Connect with us

National

കോണ്‍ഗ്രസിനെ തൊടാതെ, ബി ജെ പിയെ കടന്നാക്രമിച്ച് യെച്ചൂരി

Published

|

Last Updated

ഹൈദരാബാദ്: കോണ്‍ഗ്രസ് ബന്ധം സംബന്ധിച്ച നിലപാടില്‍ വിട്ടുവീഴ്ചയില്ലെന്ന സൂചനയുമായി സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കോണ്‍ഗ്രസിനെ വിമര്‍ശിക്കാതെയും എന്നാല്‍, ബി ജെ പിയെ കടന്നാക്രമിച്ചുമായിരുന്നു യെച്ചൂരിയുടെ പാര്‍ട്ടി കോണ്‍ഗ്രസ് ഉദ്ഘാടന പ്രസംഗം. കോണ്‍ഗ്രസിന്റെ നവലിബറല്‍ നയങ്ങള്‍ സി പി എം സമ്മേളനങ്ങളില്‍ മുഖ്യപരാമര്‍ശമാകാറുണ്ടെങ്കിലും പ്രസംഗത്തില്‍ അതുണ്ടായില്ല. ബി ജെ പിയെ നേരിടാന്‍ വിശാല മതേതര മുന്നേറ്റം എന്ന ആവശ്യം മുന്നോട്ടുവെക്കുകയും ചെയ്തു. ആര്‍ എസ് എസ് നടത്തുന്ന ഓരോ അക്രമവും എടുത്തുകാട്ടിയ യെച്ചൂരി കേരളത്തിനെതിരെ നടക്കുന്ന തെറ്റായ പ്രചാരണങ്ങളും പരാമര്‍ശിച്ചു.

ബലാത്സംഗത്തെ വര്‍ഗീയ ധ്രുവീകരണത്തിന് ഉപയോഗിക്കുന്ന സര്‍ക്കാറാണ് രാജ്യം ഭരിക്കുന്നത്. മതേതര ജനാധിപത്യവും ജനങ്ങളും ബി ജെ പിയില്‍ നിന്ന് കനത്ത വെല്ലുവിളി നേരിടുന്നു. എന്തുകഴിക്കണമെന്നും ആരോട് സംസാരിക്കണമെന്നും കൂട്ടുകൂടണമെന്നുമെല്ലാം ആര്‍ എസ് എസ് തീരുമാനിക്കുകയാണ്. സാമൂഹിക ക്രമം പോലും തങ്ങളുടെ വരുതിയിലാക്കുകയാണ്. ഗോ സംരക്ഷണത്തിന്റെ പേരില്‍ മുസ്‌ലിംകളും ദളിതരും ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നത് വ്യാപകമായി കൊണ്ടിരിക്കുന്നുവെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.

സംസ്ഥാന സര്‍ക്കാറിനെതിരെ ദേശീയ തലത്തില്‍ ആര്‍ എസ് എസ് നടത്തുന്ന പ്രചാരണങ്ങളും യെച്ചൂരി പരാമര്‍ശിച്ചു. കേരളത്തില്‍ എല്‍ ഡി എഫ് പ്രവര്‍ത്തകരെ ആര്‍ എസ് എസ്, ബി ജെ പി സംഘം ആക്രമിക്കുകയാണ്. സി പി എം അക്രമം നടത്തുന്നുവെന്ന പ്രചാരണം ചെറുത്ത് തോല്‍പ്പിക്കണം.

കത്വ, ഉന്നാവോ സംഭവങ്ങള്‍ രാജ്യത്തിന് നാണക്കേടുണ്ടാക്കി. ഈ സംഭവങ്ങളുടെ അവസാനത്തെ കണ്ണിയായി പുറത്തുവന്ന ഉത്തര്‍ പ്രദേശിലുണ്ടായ പീഡനവും മനുഷ്യത്വമില്ലായ്മയുടെ ക്രൂരമായ കാഴ്ചയാണ് കാണിച്ചുതരുന്നത്. എല്ലാ പുരോഗമന ചിന്തകള്‍ക്കെതിരെയും ആര്‍ എസ് എസ് കടന്നാക്രമണം നടത്തുകയാണ്. ആര്‍ എസ് എസ് കടന്നുകയറ്റങ്ങള്‍ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും വന്‍ ഭീഷണിയാണ് ഉയര്‍ത്തുന്നത്. വര്‍ഗീയധ്രുവീകരണം വഴി സമൂഹിക ഐക്യം ഇല്ലാതാക്കാനാണ് ബി ജെ പി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഭരണഘടനാ സ്ഥാപനങ്ങള്‍, പാര്‍ലിമെന്ററി ജനാധിപത്യം നിലനിര്‍ത്തേണ്ട സ്ഥാപനങ്ങള്‍ എന്നിവയെയെല്ലാം കടന്നാക്രമിച്ച് ജനാധിപത്യവിരുദ്ധ ശക്തികള്‍ക്ക് വഴിയൊരുക്കുകയും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ആജ്ഞാനുവര്‍ത്തികളായി മാറുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇന്ത്യയുടെ സ്വതന്ത്ര വിദേശനയം തള്ളി, യു എസ്- ഇസ്രായേല്‍- ഇന്ത്യ അവിശുദ്ധ ബന്ധം ആഗോള ഇടപെടലുകള്‍ നടത്തുകയാണ്. നവലിബറല്‍ നയങ്ങളിലൂടെ മോദി സര്‍ക്കാര്‍ ജനങ്ങള്‍ക്കിടയില്‍ വലിയ അസമത്വമാണ് സൃഷ്ടിക്കുന്നത്. സംഘപരിവാര കടന്നാക്രമങ്ങള്‍ ചെറുക്കാന്‍ ഇടതു ജനാധിപത്യ ഐക്യത്തെ ശക്തിപ്പെടുത്തണമെന്നും സി പി എമ്മിന് ബി ജെ പിക്കെതിരെ നയപരമായ ബദലായി ഉയരാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തെ ഒരു ശതമാനം പേരിലാണ് 73 ശതമാനം സമ്പത്തും കെട്ടിക്കിടക്കുന്നത്. ഇത് വലിയ അസന്തുലിതാവസ്ഥയാണ് ഉണ്ടാക്കിയത്. യുവാക്കള്‍ക്ക് പ്രതിവര്‍ഷം രണ്ട് കോടി തൊഴില്‍ എന്ന വാഗ്ദാനവും സര്‍ക്കാര്‍ മറന്നു. സംഘടിത മേഖലകളില്‍ വരെ തൊഴില്‍ ക്ഷാമം രൂക്ഷമാണ്. കര്‍ഷകര്‍ക്ക് മിനിമം താങ്ങുവില വാഗ്ദാനം ചെയ്ത ബി ജെ പി അതെല്ലാം വിഴുങ്ങി. നോട്ട് നിരോധവും ജി എസ് ടിയും കോടിക്കണക്കിന് പേരെയാണ് ബാധിച്ചത്. വിദേശ നിക്ഷേപവും സ്വകാര്യവത്കരണവും നടപ്പാക്കാത്ത ഒരു മേഖല പോലും രാജ്യത്തില്ല. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ രണ്ട് രാജ്യവ്യാപക പ്രക്ഷോഭം തൊഴിലാളി വര്‍ഗം നടത്തിയത് യെച്ചൂരി ചൂണ്ടികാട്ടി.

---- facebook comment plugin here -----

Latest