റോഹിംഗ്യന്‍ അഭയാര്‍ഥി ക്യാമ്പിന് തീവെച്ചത് യുവമോര്‍ച്ചാ പ്രവര്‍ത്തകരെന്ന്

Posted on: April 18, 2018 6:14 am | Last updated: April 18, 2018 at 12:20 am

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കാളിന്ദികുഞ്ചിലുള്ള റോഹിംഗ്യന്‍ അഭയാര്‍ഥി ക്യാമ്പിന് തീ വെച്ചത് യുവമോര്‍ച്ചാ പ്രവര്‍ത്തകരാണെന്ന് വെളിപ്പെടുത്തല്‍. മനീഷ് ചന്ദേലയെന്ന യുവമോര്‍ച്ചാ പ്രവര്‍ത്തകന്റെ ട്വീറ്റിലാണ് വെളിപ്പെടുത്തല്‍. മനീഷിന്റെ ട്വീറ്റ് റോഹിംഗ്യകളെ പുറത്താക്കുകയെന്ന ഹാഷ് ടാഗോടെ. ഞായറാഴ്ച പുലര്‍ച്ചെയുണ്ടായ തീപിടിത്തത്തില്‍ രോഹിംഗ്യകളുടെ 44 കുടിലുകളാണ് കത്തിനശിച്ചത്. ഇയാളെ അറസ്റ്റ് ചെയ്യണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ഇതോടെ ട്വീറ്റ് ചന്ദേല ആദ്യം പിന്‍വലിച്ചെങ്കിലും പിന്നീട് റോഹിംഗ്യ ക്വിറ്റ് ഇന്ത്യ എന്ന ഹാഷ് ടാഗുമായി വീണ്ടും പ്രത്യക്ഷപ്പെട്ടു.

തീപിടിത്തത്തില്‍ നശിച്ച 44 കൂടാരങ്ങളിലായി 228 റോഹിംഗ്യന്‍ മുസ്‌ലിംകളാണ് താമസിച്ചിരുന്നത്. 12 ഫയര്‍ഫോഴ്‌സ് സംഘങ്ങളെത്തിയാണ് തീ അണച്ചത്. ഉള്ളതെല്ലാം കത്തിനശിച്ച റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്ക് സന്നദ്ധ സംഘടനകള്‍ ഭക്ഷണവും വെള്ളവും എത്തിക്കുന്നുണ്ട്.
സംഭവത്തിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം.