വെറുതെവിട്ടത് വിചാരണ കോടതി 28 വര്‍ഷത്തെ ശിക്ഷ വിധിച്ച കേസില്‍

Posted on: April 21, 2018 6:02 am | Last updated: April 20, 2018 at 11:36 pm
മായാ കോദ്‌നാനി (മധ്യത്തില്‍, ഫയല്‍ ചിത്രം)

അഹമ്മദാബാദ്: നരോദ പാട്യ കൂട്ടക്കൊല കേസില്‍ ഗുജറാത്ത് ഹൈക്കോടതി കുറ്റവിമുക്തയാക്കിയ മായാ കോദ്‌നാനിക്ക് 2012ല്‍ വിചാരണ കോടതി വിധിച്ചത് 28 വര്‍ഷത്തെ ജയില്‍ശിക്ഷ. 2002ലെ ഗുജറാത്ത് വംശഹത്യയില്‍ കൂടുതല്‍ പേര്‍ മരിച്ച സംഭവങ്ങളിലൊന്നായിരുന്നു നരോദ പാട്യ. 97 പേരാണ് കൊല്ലപ്പെട്ടത്.

2014 ജൂലൈയില്‍ കോദ്‌നാനിക്ക് ആരോഗ്യസ്ഥിതി വെച്ച് ജാമ്യം നല്‍കിയിരുന്നു. ആത്മഹത്യാ പ്രവണത കാണിക്കുന്നുവെന്നും ഷോക്ക് അടക്കമുള്ള ചികിത്സയോട് പ്രതികരിക്കുന്നില്ലെന്നും ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. അഹമ്മദാബാദ് നഗരത്തില്‍ നിന്ന് പത്ത് കിലോമീറ്റര്‍ മാത്രം അകലെയാണ് നരോദ പാട്യ. 2002 ഫെബ്രുവരി 28ന് നൂറിനടുത്ത് മുസ്‌ലിംകളാണ് കൊല്ലപ്പെട്ടത്. സമീപ സ്ഥലമായ നരോദ ഗാമില്‍ പതിനൊന്ന് മുസ്‌ലിംകള്‍ കൊല്ലപ്പെട്ട കേസിലും ആരോപണവിധേയയാണ് മായ കോദ്‌നാനി. കലാപകാലയളവില്‍ മന്ത്രിയായിരുന്നില്ലെങ്കിലും 2007- 09 കാലത്ത് സംസ്ഥാന വനിതാ, ശിശുവികസന മന്ത്രിയായിരുന്നു. മായാ കോദ്‌നാനി കലാപകാരികള്‍ക്ക് വാള്‍ കൈമാറിയെന്നും മുസ്‌ലിംകളെ ആക്രമിക്കാന്‍ പ്രേരിപ്പിച്ചെന്നും പിസ്റ്റല്‍ ഉപയോഗിച്ച് വെടിവെച്ചെന്നും സാക്ഷിമൊഴികളുണ്ട്.

അന്ന് ഗുജറാത്ത് എം എല്‍ എ ആയിരുന്ന അമിത് ഷായും മറ്റ് 13 പേരും ജോലി ചെയ്തിരുന്ന സോള സിവില്‍ ഹോസ്പിറ്റലിലെത്തി തന്നെ കണ്ടുവെന്ന് മായ പറഞ്ഞിരുന്നു. വംശഹത്യക്ക് കാരണമായ സബര്‍മതി എക്‌സ്പ്രസ് തീവെപ്പില്‍ മരിച്ച 60 പേരുടെ മൃതദേഹങ്ങള്‍ കാണാനെത്തിയ വേളയിലാണ് കോദ്‌നാനിയുമായി കൂടിക്കാഴ്ച നടത്തിയത്. അന്ന് ഗുജറാത്ത് നിയമസഭയില്‍ വെച്ചും കോദ്‌നാനിയെ ഷാ കണ്ടിരുന്നു. കലാപ കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലില്‍ ഷായും ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്. ഷാ സമ്മതിച്ചെങ്കിലും, കോദ്‌നാനിയുടെ നിയമസഭ, ആശുപത്രി സന്ദര്‍ശനങ്ങള്‍ക്കിടയില്‍ നരോദ ഗാമയില്‍ അവരെത്തിയെന്നത് തെളിയിക്കപ്പെട്ടിട്ടില്ല. അതേസമയം അവരെ നരോദ ഗാമയില്‍ കണ്ടെന്ന് സാക്ഷികള്‍ പറയുന്നു. രാവിലെ 9.30നും പത്തിനും ഇടയില്‍ ഗാമയില്‍ അവരെ കണ്ടിട്ടുണ്ട്. ആശുപത്രിയിലും നിയമസഭയിലും അവരെ കണ്ടെന്ന് അമിത് ഷാ പറയുന്നു. പക്ഷേ, അതിനിടയിലെ സമയത്ത് അവരെവിടെയായിരുന്നുവെന്നത് ഷാക്ക് അറിയില്ലെന്നും ഇംതിയാസ് ഖുറേശി എന്ന സാക്ഷി പറയുന്നു.