Connect with us

Kerala

ഒരു വീട്ടിലെ തുടര്‍ച്ചയായ മരണം: ദൂരുഹതയഴിക്കാന്‍ പോലീസ്

Published

|

Last Updated

തലശ്ശേരി: പിണറായി പടന്നക്കരയിലെ വണ്ണത്താന്‍ വീട്ടില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ നാല് പേര്‍ തുടര്‍ച്ചയായി മരിക്കാനിടയായ സംഭവത്തില്‍ തലശ്ശേരി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. തുടര്‍ച്ചയായി സംഭവിച്ച നാല് മരണങ്ങളുടെ ഭീതി പ്രദേശവാസികളില്‍ നിന്ന് വിട്ടകലുന്നതിനു മുമ്പാണ് ഇതേ വീട്ടിലെ അവശേഷിക്കുന്ന യുവതിയായ സൗമ്യയെ കൂടി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടത്. സൗമ്യയുടെ ആശുപത്രി പ്രവേശം പിടിവള്ളിയാക്കിയാണ് ദൂരൂഹ മരണങ്ങളുടെ ചുരുളഴിക്കാന്‍ തലശ്ശേരി സി ഐ. കെ ഇ പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ ഊര്‍ജിത ശ്രമം നടത്തുന്നത്. യുവതിയില്‍ നിന്നും മൊഴിയെടുത്തിട്ടുണ്ട്. സൗമ്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ദിവസം ഒരാളെ കസ്റ്റഡിയിലെടുത്തതായും വിവരമുണ്ട്.
നാല്‍പ്പത് ദിവസങ്ങള്‍ക്ക് മുമ്പ് ഇതേ വീട്ടില്‍ മരണപ്പെട്ട വടവതി കമലയുടെ പോസ്റ്റ്‌മോര്‍ട്ടം സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ലഭിച്ചില്ലെന്നാണ് ഇതുവരെയുള്ള വിവരം. 2012 ഏപ്രില്‍ മാസത്തില്‍ സൗമ്യയുടെ മകള്‍ ഒരു വയസ്സുകാരി കീര്‍ത്തനയാണ് ഛര്‍ദ്ദി ബാധിച്ച് ആദ്യം മരണപ്പെട്ടത്. പിന്നീട് കീര്‍ത്തനയുടെ സഹോദരി ഒമ്പത് വയസ്സുകാരി ഐശ്വര്യ ഇതേ അവസ്ഥയില്‍ തന്നെ മരിച്ചു. തൊട്ടുപിറകെ കഴിഞ്ഞ മാസം ഏഴിന് വടവതി കമലയും ഏപ്രില്‍ 13ന് കമലയുടെ ഭര്‍ത്താവ് കുഞ്ഞിക്കണ്ണനും മരണപ്പെട്ടു .

വീട്ടിലെ കിണറില്‍ അയേണ്‍, അമോണിയ എന്നിവയുടെ അംശങ്ങള്‍ അളവില്‍ കൂടുതലുണ്ടെന്ന പ്രചാരണം ഇതോടനുബന്ധിച്ച് പ്രചരിപ്പിക്കപ്പെട്ടിരുന്നു. പ്രദേശവാസികളില്‍ ഭൂരിപക്ഷം പേരും പ്രസ്തുത പ്രചാരണത്തില്‍ വസ്തുതകള്‍ ഉണ്ടെന്ന നിഗമനത്തിലുമായിരുന്നു. എന്നാല്‍ വെള്ളത്തിന്റെ പരിശോധനാഫലത്തില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ല. നിലവില്‍ ആശുപത്രിയില്‍ കഴിയുന്ന സൗമ്യയുടെ രക്തസാമ്പിളും മറ്റും വിശദമായി പരിശോധിക്കുന്നുണ്ട്. ഒരു മാസം മുമ്പ് മരിച്ച കമലയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇതുമായി താരതമ്യം ചെയ്താകും അന്വേഷണം പുരോഗമിക്കുക. മുന്‍ മരണങ്ങളുടെ ഫോറന്‍സിക് പരിശോധനാ ഫലങ്ങ ള്‍ രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കുള്ളില്‍ ലഭ്യമാകുന്നമുറക്ക് ശാസ്ത്രീയ അന്വേഷണം തൃപ്തികരമായി നടത്തുമെന്നും പോലീസ് അറിയിച്ചു.

 

Latest