്റ്റ് ട്രാക്ക് കോടതി കണ്ടെത്തിയിരുന്നു.

കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതോടെ ലോക്കല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് ബൈജുവിനെ സിപിഎം പുറത്താക്കിയിരുന്നു. വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ഇപ്പോള്‍ റിമാന്‍ഡില്‍ കഴിയുകയാണ് ബൈജു.