കത്വ സംഭവത്തില്‍ ചിത്രംവരച്ച് പ്രതിഷേധിച്ച ദുര്‍ഗ മാലതിയുടെ വീടിന് നേരെ ആക്രമണം

Posted on: April 20, 2018 9:14 am | Last updated: April 20, 2018 at 1:05 pm

പാലക്കാട്: ജമ്മു കശ്മീരിലെ കത്വയില്‍ എട്ട് വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിനെതിരെ ചിത്രം വരച്ച് പ്രതിഷേധിച്ച ദുര്‍ഗ മാലതിയുടെ വീടിന് നേരെ ആക്രമണം. പട്ടാമ്പിയിലെ വീടിന് നേരെ ഇന്നലെ അര്‍ധരാത്രിയിലാണ് സംഭവം.

ബൈക്കിലെത്തിയ സംഘം കല്ലെറിയുകയായിരുന്നുവെന്ന് ദുര്‍ഗ മാലതി ഫേസ്ബുക്ക് പോസറ്റിലൂടെ അറിയിച്ചു. വീട്ടു മുറ്റത്ത് നിര്‍ത്തിയിട്ട വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ത്തിട്ടുണ്ട്. ചിത്രം വരച്ച് പ്രതിഷേധിച്ച സംഭവത്തില്‍ ഇവര്‍ക്കെതിരെ സംഘപരിവാര്‍ ഭീഷണിയുണ്ടായിരുന്നു. ചിത്രം പിന്‍വലിച്ച് മാപ്പു പറഞ്ഞില്ലെങ്കില്‍ ജീവന്‍ നഷ്ടപ്പെടുമെന്നാണ് സാമൂഹിക മാധ്യമങ്ങള്‍ വഴിയുള്ള ഭീഷണി. ഭീഷണിക്ക് മുന്നില്‍ മുട്ടുമടക്കില്ലെന്ന് ഇവര്‍ പറഞ്ഞു.

ദുര്‍ഗ മാലതിയുടെ ഫേസ്ബുക്ക് പോസ്റ്റ്……

ഇന്നലെ രാത്രി അവര്‍ വീടിനുനേരെ കല്ലെറിഞ്ഞു.. വീട്ടിലെ വാഹനത്തിന്റെ ചില്ല് എറിഞ്ഞു ഉടച്ചു… ഇന്നലെ രാത്രി തന്നെ പട്ടാമ്പി പോലിസ് വന്നിരുന്നു… കേട്ടാലറക്കുന്ന തെറികളും വധ പീഡന ഭീഷണികള്‍ എന്റെ പ്രൊഫെയിലില്‍ വന്നു കൂട്ടം കൂട്ടമായി വിളമ്പിക്കൊണ്ടേയിരിക്കുന്നു.. ആരെയും എന്തും പറയാം… മതമെന്ന അവരുടെ വികാരത്തെ എളക്കിവിട്ടാല്‍ മത് മതേതര പുരോഗമന കേരളത്തില്‍… അത് ഞാന്‍ അര്‍ഹിക്കുന്നു എന്ന നിലപാടാണു പലയിടത്തുനിന്നുമുള്ള നിശബ്ദതയില്‍ എനിക്കു കാണാന്‍ കഴിയുന്നത്… എന്താണു ഞാന്‍ ചെയ്ത തെറ്റ് ?? പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ചവര്‍ക്കെതിരെ ചിത്രങ്ങള്‍ വരച്ചു…. അത് ഒരു മതത്തിനുമെതിരല്ല എന്നു പലതവണ പോസ്റ്റിലൂടെയും ലൈവിലൂടെയും പറയേണ്ട ഗതികേടു വരെ ഉണ്ടായി…ഒരു ജനാധിപത്യരാജ്യത്താണു ഞാന്‍ ജീവിക്കുന്നതെന്നു പലപ്പോഴും ഞാന്‍ എന്നെ തന്നെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിക്കുകയാണു… എനിക്ക് നീതികിട്ടിയില്ലെങ്കില്‍ ജനാധിപത്യം ഒരു വലിയകളവാണെന്നു വിശ്വസിക്കേണ്ടിവരും…