ഉത്തര കൊറിയന്‍ നേതാക്കളുമായി കൂടിക്കാഴ്ച പിന്മാറുമെന്ന് ട്രംപിന്റെ ഭീഷണി

Posted on: April 20, 2018 6:16 am | Last updated: April 19, 2018 at 11:19 pm

വാഷിംഗ്ടണ്‍: ഉത്തര കൊറിയന്‍ നേതാക്കളുമായി നടത്താന്‍ നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച റദ്ദാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ ട്രംപ് മുന്നറിയിപ്പ് നല്‍കി. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയും ട്രംപും സംയുക്തമായി നടത്തിയ പത്രസമ്മേളനത്തിനിടെയാണ് അദ്ദേഹം ഭീഷണി മുഴക്കിയത്. ഉത്തര കൊറിയന്‍ നേതാവ് കിം ജോംഗ് ഉന്നുമായുള്ള കൂടിക്കാഴ്ചയെ സംബന്ധിച്ച് ശുഭാപ്തിയുണ്ട്. പക്ഷേ, ഈ കൂടിക്കാഴ്ച ഫലപ്രദമാകാതിരിക്കുകയോ ഒന്നും ഉത്പാദിപ്പിക്കാതിരിക്കുകയോ ചെയ്യുകയാണെങ്കില്‍ മാന്യമായി ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോകുമെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. എല്ലായ്‌പ്പോഴും അയഞ്ഞുനില്‍ക്കാനാണ് താന്‍ താത്പര്യപ്പെടുന്നത്. ഈ വിഷയത്തിലും അയഞ്ഞുനില്‍ക്കും. ഉത്തര കൊറിയ ആണവനിരായുധീകരണത്തിലേക്ക് എത്തുന്നത് വരെ പരമാവധി സമ്മര്‍ദം തുടരുമെന്നും ട്രംപ് വ്യക്തമാക്കി.

പരസ്പരം കൂടിക്കാഴ്ച നടത്താനുള്ള കേവലമൊരു അവസരമല്ല അമേരിക്കയും അന്താരാഷ്ട്ര സമൂഹവും ഉത്തര കൊറിയക്ക് നല്‍കിയിരിക്കുന്നതെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ പറഞ്ഞു. ഫ്‌ളോറിഡയിലെ ട്രംപിന്റെ സ്വകാര്യ റിസോര്‍ട്ടില്‍വെച്ച് രണ്ട് പേരും കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു പത്രസമ്മേളനം. സി ഐ എ ഡയറക്ടര്‍ മൈക് പോംപിയോ അടുത്തിടെ കിം ജോംഗ് ഉന്നുമായി കൂടിക്കാഴ്ച നടത്തിയതായി കഴിഞ്ഞ ദിവസം ട്രംപ് വെളിപ്പെടുത്തിയിരുന്നു.

കൂടിക്കാഴ്ചക്ക് സന്നദ്ധത അറിയിച്ച് ഈ വര്‍ഷം മാര്‍ച്ചില്‍ ഉത്തര കൊറിയ അമേരിക്കയെ ചര്‍ച്ചക്ക് ക്ഷണിച്ചിരുന്നു. വാഗ്ദാനങ്ങള്‍ നിറവേറ്റുകയാണെങ്കില്‍ ചര്‍ച്ചയുമായി മുന്നോട്ടുപോകാമെന്നാണ് അമേരിക്കയുടെ നിലപാട്.