രാഷ്ട്രീയ പ്രമേയം: ആരുടേയും വിജയമോ പരാജയമോ അല്ല- യെച്ചൂരി

Posted on: April 21, 2018 11:07 am | Last updated: April 21, 2018 at 1:31 pm

ഹൈദരാബാദ്: കോണ്‍ഗ്രസുമായുള്ള ബന്ധം സംബന്ധിച്ച കരട് രാഷ്ട്രീയ പ്രമേയത്തില്‍ ഭേദഗതി വരുത്തിയത് ഏതെങ്കിലും വിഭാഗത്തിന്റെ വിജയമോ പരാജയമോ അല്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പാര്‍ട്ടി ഒറ്റക്കെട്ടാണെന്നും പ്രശ്‌നങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു.

സിപിഎമ്മിനെ മുള്‍മുനയില്‍ നിര്‍ത്തിയ രാഷ്ട്രീയ പ്രമേയം ഒടുവില്‍ ഒത്തുതീര്‍പ്പായിരുന്നു. യെച്ചൂരിയുട ഉറച്ച നിലപാടിന് മുന്നില്‍ കാരാട്ട് പക്ഷം വഴങ്ങി. കോണ്‍ഗ്രസുമായി ധാരണയാകാം, സഖ്യം പാടില്ലെന്ന തരത്തിലാണ് മാറ്റം വരുത്തിയത്. അവസാനം വരെ പൊരുതിയാണ് തന്റെ നിലപാടിലേക്ക് പാര്‍ട്ടിയുടെ രാഷ്ട്രീയ നയത്തെ സീതാറാം യെച്ചൂരി എത്തിച്ചത്. പി ബിയിലും കേന്ദ്ര കമ്മിറ്റിയിലും നേരിട്ട തിരിച്ചടിക്ക് പാര്‍ട്ടി കോണ്‍ഗ്രസില്‍ മധുരപ്രതികാരം നല്‍കുകയായിരുന്നു യെച്ചൂരി.

ഹൈദരബാദില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി വിമാനമിറങ്ങിയ യെച്ചൂരിക്കൊപ്പം മടങ്ങുമ്പോഴും ആ പദവി ഉണ്ടാകുമോയെന്ന് വരെ സംശയങ്ങളുയര്‍ന്നു. രാഷ്ട്രീയ പ്രമേയം അന്തിമമായി അംഗീകരിക്കുമ്പോള്‍ യെച്ചൂരി തന്നെയാണ് കരുത്തന്‍.