Connect with us

National

ചീഫ് ജസ്റ്റിസിനെതിരെ പ്രതിപക്ഷ നേതാക്കള്‍ ഇംപീച്ച്‌മെന്റ് നോട്ടീസ് നല്‍കി

Published

|

Last Updated

ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്‌മെന്റ് നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികള്‍ ഉപരാഷ്ട്രപതി വെങ്കയ്യാ നായിഡുവിന് നോട്ടീസ് നല്‍കി. കോണ്‍ഗ്രസ്, സി പി എം, സി പി ഐ, എന്‍ സി പി, എസ് പി, ബി എസ് പി, മുസ്‌ലിം ലീഗ് കക്ഷികളില്‍ നിന്നായി 71 രാജ്യസഭാ എം പിമാര്‍ ഒപ്പുവെച്ച ഇംപീച്ച്‌മെന്റ് പ്രമേയമാണ് രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷകക്ഷി നേതാക്കള്‍ ഉപരാഷ്ട്രപതിയുടെ വസതിയിലെത്തി നല്‍കിയത്. ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യുന്നതിനുള്ള പ്രമേയം അവതരിപ്പിക്കുന്നതിന് അമ്പത് അംഗങ്ങള്‍ അംഗീകരിച്ചാല്‍ മതിയെന്നാണ് ഭരണഘടന വ്യക്തമാക്കുന്നത്.

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ഇടപെടലുകളിലെ അഞ്ച് തെറ്റുകള്‍ ചൂണ്ടിക്കാണിച്ചാണ് പരാതി നല്‍കിയതെന്ന് ഗുലാംനബി ആസാദ് മാധ്യമങ്ങളോട് പറഞ്ഞു. സുപ്രീം കോടതിയുടെ സ്വതന്ത്രമായ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകുന്നതില്‍ ചീഫ് ജസ്റ്റിസിന്റെ ഭാഗത്തു നിന്ന് ഒരു തരത്തിലുള്ള നീക്കവും നടക്കുന്നില്ലെന്നും അതുകൊണ്ടാണ് ഇംപീച്ച്‌മെന്റുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചതെന്നുമാണ് പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയത്. ബി ജെ പി അധ്യക്ഷന്‍ അമിത് ഷാ പ്രതിയായിരുന്ന സുഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിന്റെ വാദം കേട്ടിരുന്ന ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണം സംബന്ധിച്ച് സ്വതന്ത്ര അന്വേഷണം നടത്തേണ്ടതില്ലെന്ന വിധിക്ക് പിന്നാലെയാണ് പ്രതിപക്ഷം ഇംപീച്ച്‌മെന്റ് നീക്കവുമായി വീണ്ടും രംഗത്തെത്തിയത്.

ഉത്തര്‍പ്രദേശിലെ പ്രസാദ് എജ്യുക്കേഷന്‍ ട്രസ്റ്റ് മെഡിക്കല്‍ പ്രവേശന അഴിമതിയടക്കമുള്ള കേസുകളില്‍ ആരോപണവിധേയനായ ചീഫ് ജസ്റ്റിസിനെതിരെ നേരത്തെ തന്നെ ഇംപീച്ച്‌മെന്റ് നീക്കങ്ങളുമായി പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തിയിരുന്നു. ജസ്റ്റിസ് ചെലമേശ്വറിന്റെ നേതൃത്വത്തില്‍ മുതിര്‍ന്ന നാല് ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിനെതിരെ പരസ്യമായി ആരോപണമുന്നയിച്ച് വാര്‍ത്താ സമ്മേളനം നടത്തിയതിന് പിന്നാലെയായിരുന്നു ഇംപീച്ച്‌മെന്റ് നീക്കം നടത്തിയിരുന്നത്. എന്നാല്‍, ഈ നീക്കത്തില്‍ മറ്റുചില പ്രതിപക്ഷ പാര്‍ട്ടികള്‍ വിയോജിപ്പ് അറിയിച്ചതോടെയാണ് പിന്മാറിയത്.

പ്രസാദ് എജ്യുക്കേഷന്‍ ട്രസ്റ്റ് കേസിന് പുറമെ, ദീപക് മിശ്ര അഭിഭാഷകനായിരുന്ന സമയത്ത് കള്ള സത്യവാങ്മൂലം നല്‍കി ഭൂമി കൈവശപ്പെടുത്തിയ സംഭവവും മുതിര്‍ന്ന നാല് ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിനെതിരെ ഉന്നയിച്ച വിഷയങ്ങളും ചീഫ് ജസ്റ്റിസിനെ തത്സ്ഥാനത്ത് നിന്ന് നീക്കാന്‍ കാരണമായി പ്രതിപക്ഷ കക്ഷികള്‍ നല്‍കിയ നോട്ടീസില്‍ പറയുന്നുണ്ട്. അതേസമയം, ഇംപീച്ച്‌മെന്റ് നീക്കത്തെക്കുറിച്ചുള്ള പൊതു ചര്‍ച്ചകള്‍ നിര്‍ഭാഗ്യകരമാണെന്ന് സുപ്രീം കോടതി പറഞ്ഞു. ഇംപീച്ച്‌മെന്റുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നല്‍കുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജിയിലാണ് ജസ്റ്റിസുമാരായ എ കെ സിക്രി, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബഞ്ചിന്റെ പരാമര്‍ശം.

 

Latest