മുസ്‌ലിംകളുടെ ദുരിതജീവിതം പുറത്തുകൊണ്ടുവന്ന നീതിയുടെ കാവലാള്‍

Posted on: April 21, 2018 6:21 am | Last updated: April 20, 2018 at 11:33 pm

2015 മെയ് 25ന് മുസ്‌ലിം വീടുകള്‍ക്ക് നേരെ വ്യാപക ആക്രമണമുണ്ടായ ഹരിയാനയിലെ അടാലിയില്‍ സന്ദര്‍ശനം നടത്തുന്ന ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ (ഫയല്‍)

ന്യൂഡല്‍ഹി: വിടവാങ്ങിയ ഡല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസും ആക്ടിവിസ്റ്റുമായിരുന്ന രജീന്ദര്‍ സച്ചാറിനെ രാജ്യം ഓര്‍ക്കുക ഇന്ത്യന്‍ മുസ്‌ലിം ജീവിതത്തെക്കുറിച്ചുള്ള ആഴമേറിയ ചര്‍ച്ചകള്‍ക്കും ആശങ്കകള്‍ക്കും വഴിയൊരുക്കിയ കമ്മീഷന്റെ അധ്യക്ഷനായി. 2005ലെ മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ ഇന്ത്യന്‍ മുസ്‌ലിംകളുടെ സാമൂഹിക സാമ്പത്തിക, വിദ്യാഭ്യാസ നിലവാരത്തെക്കുറിച്ച് പഠിക്കുന്നതിനുള്ള കമ്മിറ്റിയുടെ അധ്യക്ഷനായി തിരഞ്ഞെടുത്തത് രജീന്ദര്‍ സച്ചാറിനെയായിരുന്നു. ഇന്ത്യയിലെ മുസ്‌ലിം ജീവിതം ദേശീയ ശരാശരിയേക്കാള്‍ താഴെയാണെന്ന ഞെട്ടിക്കുന്ന വിവരമായിരുന്നു സച്ചാര്‍ അധ്യക്ഷനായ ഏഴംഗ കമ്മീഷന്‍ വിളിച്ചു പറഞ്ഞത്. 2005 മാര്‍ച്ച് 9 ന് നിയോഗിച്ച കമ്മീഷന്‍ 20 മാസത്തിനുശേഷം 2006 നവംബര്‍ 30ന് 403 പേജുകളുള്ള റിപ്പോര്‍ട്ട് ലോക്‌സഭയുടെ മേശപ്പുറത്ത് വെച്ചു. ഇന്ത്യന്‍ മുസ്ലിംകളുടെ ജീവിത നിലവാരവും അവരെ മുഖ്യധാരയിലേക്കു കൊണ്ടുവരുന്നതിനായുള്ള ശിപാര്‍ശകളുമായിരുന്നു റിപ്പോര്‍ട്ട്. ഇന്ത്യന്‍ മുസ്ലിംകളുടെ അവസ്ഥ, പട്ടികജാതി- പട്ടികവര്‍ഗ വിഭാഗത്തേക്കാള്‍ താഴ്ന്ന നിലവാരത്തിലുള്ളതാണെന്നെതായിരുന്നു കമ്മീഷന്റെ റിപ്പോര്‍ട്ടിലെ പ്രധാന പരാമര്‍ശം. ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് വിദ്യാഭ്യാസ സാഹചര്യങ്ങള്‍ കുറവാണ്. നാല് ശതമാനം മുസ്ലിംകള്‍ മാത്രമെ മദ്‌റസ വിദ്യാഭ്യാസത്തിന് പോലും പോകുന്നുള്ളൂവെന്നും മുസ്‌ലിം ഗ്രാമങ്ങളില്‍ പ്രാഥമിക സര്‍ക്കാര്‍ വിദ്യാലയങ്ങളില്ലെന്നും കമ്മീഷന്‍ കണ്ടെത്തിയിരുന്നു. തൊഴില്‍, വിദ്യാഭ്യാസം, താമസം എന്നീ രംഗങ്ങളില്‍ മുസ്ലിംകള്‍ക്ക് അവസര സമത്വം ഉറപ്പുവരുത്തുന്നതിനായി സ്വീകരിക്കേണ്ട നടപടികള്‍ കൂടി കമ്മീഷന്‍ മുന്നോട്ടുവെച്ചിരുന്നു. മറ്റു സമദായങ്ങള്‍ക്ക് നല്‍കുന്ന പരിഗണന പോലും രാജ്യത്തെ മുസ്‌ലിംകള്‍ക്ക് നല്‍കിയിട്ടില്ലെന്നും കമ്മീഷന്‍ കണ്ടെത്തിയിരുന്നു. പിന്നീട്, രാജ്യത്തെ വിവിധ സംസ്ഥാന സര്‍ക്കാറുകളും കേന്ദ്രവും മുസ്‌ലിം പദ്ധതികള്‍ ആസൂത്രണം ചെയ്തത് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയായിരുന്നു. വിവിധ സന്നദ്ധ സംഘടനകളും പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനും രാജ്യത്തെ മുസ്‌ലിംകളെക്കുറിച്ചുള്ള കൂടുതല്‍ പഠനങ്ങള്‍ക്കും വഴിയൊരുക്കി. മലയാളിയും ജെ എന്‍ യു സര്‍വകാലാശയിലെ സോഷ്യോളജി പ്രൊഫസറുമായ ടി കെ ഉമ്മന്‍, സയ്യിദ് ഹാമിദ്, എം എ ബാസിത്, ഡോ. അക്തര്‍ മജീദ്, ഡോ. അബൂ സ്വാലിഹ് ശരീഫ്, ഡോ. രാഗേഷ് ബസന്ത്, സയ്യിദ് സഫര്‍ മഹ്മൂദ് എന്നിവരായിരുന്നു മറ്റു പ്രധാന അംഗങ്ങള്‍. പ്രശ്‌നങ്ങള്‍ തരണം ചെയ്യുന്നതിന് നിരവധി ശിപാര്‍ശകളും കമ്മിറ്റി മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍, അവയില്‍ പലതും ഇന്നും പാലിക്കപ്പെട്ടിട്ടില്ല.

