കൊച്ചിയില്‍ കെട്ടിടം താഴ്ന്ന സംഭവം: അന്വേഷണത്തിന് വിദഗ്ധ സംഘത്തെ നിയോഗിച്ചു

പൈലിംഗ് ജോലികളിലെ പിഴവ് മൂലമെന്ന് പ്രാഥമിക നിഗമനം
Posted on: April 21, 2018 6:24 am | Last updated: April 21, 2018 at 12:30 am
കൊച്ചി കലൂരില്‍ നിര്‍മാണത്തിനിടെ താഴ്ന്നുപോയ രണ്ട് നില കെട്ടിടം

കൊച്ചി: കലൂരില്‍ മെട്രോ തൂണിന് സമീപം രണ്ടുനില കെട്ടിടം താഴ്ന്നു പോയ സംഭവം പൈലിംഗ് ജോലികളിലെ പിഴവ് മൂലമെന്ന് പ്രാഥമിക നിഗമനം. കലൂര്‍ മെട്രോ സ്റ്റേഷന് സമീപം ഗോകുലം പാര്‍ക്കിനോട് ചേര്‍ന്ന് പൈലിംഗ് ജോലികള്‍ നടത്തിയിരുന്ന പോത്തീസിന്റെ ബഹുനില കെട്ടിടമാണ് കഴിഞ്ഞ ദിവസം രാത്രി ഇടിഞ്ഞുതാഴ്ന്നത്. ചെളിനിറഞ്ഞ മണ്ണ് കൂടുതലുള്ള പ്രദേശമായതിനാല്‍ അപകട തീവ്രത വര്‍ധിക്കാനിടയാക്കിയെന്നും അധികൃതര്‍ സംശയിക്കുന്നു. പി ഡബ്ല്യു ഡി ഉള്‍പ്പെടെയുള്ള വകുപ്പുകളുടെ വിദഗ്ധ പരിശോധനകള്‍ക്ക് ശേഷമേ വ്യക്തമായ കാരണം മനസ്സിലാകുകയുള്ളൂ. കെട്ടിടം ഇടിഞ്ഞുവീണതിനെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ സമീപത്തെ മറ്റൊരു കെട്ടിടത്തിന്റെ അടിത്തറയും ഇളകി. സമീപത്തെ മൂന്ന് നില കെട്ടിടമാണ് അപകട ഭീഷണിയിലുള്ളത്. കെട്ടിടത്തില്‍ നിന്ന് എല്ലാവരെയും ഒഴിപ്പിച്ചതായും ഈ കെട്ടിടം പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള അനുമതി റദ്ദാക്കിയതായും ഫയര്‍ഫോഴ്‌സ് അധികൃതര്‍ വ്യക്തമാക്കി.

മെട്രോ സര്‍വീസുകളെ അപകടം ബാധിക്കില്ലെന്ന് കെ എം ആര്‍ എല്‍ അധികൃതര്‍ പറ ഞ്ഞു. അപകടത്തെ തുടര്‍ന്ന് വിദഗ്ധ സംഘം കഴിഞ്ഞ ദിവസം രാത്രി തന്നെ സ്ഥലം സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ തകരാറുകളൊന്നും കണ്ടെത്താനായിട്ടില്ലെന്ന് ഇവര്‍ അറിയിച്ചു. സുരക്ഷ കണക്കിലെടുത്ത് ഇന്നലെ ഉച്ചവരെ കലൂര്‍ ഭാഗത്തേക്കുള്ള സര്‍വീസ് മെട്രോ വെട്ടിച്ചുരുക്കിയിരുന്നു. ആലുവ മുതല്‍ പാലാരിവട്ടം വരെയാണ് ഇന്നലെ ഉച്ചവരെ മെട്രോ സര്‍വീസ് നടത്തിയത്. മെട്രോയുടെ തൂണുകള്‍ കടന്നുപോകുന്ന ഭാഗത്ത് ഗര്‍ത്തം രൂപപ്പെട്ടതാണ് ആശങ്കക്കിടയാക്കിയത്. അപകടത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണവും പിന്‍വലിച്ചു. മെട്രോ തൂണുകള്‍ക്ക് തകരാര്‍ സംഭവിച്ചിട്ടില്ലെന്ന് പൊതുമരാമത്ത് വകുപ്പ് എന്‍ജിനീയര്‍മാരുടെ പരിശോധനയിലും വ്യക്തമായിട്ടുണ്ട്. ഇന്നലെ രാവിലെ ഇതിനായി ആളെ കയറ്റാതെ സര്‍വീസ് നടത്തി മെട്രോ തൂണുകളുടെ ബലം പരിശോധിച്ചിരുന്നു. മെട്രോ തൂണുകള്‍ 40 അടി ആഴത്തിലുള്ളതാണ്. ശക്തിയേറിയ ഭൂചലനത്തെ പോലും പ്രതിരോധിക്കാന്‍ ഇതിനു കെല്‍പ്പുണ്ട്. എങ്കിലും തൂണുകള്‍ക്കോ, മെട്രോ നിര്‍മിതികള്‍ക്കോ സമീപം അസ്വഭാവികമായെ എന്തെങ്കിലും ഉണ്ടായാല്‍ സര്‍വീസ് തുടരരുത് എന്നു ചട്ടമുള്ളതിനാലാണ് സര്‍വീസ് കഴിഞ്ഞ ദിവസം രാത്രി നിര്‍ത്തിവെച്ചതെന്ന് അധികൃതര്‍ അറിയിച്ചു.

അതേസമയം, കലൂരില്‍ മെട്രോ സ്റ്റേഷന് സമീപം സ്വകാര്യ സ്ഥാപനത്തിന്റെ നിര്‍മാണത്തിലിരുന്ന കെട്ടിടം ഇടിഞ്ഞുതാഴ്ന്നത് സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദഗ്ധ സംഘത്തെ നിയോഗിച്ചതായി ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുല്ല അറിയിച്ചു. വിദഗ്ധ സംഘം നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സമീപത്തെ റോഡും ഭൂമിയും ബലപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കും. മെട്രോ റെയില്‍ കടന്നുപോകുന്ന തൂണുകളുടെ സ്ഥിതി പരിശോധിച്ച് കൂടുതല്‍ സംരക്ഷണം ആവശ്യമെങ്കില്‍ അതിനും നിര്‍ദേശം നല്‍കും. പൊതുമരാമത്ത് റോഡ്‌സ് വിഭാഗം സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ ടി കെ ബല്‍ദേവ്, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എം ടി ഷാബു, കെട്ടിട വിഭാഗം എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ റെജീന ബീവി, അബ്ദുല്‍ കലാം (കെ എം ആര്‍ എല്‍), ഡോ. ബാബു ജോസഫ്, സ്ട്രക്ചറല്‍ എന്‍ജിനീയറിംഗ് വിദഗ്ധന്‍ ഡോ. അനില്‍ ജോസഫ് എന്നിവരാണ് വിദഗ്ധ സംഘത്തിലെ അംഗങ്ങള്‍. കെട്ടിടം ഇടിഞ്ഞുതാഴ്ന്നതിന് സമീപമുള്ള മറ്റ് കെട്ടിടങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവയുടെ സ്ഥിതിയും സംഘം പരിശോധിക്കും. റോഡ് ബലപ്പെടുത്തിയ ശേഷമേ ഇതുവഴിയുള്ള ഗതാഗതം പുനരാരംഭിക്കുകയുള്ളൂവെന്നും കലക്ടര്‍ അറിയിച്ചു.