Connect with us

Kerala

സംസ്ഥാനത്ത് 251 വിദ്യാലയങ്ങളില്‍ ഇംഗ്ലീഷ് അധ്യാപകരില്ല

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് 251 വിദ്യാലയങ്ങളില്‍ ഇംഗ്ലീഷ് പഠിപ്പിക്കുന്നതിന് യോഗ്യരായ അധ്യാപകരില്ല. സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളാണ് ഇംഗ്ലീഷ് പ്രാവീണ്യമുള്ള അധ്യാപകരുടെ അഭാവം മൂലം ഇംഗ്ലീഷ് ഭാഷാപഠനം അവതാളത്തിലായിരിക്കുന്നത്. വിദ്യാഭ്യാസ വകുപ്പ് തന്നെയാണ് കണക്ക് പുറത്തുവിട്ടത്.

പൊതുവിദ്യാലയങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ് വിവിധ പദ്ധതികളുമായി മുന്നോട്ട് പോകുന്നതിനിടെയാണ് സംസ്ഥാനത്തെ വിവിധ ജില്ലകളിലായി നിരവധി വിദ്യാലയങ്ങളില്‍ ഇംഗ്ലീഷ് അധ്യാപകരുടെ കുറവ് അനുഭവപ്പെടുന്നത്. നിലവില്‍ ഈ സ്‌കൂളുകളില്‍ കണക്കും സയന്‍സും സാമൂഹ്യശാസ്ത്രവുമൊക്കെ പഠിപ്പിക്കുന്ന അധ്യാപകരാണ് ഇംഗ്ലീഷും പഠിപ്പിക്കുന്നത്. മലയാളം, ഹിന്ദി, അറബിക് തുടങ്ങിയ ഭാഷകളൊക്കെ ഹൈസ്‌കൂള്‍ തലത്തില്‍ ഭാഷാവിഷയങ്ങളാക്കി കണക്കാക്കുമെങ്കിലും ഇംഗ്ലീഷിനെ കോര്‍ സബ്ജക്ടായിട്ടാണ് കണക്കാക്കുന്നത്. അതായത് കണക്കും സയന്‍സും സാമൂഹ്യശാസ്ത്രവും പോലുള്ള ഒരു വിഷയമാണ് ഇംഗ്ലീഷും. 2002 വരെ ഇംഗ്ലീഷ് പഠിപ്പിക്കാനായി സംസ്ഥാനത്ത് ഒരിടത്തും പ്രത്യേക അധ്യാപകരെ നിയമിച്ചിരുന്നില്ല. മറ്റ് വിഷയങ്ങളില്‍ ബിരുദവും ബി എഡുമുള്ളവര്‍ ഇംഗ്ലീഷും പഠിപ്പിച്ചുപോന്നു.

പൊതുവിദ്യാലയങ്ങളിലെ ഇംഗ്ലീഷ് അധ്യാപന നിലവാരം മോശമാണെന്ന വിലയിരുത്തലിനെ തുടര്‍ന്ന് 2002ലാണ് ഇംഗ്ലീഷ് ഭാഷാപഠനത്തിനായി പ്രത്യേക അധ്യാപകരെ നിയമിക്കാന്‍ തീരുമാനിച്ചത്. ഇംഗ്ലീഷില്‍ ബിരുദവും ബി എഡും ഉള്ളവരെ പ്രത്യേകം നിയമിക്കണമെന്ന് അന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും അഞ്ച് ഡിവിഷനുകളെങ്കിലുമുള്ള സ്‌കൂളുകളില്‍ മാത്രമാക്കി പരിമിതപ്പെടുത്തുകയായിരുന്നു. ഇതോടെയാണ് ഡിവിഷനുകള്‍ അഞ്ചില്‍ കുറവുള്ള 251 സ്‌കൂളുകള്‍ പുറത്തായത്.

പ്രത്യേകം അധ്യാപകര്‍ വേണമെന്നാവശ്യപ്പെട്ട് നിരവധി സ്‌കൂളുകളിലെ അധ്യാപക- രക്ഷാകര്‍തൃ സമിതികളും പല കാലങ്ങളിലായി സര്‍ക്കാറിനെ സമീപിച്ചിട്ടുണ്ട്. നിലവില്‍ എട്ട്, ഒമ്പത്, പത്ത് ക്ലാസുകളില്‍ ആഴ്ചയില്‍ മൂന്ന് പിരിയഡുകളാണ് ഇംഗ്ലീഷ് പഠിപ്പിക്കുന്നത്. എന്നാല്‍ പ്രശ്‌നം പരിഹരിക്കണമെങ്കില്‍ ഈ സ്‌കൂളുകളിലെല്ലാം പുതിയ തസ്തികകള്‍ പുതുതായി സൃഷ്ടിക്കേണ്ടിവരും. സ്വകാര്യവിദ്യാലയങ്ങളിലേക്ക് കുട്ടികളെ അയക്കാന്‍ രക്ഷിതാക്കളെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകമാണ് ഇംഗ്ലീഷ് ഭാഷാപഠനം.

Latest