Connect with us

National

ഇംപീച്ചമെന്റ് നോട്ടീസിനെതിരെ അരുണ്‍ ജയറ്റ്‌ലി രംഗത്ത്

Published

|

Last Updated

ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യുന്നതിനായുള്ള പ്രതിപക്ഷത്തിന്റെ നോട്ടീസിനെതിരെ ധനമന്ത്രി അരുണ്‍ ജയറ്റ്‌ലി രംഗത്തെത്തി. പ്രതിപക്ഷ എം പിമാരുടെ ഇംപീച്ച്‌മെന്റ് നോട്ടീസ് രാഷ്ട്രീയായുധമാണെന്നും നീതിന്യായ വ്യവസ്ഥയ്ക്ക് വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു. നിയമപരമായ അയോഗ്യതയോ ദുര്‍ഭരണം നടത്തിയെന്ന് തെളിയുകയോ ചെയ്താല്‍ മാത്രമേ ഇംപീച്ച്‌മെന്റ് നീക്കം പാടുള്ളൂ. എന്നാല്‍ കോണ്‍ഗ്രസും പ്രതിപക്ഷ പാര്‍ട്ടികളും ചേര്‍ന്ന് ഇംപീച്ച്‌മെന്റ് എന്നതിന രാഷ്ട്രീയമായിട്ട് ഉപയോഗിക്കുകയാണെന്നും ജയറ്റ്‌ലി കുറ്റപ്പെടുത്തി.

ഇന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒപ്പിട്ട് നല്‍കിയ ഇംപീച്ച്‌മെന്റ് ജസ്റ്റിസ് ലോയ കേസില്‍ കോണ്‍ഗ്രസിന്റെ കള്ളക്കളി നടക്കാത്തതിലുള്ള പ്രതികാര നടപടി മാത്രമാണ്. ഒരു ജഡ്ജിയ്‌ക്കെതിരെ നടപടി ആവശ്യപ്പെടുന്നതിലൂടെ മറ്റ് ജഡ്ജിമാരെയും ഭീഷണിപ്പെടുത്താനാണ് കോണ്‍ഗ്രസിന്റെ ശ്രമം. തങ്ങളുമായി സഹകരിച്ചില്ലെങ്കില്‍ ഇതാവും അവസ്ഥയെന്ന സന്ദേശം നല്‍കാനാണ് കോണ്‍ഗ്രസിന്റെ ശ്രമമെന്നും ജെയ്റ്റ്‌ലി കുറ്റപ്പെടുത്തി.

ലോയയുടെ മരണത്തില്‍ പ്രത്യേക അന്വേഷണം വേണ്ടെന്ന സുപ്രീംകോടതി വിധി വന്നതുമുതല്‍ വാദപ്രതിവാദങ്ങളില്‍ സജീവമാണ് കോണ്‍ഗ്രസും ബി ജെ പിയും. അതിനിടെയാണ് പ്രതിപക്ഷപാര്‍ട്ടികളിലെ 71 എം പിമാര്‍ ഒപ്പിട്ട ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരായ ഇംപീച്ച്‌മെന്റ് നോട്ടീസ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രാജ്യസഭാ ചെയര്‍മാനായ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് സമര്‍പ്പിച്ചത്. ഇംപീച്ച്‌മെന്റിനെ അനുകൂലിക്കുന്ന നോട്ടീസില്‍ ഏകദേശം 60ഓളം എം പിമാര്‍ ഒപ്പിട്ടിട്ടുണ്ട്.

Latest