നോട്ട് ക്ഷാമം പരിഹരിക്കണം

Posted on: April 19, 2018 6:00 am | Last updated: April 18, 2018 at 10:53 pm

നോട്ട് നിരോധനം പ്രാവര്‍ത്തികമായി പതിനേഴ് മാസം പിന്നിട്ടിട്ടും ദുരിതങ്ങള്‍ വിട്ടൊഴിഞ്ഞില്ലെന്ന് രാജ്യത്ത് കാലിയായ എ ടി എമ്മുകളില്‍ തൂങ്ങുന്ന ബോര്‍ഡുകള്‍ വിളിച്ചു പറയുകയാണ്. നോട്ട് നിരോധത്തിനെതിരെ ധനകാര്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയ പ്രത്യാഘാതങ്ങള്‍ സാമ്പത്തിക രംഗത്ത് തുടരുകയാണ്. ഏറ്റവുമൊടുവില്‍ രാജ്യത്ത് കറന്‍സി ക്ഷാമം വീണ്ടും ജനങ്ങളെ വലക്കുന്നതായാണ് റിപ്പോര്‍ട്ട്. നിരവധി സംസ്ഥാനങ്ങളിലെ എ ടി എമ്മുകളില്‍ പണമില്ലാതായി. നോട്ട് ക്ഷാമം ദിവസം തോറും കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുകയാണ്. ധനകാര്യ മന്ത്രാലയത്തിനും സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യക്കും പരോക്ഷമായെങ്കിലും പ്രതിസന്ധി സമ്മതിക്കേണ്ടി വന്നിരിക്കയാണ്. ഇനി എത്രനാള്‍ക്കകം പരിഹാരം കാണാനാവുമെന്നതാണ് ആശങ്കയോടെ ജനം ഉറ്റുനോക്കുന്നത്. ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ബിഹാര്‍, യുപി, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, ആന്ധ്രപ്രദേശ്, തെലങ്കാന, കര്‍ണാടക, അസാം, ഡല്‍ഹി, ഹരിയാന അടക്കമുള്ള സംസ്ഥാനങ്ങളിലാണ് ക്ഷാമം നേരിടുന്നത്. മറ്റ് സംസ്ഥാനങ്ങളിലും എ ടി എം ഉടനെ കാലിയാവുമെന്ന ഭീതിയില്‍ പണം പൂഴ്ത്തിവെക്കല്‍ തുടങ്ങിയാല്‍ നോട്ട് ക്ഷാമം രൂക്ഷമാവുമെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. നോട്ട് റദ്ദാക്കലിനെത്തുടര്‍ന്നുണ്ടായതു പോലെയുള്ള ക്ഷാമമാണ് ഇപ്പോള്‍ രൂപപ്പെട്ടത്. നോട്ട് അച്ചടി അഞ്ചിരട്ടിയാക്കി പ്രതിസന്ധി പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുമ്പോഴും രാജ്യത്ത് കാര്‍ഷികോത്പന്നങ്ങളുടെ സംഭരണം തുടങ്ങിയിരിക്കെ കറന്‍സി ക്ഷാമം നേരിടുന്നത് കര്‍ഷകരെയും ഭൂഉടമകളെയും കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.
ഒരാഴ്ചയിലധികമായി എ ടി എമ്മുകളില്‍ ആവശ്യത്തിന് കറന്‍സി ലഭിക്കാത്തതിനെ തുടര്‍ന്ന് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ആന്ധ്ര, തെലങ്കാന എന്നീ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും നൂറുകണക്കിന് എ ടി എമ്മുകള്‍ക്കു മുന്നില്‍ പണമില്ല, പ്രവര്‍ത്തന രഹിതം തുടങ്ങിയ ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിട്ടും പ്രാദേശിക പ്രശ്‌നമോ എ ടി എം തകരാറോ ആയാണ് പലരും കണ്ടത്. ഒരാഴ്ച പിന്നിട്ടപ്പോഴാണ് ആളുകള്‍ ബേങ്കുകള്‍ കയറിയിറങ്ങിയത്. കറന്‍സി ക്ഷാമമാണ് പ്രശ്‌നമെന്ന് ബോധ്യപ്പെട്ടതോടെയാണ് ആളുകള്‍ പണത്തിനായി പരക്കം പായുകയാണ്. ഉത്തരേന്ത്യയില്‍ പല എ ടി എം കൗണ്ടറുകളും അടച്ചിട്ടു. കറന്‍സിക്കായി ബേങ്കുകള്‍ക്കു മുന്നില്‍ നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടു. നോട്ടുള്ള എ ടി എമ്മുകളില്‍ പതിനായിരം രൂപക്കു മുകളില്‍ പിന്‍വലിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുമുണ്ട്.

നോട്ട് ക്ഷാമത്തില്‍ പൊതുജനങ്ങളും പ്രതിപക്ഷ നേതാക്കളും കേന്ദ്രസര്‍ക്കാറിനെതിരേ രൂക്ഷമായാണ് പ്രതികരിച്ചിരിക്കുന്നത്. സാമ്പത്തിക കെടുകാര്യസ്ഥതയും ബേങ്കിംഗ് കുംഭകോണവും കൊടികുത്തി വാഴവെ രാജ്യത്തെ ബേങ്കിംഗ് സംവിധാനം തകര്‍ത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടികളാണ് ഇപ്പോഴത്തെ നോട്ട് ക്ഷാമത്തിലേക്കു വഴിതെളിച്ചതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഇതര നേതാക്കളും കുറ്റപ്പെടുത്തുന്നു.