ലാഹോറിലെ എ ഡി വി ഹൈസ്‌കൂളില്‍ നിന്ന് ഹൈസ്‌കൂള്‍ വിദ്യാഭ്യാസവും ലാഹോറിലെ തന്നെ ലോ കോളജില്‍ നിന്ന് നിയമ ബിരുദവും നേടി. 1952ല്‍ ഷിംലയിലാണ് അഭിഭാഷകനായി സേവനം തുടങ്ങിയത്. തുടര്‍ന്ന് സുപ്രീം കോടതിയില്‍ സിവില്‍, ക്രിമിനല്‍, റവന്യൂ കേസുകള്‍ പ്രാക്ടീസ് ചെയ്യാന്‍ ആരംഭിച്ചു. 1972ല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ രണ്ട് വര്‍ഷത്തേക്ക് അഡീഷനല്‍ ജഡ്ജിയായി നിയമിതനായി. സിക്കിം ഹൈക്കോടതിയില്‍ ആക്ടിംഗ് ചീഫ് ജസ്റ്റിസായും രാജസ്ഥാന്‍ ഹൈക്കോടതിയില്‍ ജഡ്ജിയായും നിയമിതനായി.

സച്ചാര്‍ കമ്മിറ്റിക്ക് നേതൃത്വം നല്‍കുന്നതിന് മുമ്പ് പൗര സ്വാതന്ത്ര്യത്തിന് വേണ്ടി എന്നും ശബ്ദമുയര്‍ത്തിയയാളെന്ന നിലയില്‍ ശ്രദ്ധേയനായിരുന്നു. ജമ്മു കശ്മീരില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഏറെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 1990ല്‍ കശ്മീര്‍ അവസ്ഥയിലെ റിപ്പോര്‍ട്ട് എഴുതിയവരില്‍ ഒരാളായിരുന്നു. മനുഷ്യാവകാശ സംരക്ഷണ നിയമം പുനഃപരിശോധിക്കുന്നതിനും മാറ്റങ്ങളും ഭേദഗതികളും ആവശ്യമുണ്ടോയെന്ന് തീരുമാനിക്കുന്നതിനുമുള്ള ചീഫ് ജസ്റ്റിസ് അസീസ് മുശബ്ബിര്‍ അഹ്മദി അധ്യക്ഷനായ ഉപദേശക കമ്മിറ്റിയില്‍ നിയമിതനായി. ഇറാഖിലെ യു എസ് അധിനിവേശത്തെ 2003ല്‍ സുപ്രീം കോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണൊപ്പം അതിശക്തമായി അപലപിച്ചയാളായിരുന്നു ജസ്റ്റിസ് സച്ചാര്‍. ഭാരത് പെട്രോളിയവും ഹിന്ദുസ്ഥാന്‍ പെട്രോളിയവും സ്വകാര്യവത്കരിക്കുന്നതിനെതിരെയും രംഗത്ത് വന്നു.