ടാങ്കറിലെ കുടിവെള്ള വിതരണം: വാഹനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷാ ലൈസന്‍സ് എടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Posted on: April 18, 2018 6:16 am | Last updated: April 17, 2018 at 11:54 pm

തിരുവനന്തപുരം: ടാങ്കര്‍ ലോറികളിലും മറ്റും കുടിവെള്ളം വിതരണം ചെയ്യുന്നവര്‍ ഭക്ഷ്യസുരക്ഷാ നിയമം 2011 പ്രകാരം എഫ് ബി ഒ(ഫുഡ് ബിസിനസ് ഓപറേറ്റര്‍) ലൈസന്‍സ് നിര്‍ബന്ധമായും എടുത്തിരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ലൈസന്‍സെടുക്കാത്ത വാഹന ഉടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും കമ്മീഷന്‍ ആക്ടിംഗ് അധ്യക്ഷന്‍ പി മോഹനദാസ് ഉത്തരവില്‍ പറഞ്ഞു. കുടിവെള്ള വിതരണത്തിന് ഒന്നിലധികം വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ ഓരോ വാഹനത്തിനും പ്രതേ്യകം ലൈസന്‍സ് എടുക്കണമെന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. സ്വന്തമായി വാഹനം ഇല്ലാത്തവര്‍ കുടിവെള്ളം വിതരണം ചെയ്യണമെങ്കില്‍ വാടകവാഹനങ്ങള്‍ക്ക് ലൈസന്‍സെടുക്കണം.

കുടിവെള്ള ടാങ്കറില്‍ കുടിവെള്ളം എന്നും മറ്റാവശ്യങ്ങള്‍ക്കുള്ള ടാങ്കറുകളില്‍ അക്കാര്യവും രേഖപ്പെടുത്തണം. കുടിവെള്ള ടാങ്കറിന് ഉള്‍വശം ബിറ്റുമിനാസ്റ്റിക് കോട്ടിംഗ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം. മാനദണ്ഡം അനുസരിക്കാത്തവരെ ശിക്ഷിക്കണം. ജലഅതോറിറ്റിയുടെ കുടിവെള്ള സ്രോതസ്സുകള്‍ക്ക് എഫ് ബി ഒ ലൈസന്‍സ് നിര്‍ബന്ധമാക്കണം. ജല സ്രോതസ്സിലെ ജലം സര്‍ക്കാര്‍ അംഗീകൃത ലാബില്‍ പരിശോധിച്ച് ശുദ്ധി ഉറപ്പാക്കണമെന്നും ആശുപത്രി, ഹോട്ടല്‍ എന്നിവര്‍ കുടിവെള്ളം വിതരണം ചെയ്യുന്നവരുടെ വിവരങ്ങള്‍ രജിസ്റ്ററില്‍ സൂക്ഷിക്കണമെന്നും കമ്മീഷന്‍ ഉത്തരവില്‍ ചൂണ്ടിക്കാട്ടി. പുറത്ത് നിന്ന് കുടിവെള്ളം വാങ്ങുന്നവര്‍ ഭക്ഷ്യസുരക്ഷാ ലൈസന്‍സുള്ളവരില്‍ നിന്ന് മാത്രം വാങ്ങണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.

വനമേഖലയിലെ പാറമടകളില്‍ നിന്നും വെള്ളം ശേഖരിച്ച് കുടിവെള്ളമെന്ന പേരില്‍ വില്‍ക്കുന്നവര്‍ക്കെതിരെ വനപാലകര്‍ അനേ്വഷണം നടത്തി നടപടിയെടുക്കണം. കെട്ടിടനിര്‍മാണത്തിനാവശ്യമായ വെള്ളം ശേഖരിക്കുന്ന ടാങ്കില്‍ കുടിവെള്ളം ശേഖരിക്കുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കണം. ജലഅതോറിറ്റിയില്‍ നിന്നും കുടിവെള്ളം ശേഖരിച്ചശേഷം കൂടിയ വിലക്ക് മറിച്ചുവില്‍ക്കുന്നവര്‍ക്കെതിരെ ലീഗല്‍ മെട്രോളജി വിഭാഗം നടപടിയെടുക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

മനുഷ്യാവകാശ പ്രവര്‍ത്തകനായ പി കെ രാജു സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. ഭക്ഷ്യസുരക്ഷാ കമ്മീഷണറും ജില്ലാ കലക്ടറും ജല അതോറിറ്റി എം ഡിയും കമ്മീഷനില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.