എന്നാല്‍ ക്ഷാമം താത്കാലികം ആണെന്നും ആശങ്ക വേണ്ടെന്നും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവകാശപ്പെടുന്നു. പെട്ടെന്ന് അസാധാരണമായി കറന്‍സിക്ക് ആവശ്യം കൂടിയതു മൂലം ഉണ്ടായ താത്കാലിക ക്ഷാമം വേഗത്തില്‍ പരിഹരിക്കുമെന്ന് ധനമന്ത്രി പറയുമ്പോഴും മുന്‍കാല അനുഭവത്തിന്റെ വെളിച്ചത്തില്‍ ബേങ്കിംഗ് മേഖല ഇത് പൂര്‍ണമായും മുഖവിലക്കെടുക്കുന്നില്ല.

റിസര്‍വ് ബേങ്ക് ഓഫീസുകളിലും വിവിധ ബേങ്കുകളുടെ കറന്‍സി ചെസ്റ്റുകളിലും ആവശ്യത്തിനു കറന്‍സി ഉണ്ടെന്നു റിസര്‍വ് ബേങ്ക് അവകാശപ്പെടുന്നു. നോട്ട് അച്ചടി അഞ്ചിരട്ടി കൂട്ടാന്‍ തീരുമാനിച്ചിരിക്കയാണ് റിസര്‍വ് ബേങ്ക്. ഇനിമുതല്‍ ദിവസവും 2,500 കോടി രൂപക്കുള്ള 500 രൂപ നോട്ടുകളാണ് അച്ചടിക്കേണ്ടത്. എന്നാല്‍ 2000 രൂപയുടെ കറന്‍സി അച്ചടി പുനരാരംഭിക്കാന്‍ ഇനിയും സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. കറന്‍സി ക്ഷാമത്തിന് കാരണമായി ചിലര്‍ ഇത് ചൂണ്ടിക്കാണിക്കുന്നുണ്ട്.

നികുതിയും പിഴയും ഒടുക്കാതെ വ്യവഹാരം നടത്തുന്നവരും ബേങ്കുകളില്‍ നിന്ന് കോടികള്‍ തട്ടുന്നവരും രാജ്യത്ത് നിന്ന് കോടികള്‍ വിദേശത്തെത്തിക്കുന്നവരും യഥേഷ്ടം വിഹരിക്കുമ്പോഴും അവര്‍ക്ക് മൂക്കുകയറിടാനോ പിടികൂടാനോ നട്ടെല്ലുള്ള ഭരണാധികാരികള്‍ ഇനിയും പിറവി കൊണ്ടിട്ടില്ല. സുപ്രീം കോടതി കള്ളപ്പണക്കാരുടെ പട്ടിക ആവശ്യപ്പെട്ടപ്പോള്‍ അവരുടെ പേര് വെളിപ്പെടുത്തരുതെന്നും സീല്‍ വെച്ച കവറില്‍ മാത്രമേ പട്ടിക സമര്‍പ്പിക്കുകയുള്ളൂവെന്നും ശഠിച്ച ഭരണാധികാരികളാണ് നാട് ഭരിക്കുന്നത്. വെട്ടിപ്പുകാരില്‍ നിന്നും കള്ളപ്പണക്കാരില്‍ നിന്നും കൊള്ളപ്പണം പിടിച്ചെടുത്ത് രാജ്യ ഖജനാവിലേക്ക് കണ്ടുകെട്ടുകയാണ് വേണ്ടത് . ഇതിന് പകരം സാധാരണക്കാരനെ പിഴിയുകയാണ് ഭരണകൂടം.

കറന്‍സി ക്ഷാമം പരിഹരിക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ ജാഗ്രത്താവേണ്ടിയിരിക്കുന്നു. നോട്ട് നിരോധന കാലത്തെ ബുദ്ധിമുട്ടുകള്‍ ആവര്‍ത്തിക്കാതിരിക്കാനും പണത്തിന്റെ ശരിയായ രീതിയിലുള്ള ഒഴുക്കും സാമ്പത്തിക വ്യാവഹാരങ്ങളും സുഗമമായി നടക്കാന്‍ കാര്യക്ഷമമായ നടപടികളാണ് അനിവാര്യം. കറന്‍സി ലഭ്യതയുള്ള സംസ്ഥാനങ്ങളില്‍ നിന്ന് ക്ഷാമം നേരിടുന്ന സംസ്ഥാനങ്ങളിലേക്ക് നോട്ടുകള്‍ കൈമാറാന്‍ റിസര്‍വ് ബേങ്ക് നടപടി സ്വീകരിക്കുകയാണ് ഇതില്‍ പ്രധാനം. ഒപ്പം പൊടുന്നനെയുള്ള നോട്ട് ക്ഷാമത്തിന്റെ യഥാര്‍ഥ കാരണങ്ങള്‍ കണ്ടെത്തുകയും ഇവ പരിഹരിക്കുന്നതിന് ദ്രുതഗതിയില്‍ നടപടി സ്വീകരിക്കുകയുമാണ് വേണം.