പി എസ് ജി ഫ്രഞ്ച് കപ്പ് ഫൈനലില്‍

Posted on: April 20, 2018 6:35 am | Last updated: April 20, 2018 at 12:40 am

പാരിസ്: തുടരെ നാലാം വര്‍ഷവും പി എസ് ജി ഫ്രഞ്ച് കപ്പ് ഫൈനലില്‍. സെമിയില്‍ കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോളുകളുടെ ബലത്തില്‍ സിയനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി.

25,81 മിനുട്ടുകളിലാണ് എംബാപ്പെയുടെ സ്‌കോറിംഗ്. സ്‌റ്റോപ്പേജ് ടൈമില്‍ കുന്‍കുവാണ് മൂന്നാം ഗോള്‍ നേടിയത്. ആദ്യപകുതിയില്‍ എംബാപ്പെയുടെ ഗോളില്‍ ലീഡെടുത്ത പി എസ് ജിയെ സിയന്‍ നാല്‍പ്പത്തിമൂന്നാം മിനുട്ടില്‍ ഡയമന്‍ഡെയുടെ ഗോളില്‍ സമനില പിടിച്ചതായിരുന്നു കളിക്ക് ആവേശം പകര്‍ന്നത്. ആദ്യ പകുതിയില്‍ 1-1 ആയിരുന്നു സ്‌കോര്‍.

ഉറുഗ്വെന്‍ താരം എഡിന്‍സന്‍ കവാനിയുടെ പാസിലായിരുന്നു എംബാപ്പെയുടെ ആദ്യ ഗോള്‍. ഡയമന്‍ഡെയുടെ സ്‌കോറിംഗ് എതിര്‍താരങ്ങളുടെ ദേഹത്ത് തട്ടിത്തെറിച്ചാണ് വലയില്‍ കയറിയത്. കവാനിയുടെ പാസില്‍ എംബാപ്പെ രണ്ടാം ഗോള്‍ നേടി. ഇത് പക്ഷേ ആദ്യം റഫറി ഓഫ് സൈഡ് വിളിച്ചു. വീഡിയോ റിവ്യൂ നടത്തി ഓണ്‍സൈഡാണെന്ന് ബോധ്യമായതോടെ ഗോളായി മാറി.

കഴിഞ്ഞ മൂന്ന് വര്‍ഷവും പി എസ് ജിയാണ് ഫ്രഞ്ച് കപ്പ് ചാമ്പ്യന്‍മാര്‍. ഇത്തവണയും സാധ്യത ഏറെയാണ്. ഫൈനലില്‍ എതിരാളികള്‍ മൂന്നാം ഡിവിഷനില്‍ നിന്നുള്ള ലെസ് ഹെര്‍ബിയേഴ്‌സ്.

മെയ് എട്ടിന് ഫൈനല്‍. ലീഗ് വണ്‍ കിരീടം സ്വന്തമാക്കിയ പി എസ് ജി ഇതിനകം ആറ് സീസണുകളില്‍ നിന്നായി പതിമൂന്ന് കിരീടങ്ങള്‍ നേടിയിട്ടുണ്ട്.