Connect with us

Kerala

ശ്രീജിത്തിന്റെ കസ്റ്റഡിമരണം: കുറ്റവാളികള്‍ രക്ഷപ്പെടില്ലെന്ന് ഡിജിപി

Published

|

Last Updated

തിരുവനന്തപുരം: വാരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തിന് ഉത്തരവാദികളായ ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. കേസില്‍ സത്യസന്ധവും ശാസ്ത്രീയവുമായ അന്വേഷണം നടക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രാഥമിക തെളിവുകള്‍ പ്രകാരം മാത്രമാണ് മൂന്ന് പോലീസുകാരെ അറസ്റ്റ് ചെയ്തത്. കൂടുതല്‍ അന്വേഷണം നടന്നാല്‍ മാത്രമാണ് മറ്റ് പ്രതികളെക്കുറിച്ച് വ്യക്തതയുണ്ടാകൂ. തങ്ങള്‍ നിരപരാധികളാണെന്ന് അറസ്്റ്റിലായ ഉദ്യോഗസ്ഥര്‍ പറയുന്ന വീഡിയോ അന്വേഷണ സംഘത്തിന് കൈമാറും. ആലുവ റൂറല്‍ എസ്പി എ വി ജോര്‍ജിനെതിരായ ശ്രീജിത്തന്റെ കുടുംബത്തിന്റെ പരാതി പരിഗണിക്കുമെന്നും ബെഹ്‌റ കൂട്ടിച്ചേര്‍ത്തു. പോലീസ് ഉന്നതതല യോഗത്തിന് മുന്നോടിയായി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അപ്രഖ്യാപിത ഹര്‍ത്താല്‍ വര്‍ഗീയ വിദ്വേഷം ലക്ഷ്യമിട്ടാണന്നും സംസ്ഥാന പോലീസ് മേധാവി പറഞ്ഞു. അത്തരമൊരു പ്രവര്‍ത്തിയും വെച്ചുപൊറുപ്പിക്കില്ല. ആരാണ് ഈ ഹര്‍ത്താലിനു പിന്നില്‍, എവിടെ നിന്നാണ് തുടക്കം എന്നീകാര്യങ്ങള്‍ വിദഗ്ധ സംഘം അന്വേഷിക്കുന്നുണ്ട്. ഈ അന്വേഷണം സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കും. ഇത്തരം സംഭവങ്ങള്‍ നിര്‍ഭാഗ്യകരമാണ്. വര്‍ഗീയ ചേരിതിരിവിലൂടെ കേരളത്തിലെ സൗഹാര്‍ദാന്തരീക്ഷം തകര്‍ക്കാനുള്ള നീക്കം ഒരുതരത്തിലും അനുവദിക്കുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.