ശ്രീജിത്തിന്റെ കസ്റ്റഡിമരണം: തങ്ങളെ ബലിയാടാക്കിയെന്ന് അറസ്റ്റിലായ പോലീസ് ഉദ്യോഗസ്ഥര്‍

Posted on: April 19, 2018 2:51 pm | Last updated: April 19, 2018 at 2:51 pm

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ തങ്ങളെ ബലിയാടാക്കിയെന്ന് അറസ്റ്റിലായ റൂറല്‍ ടൈഗര്‍ ഫോഴ്‌സിലെ (ആര്‍ടിഎഫ്) അംഗങ്ങളുടെ വെളിപ്പെടുത്തല്‍. സന്തോഷ് കുമാര്‍, ജിതിന്‍ രാജ്, സുമേഷ് എന്നിവരാണ് പോലീസിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചത്. ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശം മൂലമാണ് തങ്ങള്‍ ശ്രീജിത്തിനെ അറസ്റ്റ് ചെയ്തതതെന്നും തങ്ങളെ കരുവാക്കി യഥാര്‍ത്ഥ കുറ്റക്കാര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെന്നും ഇവര്‍ ആരോപിക്കുന്നു.

സിഐയുടേയും എസ്പിയുടേയും നിര്‍ദേശ പ്രകാരമാണ് തങ്ങള്‍ ശ്രീജിത്തിനെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ശ്രീജിത്തിനെ വരാപ്പുഴ പോലീസിന്റെ വാഹനത്തില്‍ വാഹനത്തില്‍ കയറ്റിവിട്ടു. പോലീസില്‍ ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ക്ക് എന്തെങ്കിലും പ്രശ്‌നം വന്നാല്‍ താഴേക്കിടയിലുള്ള ഉദ്യോഗസ്ഥരെ ബലിയാടാക്കും. ഇതു പോലീസില്‍ കാലാകാലങ്ങളായി നടക്കുന്ന കാര്യമാണ്. ഇവിടെ സംഭവിച്ചതും ഇതു തന്നെയാണ്. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സമ്മര്‍ദം മൂലമാണ് തങ്ങള്‍ ശ്രീജിത്തിനെ പിടികൂടിയത്. എന്നാലൊടുവില്‍ തങ്ങള്‍ ബലിയാടുകളാകുകയായിരുന്നു.

ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായ പങ്കുണ്ട്. കേസില്‍ വ്യക്തമായ അന്വേഷണം നടത്തണമെന്ന് ഡിജിപിയോടും മുഖ്യമന്ത്രിയോടും തങ്ങള്‍ ആവശ്യപ്പെടുകയാണ്. ഇതു സംബന്ധിച്ച് നുണ പരിശോധനക്ക് വിധേയരാകാനും തങ്ങള്‍ തയ്യാറാണ്. മരിച്ച ശ്രീജിത്തിന്റെ കുടുംബത്തിനൊപ്പം തങ്ങള്‍ക്കും നീതി ലഭിക്കണണെന്നും ഇവര്‍ പറയുന്നു.