ഭൂമിയും വീടുമില്ലാത്തവരായി ഇപ്പോഴും മൂന്നര ലക്ഷം

സര്‍ക്കാറിന്റെ ലാന്‍ഡ് ബേങ്കിലുള്ളത് 69,991 ഹെക്ടര്‍ ഭൂമി
Posted on: April 20, 2018 6:43 am | Last updated: April 19, 2018 at 11:45 pm

കൊച്ചി: പാവപ്പെട്ടവര്‍ക്കായി നടപ്പാക്കുന്ന ഭവന പദ്ധതികള്‍ ഇഴഞ്ഞു നീങ്ങവെ ഭൂമിയും വീടുമില്ലാത്തവരുടെ എണ്ണം ഇപ്പോഴും മൂന്നര ലക്ഷത്തോളമെന്ന് സര്‍ക്കാര്‍ കണക്ക്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ ഭൂരഹിതര്‍ക്ക് ഭൂമി നല്‍കാനും ഭവനരഹിതര്‍ക്ക് വീട് നല്‍കാനും വിവിധ പദ്ധതികള്‍ നടപ്പാക്കിയെന്നാവര്‍ത്തിക്കുമ്പോഴും ഭൂമിയില്ലാത്തവരുടെ എണ്ണം കുറയുന്നില്ലെന്നാണ് റവന്യൂ വകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
സര്‍ക്കാര്‍ നടത്തിയ സര്‍വെ പ്രകാരം 3,37,598 പേര്‍ ഇപ്പോഴും സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്തവരായാണ് കണ്ടെത്തിയിട്ടുള്ളത്. സ്വന്തം മണ്ണില്‍ വീടെന്ന സ്വപ്‌നം സാധ്യമാകാതെ പോയ ഇവരില്‍ പലര്‍ക്കും സര്‍ക്കാറിന്റെ അഞ്ചോളം ഭവന പദ്ധതികളും സാക്ഷാത്കരിക്കപ്പെടാതെ പോകുകയാണെന്ന് ചൂണ്ടിക്കാട്ടുന്നു. ഭൂമിയുണ്ടായിട്ടും വീടില്ലാത്തവരുടെ എണ്ണം 1,74,956 ആണെന്നും സര്‍ക്കാര്‍ കണക്കുകളില്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്ത് വീടില്ലാത്തവര്‍ക്കായി സര്‍ക്കാര്‍ ആവിഷ്‌കരിച്ചു നടപ്പാക്കുന്ന ലൈഫ് മിഷന്‍ ഉള്‍പ്പടെയുള്ള പദ്ധതികള്‍ കാര്യക്ഷമമായി കൃത്യതയോടെ നടപ്പാക്കാനാകുന്നില്ലെന്ന വിമര്‍ശം ഇതിനിടയില്‍ ഉയര്‍ന്നിട്ടുമുണ്ട്. മൂന്ന് വിഭാഗങ്ങളായാണ് ലൈഫ് മിഷന്‍ ഭവനനിര്‍മാണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്.

ഉപഭോക്താക്കളെ കണ്ടെത്തുന്നതുള്‍പ്പെടെയുള്ള പരിപാടികള്‍ക്ക് കാലതാമസം വന്നതും സാങ്കേതിക കുരുക്കുകളുമാണ് പദ്ധതി വൈകാനിടയാക്കുന്നതെന്നായിരുന്നു അധികൃതരുടെ വിശദീകരണം. ലൈഫ് മിഷന്‍ പദ്ധതി പ്രകാരം പാതിവഴിയില്‍ നിര്‍മാണം നിലച്ച 58,634 വീടിന്റെ പുനര്‍നിര്‍മാണമാണ് ആദ്യഘട്ടം നടപ്പാക്കുന്നത്. ഇതില്‍ 10,309 വീടുകളുടെ പണി പൂര്‍ത്തിയായതായി അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഭൂമിയുണ്ടായിട്ടും വീടില്ലാത്തവര്‍, ഭൂമിയും വീടുമില്ലാത്തവര്‍ എന്നിവയുള്‍പ്പെട്ട മറ്റ് രണ്ട് വിഭാഗത്തിനുള്ള വീടു നിര്‍മാണം ഈ വര്‍ഷം ഏപ്രില്‍ ആദ്യം ആരംഭിക്കുമെന്ന് ചൂണ്ടിക്കാട്ടിയെങ്കിലും ഇതിന്റെ നടപടിക്രമങ്ങളും പലയിടത്തും തുടങ്ങിയിട്ടില്ലെന്നാണ് ആക്ഷേപം. പട്ടിക വര്‍ഗ, പട്ടികജാതി മഖലകൡലാണ് ഭൂരഹിത- ഭവനരഹിതര്‍ ഏറെയുള്ളത്.

ആദിവാസി- മത്സ്യത്തൊഴിലാളി മേഖലകളിലാണ് കൂടുതല്‍ ഭവനരഹിതരുള്ളത്. ഇവര്‍ക്ക് സ്വന്തമായി ലഭിച്ച വീടുകള്‍ പലതും ചുരുങ്ങിയ കാലംകൊണ്ട്് നശിച്ചു. പലരും താമസിക്കുന്നത് താത്കാലിക കൂരകളിലാണ്. അതേസമയം, സര്‍ക്കാറിന്റെ ലാന്‍ഡ് ബേങ്കില്‍ 69,991.255 ഹെക്ടര്‍ ഭൂമിയുണ്ടെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്.

തിരുവനന്തപുരം 1017.4593, കൊല്ലം 3505. 3991, പത്തനംതിട്ട 1684.4483, ആലപ്പുഴ 1394.4047,കോട്ടയം 3656.3755, ഇടുക്കി 51077.7997, എറണാകുളം 2176.7744, പാലക്കാട് 739.4891, കണ്ണൂര്‍ 270.0243,കോഴിക്കോട് 464.6029 എന്നിങ്ങനെയാണ് ലാന്റ് ബേങ്കിലുള്ള ഭൂമിയുടെ കണക്ക്. ആവശ്യത്തിന് ഭൂമി സര്‍ക്കാറിന്റെ കൈവശമുണ്ടായിട്ടും ഭൂമിയില്ലാത്തവര്‍ക്ക് ഭൂമി നല്‍കി വീടുണ്ടാക്കി നല്‍കാന്‍ നടപടിയുണ്ടാകുന്നതില്‍ കാലതാമസമുണ്ടാകുന്നുണ്ടെന്നാണ് വിമര്‍ശം. അതിനിടെ സംസ്ഥാന ഭവന നിര്‍മ്മാണബോര്‍ഡിന്റെ കൈവശമുള്ള 42.9833 ഹെക്ടര്‍ സ്ഥലത്ത് ഫ്‌ലാറ്റ് നിര്‍മിച്ച് വാടകയ്ക്ക് നല്‍കാനുള്ള പദ്ധതിക്ക് രൂപം നല്‍കാനും ആലോചനയുണ്ട്. ഒഴിഞ്ഞു കിടക്കുന്ന ഭൂമിയില്‍ ഫഌറ്റ് നിര്‍മിച്ച് വില്‍ക്കാനുള്ള നടപടിയും തയ്യാറാകുന്നുണ്ട്.