കൂട് വിട്ടെത്തിയവരെ ഇറക്കി ബല്ലാരിയില്‍ കോണ്‍ഗ്രസ് അങ്കം

Posted on: April 20, 2018 6:07 am | Last updated: April 19, 2018 at 11:15 pm

ബെംഗളൂരു: സോണിയ ഗാന്ധിയെ വന്‍ ഭൂരിപക്ഷത്തില്‍ ലോക്‌സഭയിലെത്തിച്ച കര്‍ണാടകയിലെ ബെല്ലാരിയില്‍ ഇത്തവണ പോരാട്ടം കനക്കും. ബെല്ലാരി സിറ്റി, ബെല്ലാരി റൂറല്‍ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് ബെല്ലാരി. ബി ജെ പിയില്‍ നിന്ന് രാജിവെച്ചെത്തിയ നേതാക്കളെയാണ് രണ്ട് മണ്ഡലങ്ങളിലും ഇത്തവണ കോണ്‍ഗ്രസ് കളത്തിലിറക്കുന്നത്. ബെല്ലാരി സിറ്റിയിലാകട്ടെ 2013ലെ സ്ഥാനാര്‍ഥികളെ തന്നെ ബി ജെ പിയും കോണ്‍ഗ്രസും നിലനിര്‍ത്തി.

ബെല്ലാരി സിറ്റിയില്‍ ബി ജെ പിക്ക് വേണ്ടി കഴിഞ്ഞ തവണ മത്സരിച്ച ജി സോമശേഖര റെഡ്ഡി മത്സരിക്കുമ്പോള്‍ കോണ്‍ഗ്രസ് സിറ്റിംഗ് എം എല്‍ എ അനില്‍ എച്ച് ലാഡ് തന്നെയാണ് എതിരാളി. 2008ല്‍ ബി ജെ പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നതാണ് അനില്‍ ലാഡ്. ഇത്തവണ സോമശേഖര റെഡ്ഡിയിലൂടെ മണ്ഡലം തിരിച്ചുപിടിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ബി ജെ പി. റെഡ്ഡി സഹോദരന്മാരില്‍ ഒരാളാണ് സോമശേഖര. ഇവരില്‍ പ്രധാനിയായ ജനാര്‍ദന റെഡ്ഡിക്ക് ബെല്ലാരിയില്‍ പ്രവേശിക്കുന്നതിന് വിലക്കുണ്ട്. ഇവരുടെ അടുത്ത സുഹൃത്ത് ശ്രീരാമലുവാണ് നേതൃത്വത്തില്‍ സമ്മര്‍ദം ചെലുത്തി സോമശേഖര റെഡ്ഡിക്ക് സീറ്റ് ഉറപ്പാക്കിയത്. ജനാര്‍ദന റെഡ്ഡിക്ക് ജാമ്യം കിട്ടാന്‍ ജഡ്ജിക്ക് കൈക്കൂലി നല്‍കാന്‍ ശ്രമിച്ച കേസില്‍ പ്രതിയാണ് സോമശേഖര റെഡ്ഡി. ഇപ്പോള്‍ ജാമ്യത്തിലാണ്.

ബെല്ലാരി റൂറലിലും പഴയ ബി ജെ പി നേതാവാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. അടുത്തിടെ ബി ജെ പി വിട്ടെത്തിയ ബി നാഗേന്ദ്രയാണ് അത്. ബെല്ലാരിയിലെ ബി ജെ പി. എം പി ശ്രീരാമലുവിന്റെ അനുയായിയായിരുന്നു നാഗേന്ദ്ര. സന്ന ഫക്കീരപ്പയാണ് ഇവിടെ ബി ജെ പി സ്ഥാനാര്‍ഥി. നാഗേന്ദ്ര കളത്തിലിറങ്ങിയതോടെ മണ്ഡലം ശ്രദ്ധാകേന്ദ്രമായി മാറി. സിറ്റിംഗ് എം പി ശ്രീരാമലുവിനെ ഇവിടെ ബി ജെ പി ആദ്യം പരിഗണിച്ചെങ്കിലും അദ്ദേഹത്തിന് ചിത്രദുര്‍ഗ ജില്ലയിലെ മൊളകല്‍മുരുവിലാണ് സീറ്റ് അനുവദിച്ചത്.

യെദ്യൂരപ്പ പത്രിക നല്‍കി

ബെംഗളൂരൂ: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ശിക്കാരിപുര മണ്ഡലത്തില്‍ മത്സരിക്കുന്ന ബി ജെ പി സംസ്ഥാന പ്രസിഡന്റും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുമായ ബി എസ് യെദ്യൂരപ്പ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഇന്നലെ രാവിലെ ശിക്കാരിപ്പുരയിലെ താലൂക്ക് ഓഫീസിലെത്തിയാണ് അദ്ദേഹം പത്രിക സമര്‍പ്പിച്ചത്. കേന്ദ്രമന്ത്രി അനന്ത് കുമാര്‍, ഛത്തീസ്ഗഢ് മുഖ്യമന്ത്രി രമണ്‍ സിംഗ്, ബി രാഘവേന്ദ്ര എം എല്‍ എ തുടങ്ങിയവര്‍ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ബി ജെ പി നേതാവ് കെ എസ് ഈശ്വരപ്പ ശിവമൊഗ മണ്ഡലത്തിലും ബി രമാനാഥ റൈ ബണ്ട്വാള്‍ മണ്ഡലത്തിലും ഇന്നലെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. സംസ്ഥാന ഊര്‍ജ മന്ത്രി ഡി കെ ശിവകുമാര്‍ കനകപുര മണ്ഡലത്തിലും പത്രിക സമര്‍പ്പിച്ചു.