കത്വ സംഭവത്തില്‍ ചിത്രങ്ങളിലൂടെ പ്രതികരിച്ച ദുര്‍ഗാ മാലതിയുടെ വാഹനം തകര്‍ത്തു

    Posted on: April 21, 2018 6:09 am | Last updated: April 21, 2018 at 11:08 am
    കല്ലേറില്‍ തകര്‍ന്ന ചിത്രകാരിയുടെ ജീപ്പ്

    പട്ടാമ്പി: കത്വയില്‍ എട്ട് വയസുകാരി ക്രൂരമായി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ചിത്രങ്ങളിലൂടെ പ്രതികരിച്ച ചിത്രകാരി ദുര്‍ഗ്ഗാ മാലതിയുടെ വില്ലീസ് ജീപ്പിന് നേരെ കല്ലേറ്. സഹോദരന്‍ നിധിന്റെ ജീപ്പിന് നേരെയാണ് കല്ലേറ് നടത്തിയത്.

    വ്യാഴാഴ്ച രാത്രി 11 ഓടെ ബൈക്കിലെത്തിയാണ് ജീപ്പിന്റെ ഗ്ലാസ് എറിഞ്ഞ് തകര്‍ത്തത്. മൂതുതലയിലെ വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പിന്റെ ചില്ലാണ് തകര്‍ത്തത്. എം എല്‍ എമാരായ വി ടി ബല്‍റാം, മുഹമ്മദ് മുഹ്‌സിന്‍ എന്നിവര്‍ ചിത്രകാരിയുടെ വീട്ടിലെത്തി. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനെതിരെ തിരിയുന്ന ഇത്തരം ആളുകള്‍ക്ക് നേരെ സാംസ്‌കാരിക കേരളം പ്രതികരിക്കണമെന്ന് എം എല്‍ എമാര്‍ പറഞ്ഞു.