Connect with us

Kerala

നിയമോപദേശം പരിഗണിക്കാതെയും ഉദ്യോഗസ്ഥര്‍ക്ക് തുടര്‍നടപടിയെടുക്കാം

Published

|

Last Updated

തിരുവനന്തപുരം: വിജിലന്‍സില്‍ അസാധാരണ സര്‍ക്കുലറുമായി ഡയറക്ടര്‍ നിര്‍മല്‍ ചന്ദ്ര അസ്താന. നിയമോപദേശകരുടെ അഭിപ്രായം പരിഗണിക്കാതെയും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കേസുകളില്‍ തുടര്‍ നടപടിയെടുക്കാമെന്നാണ് സര്‍ക്കുലര്‍. വിജിലന്‍സ് മാന്വലിന് വിരുദ്ധമായ സര്‍ക്കുലര്‍ കേസുകളില്‍ തിരിച്ചടിയാകുമെന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം.

വിജിലന്‍സ് അന്വേഷിക്കുന്ന പരാതികളിലും കേസുകളിലും ഉദ്യോഗസ്ഥര്‍ നിയമോപദേശം തേടി തുടര്‍നടപടി സ്വീകരിക്കുന്നതാണ് ഇതുവരെ നിലനിന്നിരുന്ന രീതി. സുപ്രധാന അന്വേഷണങ്ങളില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നതും വിജിലന്‍സ് നിയമോപദേശകരുടെ അഭിപ്രായം പരിഗണിച്ചായിരുന്നു. എന്നാല്‍, വിജിലന്‍സ് മാന്വല്‍ പ്രകാരം പിന്തുടരുന്ന ഈ നടപടികള്‍ അട്ടിമറിക്കുന്നതാണ് വിജിലന്‍സ് ഡയറക്ടര്‍ എന്‍ സി അസ്താനയുടെ പുതിയ സര്‍ക്കുലര്‍. വിജിലന്‍സ് നിയമോപദേഷ്ടാക്കളുടെ ഉപദേശം ലഭിച്ചാലും ഇത് തള്ളാനുള്ള സ്വാതന്ത്ര്യം ഉദ്യോഗസ്ഥര്‍ക്കുണ്ടെന്ന് സര്‍ക്കുലറില്‍ പറയുന്നു.

നിയമോപദേശം അഭിപ്രായം മാത്രമായി പരിഗണിച്ചാല്‍ മതി. ഇത് നിര്‍ദേശമല്ലെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. ഡയറക്ടറുടെ നിലപാട് പ്രധാന കേസുകളിലടക്കം കോടതിയില്‍ തിരിച്ചടിയാകുമെന്നാണ് ഒരു വിഭാഗം നിയമോപദേഷ്ടാക്കളുടെ നിലപാട്. എന്നാല്‍, കേസുകളുടെ ഉത്തരവാദിത്തം പൂര്‍ണമായും ഉദ്യോഗസ്ഥര്‍ക്ക് മാത്രമാകുന്നത് പ്രശ്‌നമുണ്ടാക്കില്ലെന്നാണ് മറ്റു അഭിപ്രായം.

നിലവില്‍ ഏഴ് അഭിഭാഷകരാണ് വിജിലന്‍സ് നിയമോപദേശകരുടെ ചുമതല വഹിക്കുന്നത്. പുതിയ സര്‍ക്കുലര്‍ നിയമോപദേശകരുടെ പദവി തന്നെ ചോദ്യം ചെയ്യപ്പെടുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിക്കുമെന്നും വിലയിരുത്തലുണ്ട്. ബാര്‍ കോഴക്കേസില്‍ യു ഡി എഫ് സര്‍ക്കാറിന്റെ കാലത്ത്് വിജിലന്‍സ് നിയമോപദേശകന് പകരം സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായിരുന്നു ഹാജരായിരുന്നത്. എല്‍ ഡി എഫ് സര്‍ക്കാറിന്റെ കാലത്തും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചിരുന്നു. മാണിയെ കുറ്റവിമുക്തനാക്കുന്ന വിജിലന്‍സ് റിപ്പോര്‍ട്ടിനെ എതിര്‍ത്തതിനെ തുടര്‍ന്ന് അദ്ദേഹത്തെ മാറ്റിയിരുന്നു.

സംസ്ഥാന സര്‍ക്കാറിന്റെ താത്പര്യം സംരക്ഷിക്കുന്നതിനായിരുന്നു നിയമോപദേശകരുടെ സ്ഥാനത്ത് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാരെ നിയമിച്ചിരുന്നത്. യു ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് മാണിയെ രക്ഷിക്കുന്നതിനുള്ള ശ്രമമാണ് അന്നത്തെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ നടത്തിയത്.