Connect with us

Gulf

ആര്‍ട് ദുബൈ പ്രദര്‍ശനം തുടങ്ങി

Published

|

Last Updated

ദുബൈ: വേള്‍ഡ് ട്രേഡ് സെന്ററില്‍ ആര്‍ട് ദുബൈ പ്രദര്‍ശനം ആരംഭിച്ചു. നാളെ സമാപിക്കും. മുന്നൂറിലേറെ ചിത്രകാരന്മാരാണ് ലോക ആര്‍ട് ദുബൈക്ക് ഇത്തവണ എത്തിയിരിക്കുന്നത്. ഇവരുടേതായി നാലായിരത്തിലേറെ കലാരൂപങ്ങളാണ് അണിനിരന്നിരിക്കുന്നത്. പ്രദര്‍ശനത്തിന് പുറമെ തല്‍സമയ ചിത്രരചന, പ്രഭാഷണങ്ങള്‍, സംവാദങ്ങള്‍ എന്നിവയും 21-ന് ശനിയാഴ്ച വരെ നീളുന്ന മേളയിലുണ്ട്. ഉച്ചതിരിഞ്ഞ് രണ്ട് മുതല്‍ രാത്രി ഒമ്പത് മണിവരെയാണ് പ്രദര്‍ശന സമയം. 25 ദിര്‍ഹമാണ് പ്രവേശന ഫീസ്. 16 വയസ്സിന് താഴെയുള്ളവര്‍ക്ക് പ്രവേശനം സൗജന്യം.

പരമ്പരാഗത ചിത്രരചനയിലൂടെ കലാരംഗത്തെത്തിയ ശേഷം ഗ്രാഫിറ്റി എന്ന സങ്കേതത്തില്‍ ശ്രദ്ധേയനായ സുഹൈല്‍ കൊല്ലങ്കോടാണ് മേളയിലെ ശ്രദ്ധേയമായ മലയാളി സാന്നിധ്യം. ഈ രംഗത്ത് ദുബൈയിലെ മുന്‍നിരക്കാരിലൊരാള്‍ എന്നും വിശേഷിപ്പിക്കാം. ചിത്രകലയുടെ അക്കാദമിക് പഠനങ്ങളൊന്നുമില്ലാതെ തന്നെ ഈ രംഗത്തേക്ക് കടന്നുവന്ന സുഹൈല്‍ ദുബൈയില്‍ ഒരു മീഡിയാ പ്രൊഡക്ഷന്‍ കമ്പനിയുടെ സാരഥിയാണ്. ഗ്രാഫിറ്റി രചനയാണ് സുഹൈല്‍ ഒരുക്കിയത്. എവെയ്ക്കനിങ് എന്ന പേരില്‍ ഇന്നലെ രാവിലെയായിരുന്നു പ്രകടനം.

പ്രദര്‍ശനത്തിലെ മലയാളി സ്ത്രീ സാന്നിധ്യമാണ് പ്രബിത രാജേഷ്. ഷാര്‍ജയില്‍ ജനിച്ചുവളര്‍ന്ന പ്രബിത കുട്ടിക്കാലം മുതല്‍ ചിത്രരചനയില്‍ അഭിരുചി കാണിച്ചിരുന്നു. വിവിധ മാധ്യമങ്ങള്‍ ഉപയോഗിച്ചുചെയ്ത ചിത്രങ്ങളാണ് വേള്‍ഡ് ആര്‍ട്ട് ദുബൈയില്‍ പ്രദര്‍ശിപ്പിക്കുന്നത്. പ്രദര്‍ശനനഗരിയിലെ ഡി. 62 ചുമരിലാണ് പ്രബിതയുടെ ചിത്രങ്ങള്‍. ഷാര്‍ജയിലെ ഒരു പ്രമുഖ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന പ്രബിത ആര്‍ക്കിടെക്റ്റ് കൂടിയാണ്.
ചിത്രരചനക്കാപ്പം നാട്യകലകളിലും കഴിവുതെളിയിച്ചിട്ടുള്ള പ്രബിത മല്ലപ്പള്ളി എന്‍ ആര്‍ ഐ യു എ ഇ അസോസിയേഷന്റെ പ്രവര്‍ത്തകയാണ്.