തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ച്: അഭിപ്രായം തേടി നിയമ കമ്മീഷന്‍

Posted on: April 19, 2018 6:05 am | Last updated: April 19, 2018 at 12:00 am

ന്യൂഡല്‍ഹി: ലോക്‌സഭ- നിയമസഭ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുന്നത് സംബന്ധിച്ച് നിയമ ഭേദഗതി കൊണ്ടുവരുന്നതിന് രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്‍പ്പെടയുള്ള കക്ഷികളില്‍ നിന്ന് നിയമ കമ്മീഷന്‍ അഭിപ്രായം തേടുന്നു. വിഷയത്തില്‍ അഭിപ്രായം ആരാഞ്ഞ് ഭരണഘടന വിദഗ്ധര്‍, അക്കാദമിക് രംഗത്തെ പ്രമുഖര്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് അഭിപ്രായം അറിയിക്കാനുള്ള അവസരം നല്‍കുമെന്ന് നിയമ കമ്മീഷന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. അടുത്ത മാസം എട്ടിന് അഭിപ്രായങ്ങള്‍ ലഭിക്കണമെന്നും നിയമ കമ്മീഷന്‍ ചെയര്‍മാന്‍ ബി എസ് ചൗഹാന്‍ പറഞ്ഞു.

സ്വാതന്ത്ര്യത്തിന് ശേഷം രണ്ട് പതിറ്റാണ്ട് രാജ്യത്ത് ഒരുമിച്ച് തിരഞ്ഞെടുപ്പുകള്‍ നടത്തിയിരുന്നുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. എന്നാല്‍, 1968ലും 1969ലും ചില സംസ്ഥാന നിയമസഭകള്‍ പിരിച്ചുവിട്ടതും പിന്നാലെ ലോക്‌സഭ പിരിച്ചുവിട്ടതുമാണ് തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുന്നതിന് പ്രതിസന്ധിയാത്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുന്നതിനുള്ള നിര്‍ദേശം നീതി ആയോഗ് മുന്നോട്ടുവെക്കുകയായിരുന്നു. രണ്ട് മാസം മുമ്പ് പ്രധാനമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടതായി രാഷ്ട്രപതിയും വ്യക്തമാക്കിയിരുന്നു.