കാസ്‌ട്രോ യുഗത്തിന് സമാപ്തി; ക്യൂബയെ നയിക്കാന്‍ ഇനി മിഗ്വല്‍ ഡയസ് കാനല്‍

Posted on: April 20, 2018 6:09 am | Last updated: April 19, 2018 at 11:17 pm
ക്യൂബന്‍ നാഷനല്‍ അസംബ്ലി തിരഞ്ഞെടുപ്പിന് ശേഷം പുതിയ പ്രസിഡന്റ് മിഗ്വല്‍ ഡയസ് കാനലിനെ ആശിര്‍വദിക്കുന്ന റൗള്‍ കാസ്‌ട്രോ

ഹവാന: മിഗ്വല്‍ ഡയസ് കാനലിനെ ക്യൂബന്‍ നാഷനല്‍ അസംബ്ലി അടുത്ത പ്രസിഡന്റായി തിരഞ്ഞെടുത്തു. ആറ് പതിറ്റാണ്ടിനിടെ കാസ്‌ട്രോ കുടുംബത്തിന് പുറത്തുള്ള ഒരാള്‍ ക്യൂബയുടെ അധികാരത്തിലെത്തുന്നത് ഇതാദ്യമായാണ്. ഇതോടെ ക്യൂബയുടെ കാസ്‌ട്രോ യുഗത്തിന് അന്ത്യം കുറിക്കുകയും ചെയ്തു. ഇന്നലെ നാഷനല്‍ അസംബ്ലിയില്‍ നടന്ന വോട്ടെടുപ്പില്‍ അദ്ദേഹത്തെ ഐകകണ്‌ഠ്യേന തിരഞ്ഞെടുക്കുകയായിരുന്നു. 2013 മുതല്‍ അദ്ദേഹം ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റായി സേവനം ചെയ്തുവരികയായിരുന്നു. 1959ലെ ക്യൂബന്‍ വിപ്ലവത്തിന് ശേഷം ജനിച്ച് പ്രസിഡന്റ് സ്ഥാനത്തെത്തുന്ന ആദ്യത്തെ നേതാവുമാണ് മിഗ്വല്‍ ഡയസ് കാനല്‍.

വോട്ടെടുപ്പ് നടന്ന ശേഷം ഫലപ്രഖ്യാപനം നടത്തുമ്പോള്‍ നാഷനല്‍ അസംബ്ലിയിലെ അംഗങ്ങള്‍ കൈയടിച്ച് ആഹ്ലാദം പ്രകടിപ്പിച്ചു. ഇതിന് ശേഷം മുന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോയുമായി അദ്ദേഹം ഹസ്തദാനം നടത്തുകയും ചെയ്തു. ഇതിന് ശേഷം റൗള്‍ കാസ്‌ട്രോ മിഗ്വല്‍ ഡയസ് കാനലിന്റെ കൈ പിടിച്ച് മുകളിലേക്ക് ഉയര്‍ത്തുകയും ചെയ്തു. 2006 മുതല്‍ റൗള്‍ കാസ്‌ട്രോ ക്യൂബയുടെ പ്രസിഡന്റ് പദവിയിലിരിക്കുകയായിരുന്നു. ഫിദല്‍ കാസ്‌ട്രോ അധികാരമൊഴിഞ്ഞതിനെ തുടര്‍ന്നായിരുന്നു റൗള്‍ കാസ്‌ട്രോ അധികാരമേറ്റത്.

ഏകദേശം ആറ് പതിറ്റാണ്ടിനടുത്ത് ക്യൂബയുടെ അധികാരത്തിലിരുന്നത് കാസ്‌ട്രോ കുടുംബമായിരുന്നു. ക്യൂബന്‍ വിപ്ലവത്തിലൂടെ ലക്ഷക്കണക്കിന് പേരുടെ വീരപുരുഷനായ ഫിദല്‍ കാസ്‌ട്രോ 1959 മുതല്‍ ക്യൂബയുടെ പ്രസിഡന്റ് സ്ഥാനം അലങ്കരിച്ചു. എന്നാല്‍ 2008ല്‍ അനാരോഗ്യം മൂലം ഫിദല്‍ കാസ്‌ട്രോ അധികാരമൊഴിഞ്ഞു. 2016ല്‍ ഫിദല്‍ കാസ്‌ട്രോ അന്തരിക്കുകയും ചെയ്തു. തന്റെ അഞ്ച് വര്‍ഷം നീണ്ടുനില്‍ക്കുന്ന രണ്ട് ഭരണകാലാവധി പൂര്‍ത്തിയാക്കിയാണ് റൗള്‍ കാസ്‌ട്രോ രംഗമൊഴിയുന്നത്. അതേസമയം, 2012 വരെ അദ്ദേഹം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തലവനായി തുടരുമെന്നാണ് സൂചന.